മെർക്കുറി കലർന്ന ഫേസ് ക്രീമുകൾ: കർശന പരിശോധനക്ക് മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് മെർക്കുറി അടങ്ങിയ ഫേസ് ക്രീമുകളുടെ വിൽപന കണ്ടെത്തി തടയാൻ കർശന പരിശോധനക്ക് മുഖ്യമന്ത്രി വിഡി സതീശന്റെ ഓഫിസ് നിർദേശം നൽകി. വിപണിയിൽ ലഭ്യമാകുന്ന സൗന്ദര്യവർധക ഉൽപന്നങ്ങളിൽ മെർക്കുറിയുടെ സാന്നിധ്യം പരിശോധിച്ച് നിയമനടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് നിർദേശം കൈമാറിയത്.

ആരോഗ്യ വകുപ്പിലെ മെഡിക്കൽ ഓഫിസറായ ഡോ. കെ. പ്രതിഭ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇടപെടൽ. മെർക്കുറി കലർന്ന ഫേസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് മലപ്പുറത്ത് പതിനേഴുകാരിക്ക് വൃക്ക തകരാറുണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഡോക്ടറുടെ പരാതി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രത്യേക പരിശോധനാ സംഘങ്ങളെ രൂപീകരിച്ച് വിൽപന തടയണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.

കടകളിലൂടെയും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയും വ്യാപകമായി വിറ്റഴിക്കുന്ന വിവിധതരം ഫേസ് ക്രീമുകളിൽ അപകടകരമായ അളവിൽ മെർക്കുറി അടങ്ങിയിട്ടുണ്ടോയെന്ന് ശാസ്ത്രീയമായി പരിശോധിക്കേണ്ടതുണ്ട്. ഇത്തരം ഉൽപന്നങ്ങളുടെ ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുന്ന സാഹചര്യത്തിലാണ് അടിയന്തര നടപടിക്ക് നീക്കം ആരംഭിച്ചത്.

മലപ്പുറത്ത് 17 കാരിയുടെ വൃക്കകളുടെ പ്രവർത്തനം തകരാറിലായി

അമിത അളവിൽ മെർക്കുറി കണ്ടെത്തിയ ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് മലപ്പുറത്താണ് 17 കാരിയുടെ വൃക്കകളുടെ പ്രവർത്തനം തകരാറിലായത്. കൃത്യമായ രോഗനിർണയത്തിലൂടെയും വിദഗ്ധ ചികിത്സയിലൂടെയും ജീവൻ രക്ഷിച്ചതായി അരീക്കോട് ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റൽ അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ‘മെംബ്രനസ് നെഫ്രോപ്പതി’ എന്ന അതിസങ്കീർണ രോഗാവസ്ഥയാണ് പെൺകുട്ടിയെ ബാധിച്ചത്. രക്തത്തിലും ശരീരത്തിലും അപകടകരമാംവിധം മെർക്കുറി കണ്ടെത്തി. തുടർന്ന്, നെഫ്രോളജി വിഭാഗം സീനിയർ സ്പെഷലിസ്റ്റ് ഡോ. എസ്. ഗൗരി നടത്തിയ അന്വേഷണത്തിലാണ് സൗന്ദര്യ വർധക ക്രീമാണ് കാരണമെന്ന് തിരിച്ചറിഞ്ഞത്.

കേന്ദ്ര സർക്കാർ അംഗീകൃത ലബോറട്ടറിയിൽ നടത്തിയ വിദഗ്ധ പരിശോധനയിലാണ് ഈ ഫെയർനെസ് ക്രീമിൽ 1.25 ശതമാനം മെർക്കുറി അടങ്ങിയതായി സ്ഥിരീകരിച്ചത്. സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ മാനദണ്ഡപ്രകാരം സൗന്ദര്യവർധക വസ്തുക്കളിൽ മെർക്കുറി പാടില്ല. അനിവാര്യമായ സാഹചര്യങ്ങളിൽ അളവ് ഒരു പിപിഎമ്മിൽ കൂടരുത്. എന്നാൽ, 12,500 പി.പി.എം മെർക്കുറിയാണ് ക്രീമിൽ കണ്ടെത്തിയത്.

മെർക്കുറി ശരീരത്തിൽ പ്രവേശിച്ചാൽ വൃക്കകളുടെ അരിപ്പകളെ സാരമായി ബാധിക്കുകയും മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടുന്ന ‘നെഫ്രോട്ടിക് സിൻഡ്രോ’മിലേക്കെത്തുകയും ചെയ്യും. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ വൃക്കകളുടെ പ്രവർത്തനം നിലക്കുകയും നാഡീവ്യൂഹത്തെ ബാധിക്കുകയും ചെയ്യും.

വിഷയം ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു. സാമൂഹികമാധ്യമങ്ങളിൽ വൻപ്രചാരം നേടിയ ക്രീം ഓൺലൈൻ വഴിയാണ് വാങ്ങിയതെന്നും ഒരു വർഷത്തോളം ഉപയോഗിച്ചെന്നും കൂടെ പഠിക്കുന്ന കുട്ടികളിൽനിന്ന് അറിഞ്ഞാണ് വാങ്ങിയതെന്നും പെൺകുട്ടി പറഞ്ഞു. കാരണക്കാരായവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും ആവർത്തിക്കാതിരിക്കാൻ സർക്കാർ തലത്തിൽ ഇടപെടൽ വേണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടിരുന്നു. 

Tags:    
News Summary - strict check ordered on mercury face creams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.