മുത്തലാഖ് നിയന്ത്രണത്തിന് ഭരണകൂടം ഇടപെടണം –ഹൈകോടതി

കൊച്ചി: ഇന്ത്യയില്‍ വിവാഹമോചനത്തിന് ഏകീകൃത നിയമവും മുത്തലാഖ് നിയന്ത്രിക്കാന്‍ ഭരണകൂടത്തിന്‍െറ ഇടപെടലും ഉണ്ടാകണമെന്ന് ഹൈകോടതി. മത, വ്യക്തി സ്വാതന്ത്ര്യം ഹനിക്കാതെതന്നെ നിയമത്തിന് ദേശീയ ഏകീകൃത രൂപമുണ്ടാക്കാന്‍ ഭരണകൂടം ശ്രമിക്കണമെന്നും സിംഗിള്‍ബെഞ്ച് ഉത്തരവിട്ടു. മുത്തലാഖിലൂടെ ബന്ധം വേര്‍പെടുത്തിയിട്ടും പാസ്പോര്‍ട്ടില്‍നിന്ന് പേര് മാറ്റാന്‍ പാസ്പോര്‍ട്ട് അധികൃതര്‍ തയാറാവുന്നില്ളെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഒരു കൂട്ടം ഹരജികളിലാണ് മുത്തലാഖ് സംബന്ധിച്ച വിധി.

വിവിധ സമുദായങ്ങള്‍ക്കിടയില്‍ ധാരണയാകാത്തതിനാല്‍ പൊതു സിവില്‍കോഡ് മരീചികയായി നില്‍ക്കുകയാണ്. എന്നാല്‍, വിവാഹമോചനത്തിന്‍െറ കാര്യത്തിലെങ്കിലും പൊതുനിയമത്തിന് തടസ്സമില്ല. മതാചാരപ്രകാരമുള്ള വിവാഹനിയമം നിലനിര്‍ത്തിക്കൊണ്ട് പൊതു വിവാഹമോചന നിയമം കൊണ്ടുവരാം. വിവാഹമോചന കാര്യത്തില്‍ നീതി ഉറപ്പാക്കാന്‍ പൊതുനന്മ മുന്‍നിര്‍ത്തിയുള്ള ഏകീകൃതരൂപം പൊതു ആവശ്യമാണ്. ഒത്തുതീര്‍പ്പ്, മധ്യസ്ഥത എന്നീ സാധ്യതകള്‍ കൂടി ഉള്‍പ്പെടുത്തി ദൃഢപ്പെടുത്തി വിവാഹമോചന കാര്യത്തില്‍ ഏകീകൃത നിയമമാകാം. ഇത്തരമൊരു നിയമം ശരീഅത്തിന് വിരുദ്ധമാകുമെന്നത് മിധ്യാധാരണയാണ്.

ഒറ്റയിരിപ്പിലുള്ള മുത്തലാഖിനെതിരെ 1972ല്‍ വിധിവന്ന് 40 വര്‍ഷം കഴിഞ്ഞിട്ടും മുസ്ലീം സ്ത്രീകളുടെ രോദനം കോടതികളില്‍ മുഴങ്ങുകയാണ്. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതാണ് ഇതിന് കാരണം. ചില വ്യക്തികള്‍ മാത്രം എടുക്കുന്ന തീരുമാനത്തിന്‍െറ പേരില്‍ ഒരു സമുദായത്തിലെ സ്ത്രീകളെ കാലങ്ങളോളം ദുരിതമനുഭവിക്കാന്‍ അനുവദിക്കാനാവില്ല. ഇഴപൊട്ടിയ വിവാഹബന്ധം പുന$സ്ഥാപിക്കാന്‍ ശരീഅത്ത് നിയമം നിശ്ചിത കാലയളവ് ദമ്പതികള്‍ക്ക് അനുവദിക്കുന്നുണ്ട്. പവിത്രവും നീതിപൂര്‍വകവുമായ മാര്‍ഗനിര്‍ദേശങ്ങളാണ് ഇക്കാര്യത്തില്‍ ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്നത്.

എല്ലാവരുടെയും അന്തസ്സും സമത്വവും ഉറപ്പാക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തം സര്‍ക്കാറിന്‍െറതാണ്. അതിനാല്‍, മുത്തലാഖിന് നിയന്ത്രണം കൊണ്ടുവരാന്‍ ഭരണകൂടത്തിന്‍െറ ഇടപെടല്‍ ഉണ്ടാകണം. ചെറിയൊരു വിഭാഗം മതപണ്ഡിതരുടെ എതിര്‍പ്പുകാരണമാണ് ഭരണകൂടം പരിഷ്കരണത്തിന് തുനിയാത്തതെന്നാണ് കരുതുന്നത്. ഒരു മതവിഭാഗത്തിന്‍െറ വിശ്വാസത്തിനും ആചാരക്രമങ്ങള്‍ക്കും വിരുദ്ധമാകാത്തവിധം ഒരു മതേതര നിയമം ഉണ്ടാക്കുന്നതിലൂടെ വ്യക്തിനിയമത്തിലും പരിമിതമായ രീതിയില്‍ ഇടപെടാന്‍ ഭരണകൂടത്തിന് കഴിയുമെന്നും കോടതി വ്യക്തമാക്കി. വിധിപ്പകര്‍പ്പ് കേന്ദ്ര നിയമ മന്ത്രാലയത്തിനും ലോ കമീഷനും കൈമാറാനും കോടതി നിര്‍ദേശിച്ചു.

 

Tags:    
News Summary - tripple talaq

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.