ദ്രൗപദി മുർമു
രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച കേരളത്തിൽ: ഗുരുവായൂരും കാലടിയും സന്ദർശിക്കും; വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം
ഗുരുവായൂർ: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ഗുരുവായൂർ, കാലടി സന്ദർശനത്തോടനുബന്ധിച്ച് തൃശൂർ, എറണാകുളം ജില്ലകളിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തുന്ന രാഷ്ട്രപതി, തുടർന്ന് കാലടിയിലെ ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിലും സന്ദർശനം നടത്തും. രാഷ്ട്രപതിയുടെ സന്ദർശനം കണക്കിലെടുത്ത് ഇരുസ്ഥലങ്ങളിലും പൊതുജനങ്ങളുടെ യാത്രക്കും ക്ഷേത്രപ്രവേശനത്തിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് രാഷ്ട്രപതി ദ്രൗപദി മുർമു ഹെലികോപ്റ്ററിൽ ഗുരുവായൂരിലെത്തും. അരിയന്നൂർ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലാണ് ഹെലികോപ്റ്റർ ഇറങ്ങുന്നത്. തുടർന്ന് ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് പോകുന്ന രാഷ്ട്രപതി, അവിടെനിന്ന് വൈകീട്ട് 3.50ന് ക്ഷേത്രദർശനത്തിനായി പുറപ്പെടും. വൈകീട്ട് 4.15 വരെയാണ് ക്ഷേത്രത്തിലെ ദർശനത്തിനായി നിശ്ചയിച്ചിട്ടുള്ള സമയം. ദർശനത്തിനുശേഷം 4.30ന് രാഷ്ട്രപതി ഗുരുവായൂരിൽനിന്ന് മടങ്ങും.
രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ചൂണ്ടൽ മുതൽ ഗുരുവായൂർ കാരക്കാട് ജങ്ഷൻ വരെയുള്ള റോഡിൽ ഉച്ചക്ക് ഒന്നിനുശേഷം വാഹനഗതാഗതം അനുവദിക്കില്ല. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വിവിധ ഭാഗങ്ങളിൽ വാഹനങ്ങൾ വഴിതിരിച്ചുവിടുകയും പാർക്കിങ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
ഗതാഗത ക്രമീകരണങ്ങൾ
- സ്വകാര്യ ബസുകൾ പടിഞ്ഞാറെനട കമ്പിപ്പാലത്തിനു സമീപമുള്ള ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യണം.
- ചാവക്കാട്, പൊന്നാനി ഭാഗങ്ങളിൽനിന്നുള്ള ടോറസ്, ടിപ്പർ ലോറികൾ ചാവക്കാട് ജങ്ഷനു മുമ്പായി പാർക്ക് ചെയ്യണം.
- പാവറട്ടിയിൽനിന്ന് വരുന്ന ടോറസ്, ടിപ്പർ ലോറികൾ പഞ്ചാരമുക്ക് ജങ്ഷനു മുൻപായി പാർക്ക് ചെയ്യണം.
- തൃശൂർ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ ചൂണ്ടലിൽനിന്ന് കുന്നംകുളം വഴി ഗുരുവായൂരിലെത്തണം.
പാർക്കിങ് നിയന്ത്രണം
ഗുരുവായൂരിലെ ഇന്നർ, ഔട്ടർ റിങ് റോഡുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പൂർണമായി നിരോധിച്ചിട്ടുണ്ട്. യാത്രക്കാർ നിയന്ത്രണങ്ങൾ കണക്കിലെടുത്ത് യാത്രകൾ ക്രമീകരിക്കണമെന്നും അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും പൊലീസ് അറിയിച്ചു.
രാഷ്ട്രപതിയുടെ സന്ദർശനത്തിനുള്ള സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി വ്യാഴാഴ്ചയും ഗുരുവായൂരിൽ ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടാകും. സന്ദർശനത്തിന് മുന്നോടിയായുള്ള ട്രയൽ റണ്ണിന്റെ ഭാഗമായാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.
ഗുരുവായൂർ സന്ദർശനത്തിന് പിന്നാലെ 28ന് രാഷ്ട്രപതി കാലടിയിലെ ആദിശങ്കര ജന്മഭൂമി ക്ഷേത്രവും സന്ദർശിക്കും. രാവിലെ 11നാണ് രാഷ്ട്രപതി ക്ഷേത്രത്തിലെത്തുക. ക്ഷേത്രദർശനത്തിനുശേഷം 11.30ന് മടങ്ങും. ക്ഷേത്രദർശനം മാത്രമാണ് രാഷ്ട്രപതിയുടെ കാലടി സന്ദർശനത്തിന്റെ ഭാഗമായുള്ളത്. ദ്രൗപദി മുർമു രാഷ്ട്രപതിയായശേഷം ആദ്യമായാണ് കാലടിയിലെത്തുന്നത് എന്നതും സന്ദർശനത്തിന്റെ പ്രത്യേകതയാണ്.
രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുമെന്ന് സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിന്റെ ഭാഗമായി 28ന് രാവിലെ മുതൽ വൈകീട്ട് നാലുവരെ ഭക്തർക്ക് ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കില്ല. ഗുരുവായൂരിലും കാലടിയിലും ഏർപ്പെടുത്തുന്ന ഗതാഗത, സുരക്ഷാ നിയന്ത്രണങ്ങൾ പൊതുജനങ്ങൾ മുൻകൂട്ടി മനസ്സിലാക്കി യാത്രകൾ ആസൂത്രണം ചെയ്യേണ്ടതാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.