പോത്തൻകോട്​ കൊലപാതകം: നടന്നത്​ സിനിമയെ വെല്ലുന്ന ആസൂത്രണം, സുധീഷ്​ വെട്ടേറ്റ്​​ കിടന്നത്​ രണ്ട്​ മണിക്കൂർ

പോത്തൻകോട് (തിരുവനന്തപുരം): ചെമ്പകമംഗലം സ്വദേശി സുധീഷ് പോത്തൻകോട് കല്ലൂരിലെ ബന്ധുവീട്ടിൽ അതിദാരുണമായി കൊല ചെയ്യപ്പെട്ട സംഭവം പ്രതികൾ ആസൂത്രണം ചെയ്​തത്​ സിനിമയെ വെല്ലുന്ന തരത്തിൽ. ഓട്ടോയിലും ബൈക്കുകളിലും മാരകായുധങ്ങളുമായി ഒന്നിച്ചെത്തിയ 11 അംഗ സംഘം വീടിന് 500 മീറ്റർ മാറി വാഹനങ്ങൾ ഒതുക്കിയശേഷം ആയുധങ്ങളുമായി ഒരുമിച്ച് സുധീഷുള്ള സ്ഥലം ലക്ഷ്യമാക്കി നടവഴിലൂടെ നീങ്ങുകയായിരുന്നു.

സുധീഷ് ഒളിവിൽ കഴിഞ്ഞിരുന്ന ബന്ധുവീടിന് 300 മീറ്റർ അകലെ വെച്ച് സംഘം നാലായി തിരിയുകയും രക്ഷപ്പെട്ട് പോകാതിരിക്കാൻ നാലിടങ്ങളിൽ ഓരോ സംഘവും നിലയുറപ്പിച്ച ശേഷമാണ് നാടൻ ബോംബെറിഞ്ഞ് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സ്ഫോടന ശബ്ദം കേട്ടതോടെ സമീപത്തെ പറമ്പിൽ ഇരുന്നിരുന്ന സുധീഷ് അപകടം തിരിച്ചറിഞ്ഞ് രക്ഷപ്പെടുന്നതിനിടയിൽ വിവിധയിടങ്ങളിൽ നിലയുറപ്പിച്ച അക്രമി സംഘം സുധീഷിന് നേരെ പാഞ്ഞടുക്കുകയായിരുന്നു എന്നാണ് സ്ഥലവാസികൾ പൊലീസിനോട് പറഞ്ഞത്.

ആയുധങ്ങളുമായി സുധീഷിനെ തിരഞ്ഞെത്തിയ സംഘം സമീപവാസികളെ ആയുധം കാട്ടി കൊലവിളി നടത്തി ഓരോ വീടും പരിശോധിച്ച ശേഷമാണ് സുധീഷ് പ്രാണരക്ഷാർത്ഥം ഓടിക്കയറിയ വീട് കണ്ടെത്തുകയും വാതിൽ തകർത്ത് ഉള്ളിൽക്കടന്ന് വീട്ടിലുണ്ടായിരുന്ന കുട്ടികളുടെ മുന്നിലിട്ട് അതിക്രൂരമായി വെട്ടിക്കൊന്നതും. ഇരുകാലിലും കൈകളിലും നിരവധി വെട്ടുകളുണ്ട്.

അക്രമണത്തിനിടെ വേർപെട്ട ഇടതുകാലുമായി മടങ്ങിയ സംഘം 500 മീറ്റർ അകലെ ജംഗ്​ഷനിൽ എത്തി വലിച്ചെറിയുകയായിരുന്നു. സംഭവശേഷം രണ്ട് മണിക്കൂറാണ് സുധീഷ് വെട്ടേറ്റ് കിടന്നത്. പൊലീസെത്തി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുമ്പോൾ ഒട്ടകം രാജേഷും ഉണ്ണിയും ചേർന്നാണ് തന്നെ വെട്ടിയതെന്ന് സുധീഷ് മൊഴി നൽകുകയും ഉദ്യോഗസ്ഥർ അത് വിഡിയോയിൽ രേഖപ്പെടുത്തുകയും ചെയ്​തു.

പൊലീസിന് മൊഴി നൽകിയതിന് പിന്നാലെ സുധീഷ് ബോധരഹിതനായി വീഴുകയും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്നതിന് മുമ്പ്​ മരണം സംഭവിക്കുകയും ചെയ്തു. മംഗലപുരം ഭാഗത്ത് നിന്നെത്തി കൃത്യത്തിന് ശേഷം വാവറമ്പലം ഭാഗത്തേക്കാണ് പ്രതികൾ രക്ഷപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 15ഓളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു.

ആറ്റിങ്ങൾ സംഭവത്തെ തുടർന്ന് ഒളിവിൽ കഴിഞ്ഞ സുധീഷിന്‍റെ വിവരങ്ങൾ ഗുണ്ടാ സംഘത്തിന് എങ്ങനെ ലഭിച്ചു എന്നതിനെ കുറിച്ചും പൊലീസ് അന്വഷണം നടത്തുന്നുണ്ട്. അതിനിടെ അക്രമണ ദിവസം പ്രതികൾ ഉൾപ്പെട്ട ഗുണ്ടാ സംഘം മംഗലപുരത്തിനും കല്ലൂരിനും ഇടയിലെ ആളൊഴിഞ്ഞ സ്ഥലത്തെ പാലത്തിന് സമീപം കൊലപാതകത്തിന്​ തയാറെടുപ്പ് നടത്തിയതായും പൊലീസിന് വിവരം ലഭിച്ചു.

ഇക്കഴിഞ്ഞ ആറിന് ആറ്റിങ്ങൾ മങ്ങാട്ടുമൂലയിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട ഗുണ്ടാപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പിടിയിലായവരെ ചോദ്യം ചെയ്തതിൽ നിന്നുള്ള പ്രാഥമിക സൂചന. കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിൽ റൂറൽ എസ്.പി. പി.കെ. മധുവിന്‍റെ നേതൃത്വത്തിൽ റൂറൽ പരിധിയിലെ ഭൂരിഭാഗം സ്റ്റേഷൻ ഹൗസ് ഓഫിസർമാരെയും ഒട്ടകം രാജേഷ് ഉൾപ്പെടെയുള്ള പ്രതികളുടെ കേസുകൾ കൈകാര്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി വിവരങ്ങൾ ആരാഞ്ഞു.

കൃത്യം നടന്ന വീടിന്‍റെ ഉടമയും ദൃക്​സാക്ഷിയും സുധീഷിന്‍റെ ബന്ധുവുമായ സജീവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ എട്ട്​ പ്രതികൾക്കെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. കൊല്ലപ്പെട്ട സുധീഷിന്‍റെ മൃതദേഹം ഫോറൻസിക് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ദരും പരിശോധിച്ചശേഷം പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി. 

മൂന്നുപേർ അറസ്​റ്റിൽ

ഗുണ്ടാ കുടിപ്പകയെ തുടർന്ന് തലസ്ഥാനത്ത് പട്ടാപ്പകൽ യുവാവിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ അക്രമിസംഘം സഞ്ചരിച്ച ഓട്ടോ ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർ അറസ്​റ്റിൽ. ചിറയിൻകീഴ് ശാസ്തവട്ടം സ്വദേശികളായ നന്ദീഷ് (22), നിതീഷ് (24), കണിയാപുരം സ്വദേശി രഞ്ജിത്ത് (28) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്​റ്റ്​ ചെയ്തത്.

രഞ്ജിത്തിെൻറ ഓട്ടോറിക്ഷയിലാണ് അക്രമിസംഘമെത്തിയത്. കൊലപാതകത്തിനുശേഷം ആറ്റിങ്ങലിലെ ഭാര്യാവീട്ടിലെത്തിയ രഞ്ജിത്തിനെ ശനിയാഴ്​ച രാത്രിയാണ് പ്രത്യേക അന്വേഷണസംഘം കസ്​റ്റഡിയിലെടുത്തത്. രഞ്ജിത്തിെൻറ ഓട്ടോയും നന്ദീഷും നിതീഷും സഞ്ചരിച്ച ബൈക്കും പൊലീസ് കസ്​റ്റഡിയിലെടുത്തു. അതേസമയം, കേസിലെ മുഖ്യപ്രതികളും കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയവരുമായ ഒട്ടകം രാജേഷ്, ആഴൂര്‍ ഉണ്ണി എന്നിവര്‍ ഒളിവിലാണ്.

ശനിയാഴ്ച ഉച്ചക്ക് 2.30ഓടെയാണ് ചെമ്പകമംഗലം സ്വദേശിയായ സുധീഷിനെ (35) 11 അംഗ സംഘം വാളും മഴുവും കൊണ്ട് വെട്ടി ക്കൊലപ്പെടുത്തിയത്. ഓട്ടോയിലും രണ്ട് ബൈക്കിലുമായി എത്തിയ സംഘത്തെ കണ്ട സുധീഷ് സമീപത്തെ വീടിനുള്ളിലേക്ക് ഓടിക്കയറി. അവിടെയുണ്ടായിരുന്ന കൊച്ചുകുട്ടികളുടെ കൺമുന്നിലാണ് സുധീഷിെൻറ കാൽ അക്രമിസംഘം വെട്ടിമാറ്റിയത്. വെട്ടിയെടുത്ത കാൽ അര കിലോമീറ്റർ മാറി റോഡിൽ വലിച്ചെറിഞ്ഞു. 

കൊല്ലപ്പെട്ട സുധീഷും സംഘവും ചേർന്ന് ഒരാഴ്ച മുമ്പ് ആറ്റിങ്ങലിൽ വീടുകയറി രണ്ടുപേരെ വെട്ടിപ്പരിക്കേൽപിച്ചിരുന്നു. ഇതിനെതുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് റൂറൽ എസ്.പി പി.കെ. മധു മാധ്യങ്ങളോട് പറഞ്ഞു.

സുധീഷിെൻറ മരണമൊഴി പൊലീസ് മൊബൈലിൽ പകർത്തിയിട്ടുണ്ട്. കേസിൽ ഇത്​ നിർണായക തെളിവാകും. ആശുപത്രിയിൽ എത്തുന്നതിന് മുമ്പ്​ രക്തംവാർന്ന് സുധീഷ് മരിച്ചിരുന്നു. ഉണ്ണിയാണ് സുധീഷിന്‍റെ കാൽ എടുത്തെറിഞ്ഞതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിട്ടുണ്ട്.

Tags:    
News Summary - Pothencode murder: Sudheesh hacked to death for two hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.