കുട്ടികളുടെ ദേശീയ ഭിന്നശേഷി സമ്മേളനം മുന്നോട്ടുവെക്കുന്ന ആശയങ്ങൾ നടപ്പിലാക്കുമെന്ന് വി. ശിവൻകുട്ടി

തിരുവനന്തപുരം: സവിശേഷ വിദ്യാഭ്യാസത്തിന് സമഗ്രമായ പുതിയ പാഠ്യപദ്ധതി രൂപപ്പെടുത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഓട്ടിസം, ബുദ്ധിപരമായ വെല്ലുവിളി എന്നിവ നേരിടുന്ന കുട്ടികളുടെ ദേശീയ സമ്മേളനം മന്ത്രി ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷ കേരളവും എസ്.സി.ഇ.ആർ.ടി യും സംയുക്തമായി സംഘടിപ്പിച്ച ഏകദിന ദേശീയ കോൺക്ലേവ് ഇത്തരത്തിൽ ആദ്യത്തേത് ആണ്. ഭിന്നശേഷി ദേശീയ കോൺക്ലേവിലൂടെ മുന്നോട്ടുവരുന്ന ആശയങ്ങൾ കൂടുതൽ മികവോടെയും ഗുണപരമായും സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഈ മേഖലയിൽ ഉൾപ്പെട്ട് വരുന്ന ഓരോ കുട്ടികളെയും പരിഗണിക്കുകയും അംഗീകരിക്കുകയും ബഹുമാനിക്കുകയും വിവേചന രഹിതമായി പെരുമാറുകയും അവസരതുല്യതയും അനുയോജ്യമായ വിദ്യാഭ്യാസവും ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് ഓരോ വ്യക്തികളുടെയും കടമയാണെന്നും മന്ത്രി ഓർമിപ്പിച്ചു.

കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഈ മേഖലയിൽ ഉൾപ്പെട്ട ഒരു ലക്ഷത്തി ഇരുപതിനായിരത്തി മുന്നൂറ്റിനാല്പത്തേഴു കുട്ടികൾ പഠിക്കുന്നുണ്ടെന്നും ക്ലാസ് തലങ്ങളിൽ തന്നെ ഇത്തരം കുട്ടികൾക്ക് അർഹമായ പരിഗണനയും ശ്രദ്ധയും ഗൃഹാധിഷ്ഠിതവുമായ വിദ്യാഭ്യാസം നൽകുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് വിവിധ ഏജൻസികളിലൂടെ പരിശ്രമിച്ചു വരികയാണ്.

ഓട്ടിസം, ബുദ്ധിപരമായ വെല്ലുവിളി എന്നിവ നേരിടുന്ന കുട്ടികളുടെ ഉന്നമനവും വികാസവും കൂട്ടായ രീതിയിൽ സാധ്യമാക്കുന്നതിനുള്ള ഉൾക്കാഴ്ചകൾ പങ്കുവെക്കുന്ന കോൺക്ലേവ് ഈ മേഖലയോടുള്ള സംസ്ഥാനത്തിന്റെ താല്പര്യമാണ് വരച്ചു കാണിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ഡി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു . എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ.കെ സ്വാഗതം പറഞ്ഞു. സംസ്ഥാന ഭിന്നശേഷി കമീഷണർ എസ്.എച്ച് പഞ്ചാപ കേശൻ, ഗോപിനാഥ് മുതുകാട് തുടങ്ങിയവർ സംസാരിച്ചു. സമഗ്ര ശിക്ഷ കേരളം ഡയറക്ടർ ഡോ. സുപ്രിയ എ.ആർ നന്ദി പറഞ്ഞു.

Tags:    
News Summary - V.Shivankutty said that the ideas put forward by the National Conference of Children with Disabilities will be implemented.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.