കോഴിക്കോട്: കോഓഡിനേഷൻ ഓഫ് ഇസ്ലാമിക് കോളജസ് (സി.ഐ.സി) സെനറ്റ് യോഗം ചൊവ്വാഴ്ച നടക്കും. കഴിഞ്ഞദിവസം കോഴിക്കോട് നടന്ന മുസ്ലിം ലീഗ്-സമസ്ത ചർച്ചയിൽ ധാരണയിലെത്തിയ വിഷയങ്ങൾ ചർച്ചചെയ്യുകയാണ് മുഖ്യ അജണ്ട. സി.ഐ.സി-സമസ്ത പ്രശ്നം രൂക്ഷമാവുകയും അത് സ്ഥാപനങ്ങളുടെ നടത്തിപ്പിനെ ബാധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പാണക്കാട് സാദിഖലി തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും മുൻകൈയെടുത്ത് സമസ്ത നേതൃത്വവുമായി ചർച്ച നടത്തിയത്.
പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള ഫോർമുല സമസ്ത നേതാക്കൾ സാദിഖലി തങ്ങൾക്കുമുമ്പാകെ വെച്ചിട്ടുണ്ട്. സി.ഐ.സി സ്ഥാപനങ്ങൾ പൂർണമായി സമസ്തയുടെ നിയന്ത്രണത്തിൽ വരുംവിധം പുനഃസംവിധാനിക്കുകയാണ് ഫോർമുലയുടെ കാതലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സമസ്തയിൽനിന്ന് വേറിട്ട് സ്വതന്ത്രമായി മുന്നോട്ടുപോകുന്ന സാഹചര്യമുണ്ടാകരുതെന്നും സമസ്ത നേതാക്കൾ നിബന്ധന വെച്ചിട്ടുണ്ട്.
വിഷയത്തിൽ സി.ഐ.സി പ്രസിഡന്റ് കൂടിയായ സാദിഖലി തങ്ങൾക്ക് ഭിന്നാഭിപ്രായമില്ലെങ്കിലും സി.ഐ.സി ഭരണഘടന പ്രകാരം സെനറ്റിന്റെ അംഗീകാരമില്ലാതെ തീരുമാനം പ്രഖ്യാപിക്കാനാകില്ല. സമസ്തക്ക് കീഴൊതുങ്ങി മുന്നോട്ടുപോകാൻ സെനറ്റ് തീരുമാനമെടുത്താൽ പ്രശ്നം അതോടെ അവസാനിക്കും.
എന്നാൽ, സമസ്തയുടെ ഈ നിർദേശം സെനറ്റ് തള്ളിയാൽ സ്വതന്ത്രസ്ഥാപനമായി സി.ഐ.സി മുന്നോട്ടുപോകും. അങ്ങനെ വരുമ്പോൾ പ്രസിഡന്റായി സാദിഖലി തങ്ങൾ തുടരുമോ എന്നതാണ് പ്രശ്നം. എസ്.വൈ.എസ് പ്രസിഡന്റ് കൂടിയായ സാദിഖലി തങ്ങൾക്ക് സമസ്തയുടെ നിർദേശം ലംഘിച്ച് പ്രവർത്തിക്കാനാകില്ല. അങ്ങനെ സാഹചര്യമുണ്ടായാൽ സമസ്തയും ലീഗും തമ്മിലെ പ്രശ്നമായി അത് മാറും.
സാദിഖലി തങ്ങൾ സി.ഐ.സിയിൽനിന്ന് മാറിനിൽക്കുകയും സി.ഐ.സി സ്വതന്ത്രമായി മുന്നോട്ടുപോവുകയും ചെയ്യുക എന്നതാണ് പിന്നീടുള്ള പരിഹാരം. സി.ഐ.സി സെനറ്റ് വിഷയത്തിൽ എന്ത് തീരുമാനമെടുക്കുമെന്നതാണ് ലീഗും സമസ്തയും ഉറ്റുനോക്കുന്നത്. സി.ഐ.സിക്കുകീഴിലെ സ്ഥാപനങ്ങളിലെ രണ്ട് മാനേജ്മെന്റ് പ്രതിനിധികളും രണ്ട് അധ്യാപക പ്രതിനിധികളും ഉൾപ്പെടെ 260ഓളം പേരാണ് സെനറ്റിലുള്ളത്. സെനറ്റ് തീരുമാനമെടുത്തശേഷം സമസ്ത മുശാവറ യോഗം ചേർന്ന് തുടർ നടപടി കൈക്കൊള്ളുമെന്നാണ് അറിയിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.