ശബരിമല സ്ത്രീ പ്രവേശനം ഭരണഘടന ബെഞ്ചിലേക്ക്

ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ് ഭരണഘടന ബെഞ്ചിന് വിടുമെന്ന് സുപ്രീംകോടതി സൂചന നല്‍കി. വാദം കേള്‍ക്കല്‍ അന്ത്യഘട്ടത്തിലത്തെിയ കേസ് നീണ്ടുപോകാന്‍ വഴിയൊരുങ്ങുമെന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് തിങ്കളാഴ്ച  സൂചിപ്പിച്ചത്. മറ്റൊരു നിര്‍ണായക നീക്കത്തില്‍ സ്ത്രീപ്രവേശനത്തിന് അനുകൂലമായി കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാര്‍ സത്യവാങ്മൂലം മാറ്റിയത് നിയമപരമായി നിലനില്‍ക്കുമോ എന്ന കാര്യം നിലവിലെ ബെഞ്ച് തീര്‍പ്പാക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേസ് ഭരണഘടന ബെഞ്ചിന് വിടണോ വേണ്ടയോ എന്ന കാര്യത്തില്‍ വിധിപറയാന്‍ മാറ്റിവെക്കുകയാണെന്ന് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. 

ഇതുവരെ നടത്തിയ വാദം കേള്‍ക്കലെല്ലാം പാഴാകുന്നതിനാല്‍, കേസ് ഭരണഘടനബെഞ്ചിലേക്ക് മാറ്റുന്നതിനെ സ്ത്രീപ്രവേശനത്തിന് വാദിക്കുന്ന ഹരജിക്കാര്‍ എതിര്‍ത്തിരുന്നു. ഇത് അവഗണിച്ചാണ് ഭരണഘടന ബെഞ്ചിന് വിടണമെന്ന ദേവസ്വം ബോര്‍ഡിന്‍െറ വാദം അംഗീകരിക്കുമെന്ന് ജസ്റ്റിസ് ദീപക് മിശ്ര തിങ്കളാഴ്ച സൂചിപ്പിച്ചത്.  കേസില്‍ പുതുതായി കക്ഷിചേരാന്‍ അപേക്ഷ നല്‍കിയവര്‍ക്കെല്ലാം അനുമതി നല്‍കി. വാദങ്ങള്‍ ഒരാഴ്ചക്കകം നല്‍കണം. ഇവ പരിശോധിച്ച് ഭരണഘടന ബെഞ്ച് പരിശോധിക്കേണ്ട കാര്യങ്ങള്‍ എന്താണെന്ന് നിലവിലെ മൂന്നംഗ ബെഞ്ച് തയാറാക്കുമെന്നും ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി. 

2007ല്‍ ഇടതു സര്‍ക്കാര്‍ സ്ത്രീ പ്രവേശനത്തിന് അനുകൂലമായാണ് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. എന്നാല്‍, അതിനെതിരായ നിലപാടാണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. പുതിയ നിലപാട് വ്യക്തമാക്കി അധിക സത്യവാങ്മൂലവും ഐക്യമുന്നണി സര്‍ക്കാര്‍ സമര്‍പ്പിച്ചു. കഴിഞ്ഞവര്‍ഷം ഇടതുസര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ യു.ഡി.എഫ് സത്യവാങ്മൂലം പിന്‍വലിച്ചു. ഒരു സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം മറ്റൊരു സര്‍ക്കാറിന് മാറ്റാന്‍ കഴിയുമോ എന്ന വിഷയത്തിലും ബെഞ്ച് തീര്‍പ്പ് കല്‍പിക്കും. മതവും ആത്മീയതയും ദാര്‍ശനികതയും മതാചാരങ്ങളും വ്യത്യസ്ത കാര്യങ്ങളാണെന്നും സങ്കല്‍പങ്ങളുടെയും സിദ്ധാന്തങ്ങളുടെയും പിറകെ പോകാനാവില്ളെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. ശബരിമലയിലെ മതാചാരം ഭരണഘടനപരമാണോ എന്നാണ് കോടതി പരിശോധിക്കുന്നത്.  

ശബരിമല ഭക്തര്‍ പ്രത്യേക വിശ്വാസിസമൂഹമാണെന്നും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും കേസ് ഭരണഘടന ബെഞ്ചിന് വിടണമെന്നുമുള്ള വാദം ദേവസ്വം ബോര്‍ഡ് തിങ്കളാഴ്ചയും ആവര്‍ത്തിച്ചു. മതവിശ്വാസം ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ 25, 26 അനുച്ഛേദമനുസരിച്ച് ക്ഷേത്രങ്ങള്‍ക്ക് സ്വന്തം ആചാരങ്ങള്‍ പാലിക്കാന്‍ സ്വാതന്ത്ര്യം ഉണ്ടെന്നും ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായ കെ.കെ. വേണുഗോപാല്‍ വാദിച്ചു. 
 

Tags:    
News Summary - sabarimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.