ശോഭാ സുരേന്ദ്രൻ, പദ്മിനി തോമസ്, രാജീവ് ചന്ദ്രശേഖർ

‘ബി.ജെ.പിയിൽ ശോഭാ സുരേന്ദ്രനടക്കം പദവി കിട്ടുന്നില്ല; ഞാൻ പ്രസിഡന്റിനെ കാണാൻ പോകുമ്പോൾ പലപ്പോഴും അവിടെയില്ല’ -ബി.ജെ.പിയിൽ ചേർന്നതിൽ ദുഃഖമുണ്ടെന്ന് പദ്മിനി തോമസ്

തിരുവനന്തപുരം: ബി.ജെ.പിയിൽ ചേർന്നതിൽ ദുഃഖമുണ്ടെന്നും ആ തെറ്റ് തിരുത്തുകയാണെന്നും കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന മുൻ കായികതാരവും സ്പോർട്സ് കൗൺസിൻ പ്രസിഡന്റുമായിരുന്ന പദ്മിനി തോമസ്. ബി.ജെ.പിയിൽ ശോഭാ സുരേന്ദ്രനും മുൻ ഡി.ജി.പി ആർ. ശ്രീലേഖയും ഉൾപ്പെടെയുള്ള വനിതാ നേതാക്കൾക്ക് അർഹമായ പദവികൾ ലഭിക്കുന്നില്ലെന്നും പാർട്ടിയിലെ ചില നിലപാടുകളുമായി യോജിച്ചുപോകാൻ കഴിയില്ലെന്നും അവർ പറഞ്ഞു.

‘ഞാനായാലും പത്മജയായാലും ശ്രീലേഖയായാലും ശോഭാ സുരേന്ദ്രനായാലും ഇവർക്കൊക്കെ പല പദവികളും കിട്ടേണ്ടതായിരുന്നു. പദവിക്ക് വേണ്ടിയല്ല ഞാൻ പറയുന്നത്. പക്ഷേ, ഒന്നും മുന്നോട്ടുപോകുന്നില്ല. പല കാര്യങ്ങളും പറയുമെങ്കിലും അനുകൂലമായ തീരുമാനമുണ്ടാകുന്നില്ല. അവസാനമായപ്പോഴേക്കും നേതാക്കളെ കാണാൻപോലും ബുദ്ധിമുട്ടായി. കാണാൻ ചെല്ലുമ്പോൾ പലപ്പോഴും പ്രസിഡന്റ് അവിടെയുണ്ടാകില്ല. പ്രസിഡന്റ് സെക്രട്ടറിയോട് പറയുന്ന കാര്യങ്ങൾ സെക്രട്ടറി ചെയ്യില്ല. ഇങ്ങനെ ഒരുപാട് സമയം നഷ്ടപ്പെടുന്നു’ -പദ്മിനി തോമസ് പറഞ്ഞു.

രണ്ടര വർഷത്തെ ബി.ജെ.പി പ്രവർത്തനത്തിനിടെ പാർട്ടിയുടെ പ്രവർത്തനരീതികൾ മനസ്സിലാക്കാൻ കഴിഞ്ഞു. ചെറിയൊരു വിഷമത്തിന്റെ പുറത്ത് എടുത്തുചാടി ചെയ്ത കാര്യമായിരുന്നു ബി.ജെ.പി പ്രവേശനം. അതിൽ ഒരുപാട് ദുഃഖമുണ്ട്. ആ തെറ്റ് ഇപ്പോൾ തിരുത്തുകയാണ്. ഉപാധികളൊന്നും മുന്നോട്ടുവെച്ചല്ല ബി.ജെ.പിയിൽ ചേർന്നത്. കായിക മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പങ്കാളിയാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതൊന്നും നടപ്പായില്ലെന്നും അവർ വ്യക്തമാക്കി.

അർജുന പുരസ്‌കാരത്തിനുള്ള ശിപാർശ മുതൽ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് പദവി വരെയുള്ള നേട്ടങ്ങളിൽ തനിക്കൊപ്പം നിന്നത് കോൺഗ്രസ് പാർട്ടിയാണ്. തനിക്ക് സംഭവിച്ച തെറ്റ് ക്ഷമിക്കാനും തിരുത്താൻ അവസരം നൽകാനും കോൺഗ്രസിന് സാധിക്കുമെന്നാണ് വിശ്വാസമെന്നും പദ്മിനി തോമസ് പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ച അനുകൂലമായിരുന്നു. കോൺഗ്രസ് പ്രവേശനത്തിനായി കത്ത് നൽകിയിട്ടുണ്ട്. നേതാക്കൾ കൂട്ടായി ആലോചിച്ചശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

‘രണ്ടര വർഷം ഞാൻ ബിജെപിയിൽ ഉണ്ടായിരുന്നു. എനിക്ക് അവിടുത്തെ ചില കാര്യങ്ങളുമായി സഹകരിച്ചു പോകാൻ പറ്റില്ല. ഡിമാൻഡ്സ് ഒന്നും ചോദിച്ചുകൊണ്ടല്ല ഞാൻ ബിജെപിയിൽ വന്നത്. പക്ഷേ അതുകഴിഞ്ഞ് സ്പോർട്സ് അടക്കമുള്ള കാര്യങ്ങളിലൊക്കെ ഇൻവോൾമെന്റ് ഒക്കെ പറഞ്ഞിരുന്നു. പക്ഷേ ഒന്നും ആയില്ല. കോൺഗ്രസ് പാർട്ടിയാണ് എനിക്ക് എല്ലാ കാര്യങ്ങളും തന്നിരിക്കുന്നത്. എന്റെ അർജുന അവാർഡ് റെക്കമൻഡേഷൻ ആയാലും സ്പോർട്സ് കൗൺസിലിന്റെ പ്രസിഡന്റ് ആയാലും എല്ലാം എന്റെ ഒപ്പം ഉണ്ടായിരുന്നത് അവരാണ്. നമ്മളഒരു ചെറിയ തെറ്റ് ചെയ്താൽ തിരുത്താനും ക്ഷമിക്കാനും അവർക്ക് സാധിക്കുമെന്ന് എനിക്കറിയാം. എന്തായാലും ഞാൻ തിരിച്ചു വരികയാണ്’ -പദ്മിനി തോമസ് പറഞ്ഞു.

Tags:    
News Summary - Padmini Thomas regrets joining BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.