നെല്‍വയല്‍ സംരക്ഷണ നിയമം: പരസ്പരം പഴിചാരി ഭരണ –പ്രതിപക്ഷം

തിരുവനന്തപുരം: 2008 ലെ കേരള നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ വെള്ളം ചേര്‍ത്തത് തങ്ങളല്ളെന്ന് തെളിയിക്കാന്‍ ആരോപണ പ്രത്യാരോപണവുമായി ഭരണ, പ്രതിപക്ഷങ്ങള്‍ നിയമസഭയില്‍. നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമ ഭേദഗതി ചര്‍ച്ചയിലായിരുന്നു ഇത്. മുഖ്യമന്ത്രി ആറന്മുളയില്‍ കൃഷിയിറക്കിയത് സ്വകാര്യ ഭൂമിയിലാണെന്ന് പ്രതിപക്ഷം ആക്ഷേപിച്ചപ്പോള്‍ വിമാനത്താവള പദ്ധതി ഭൂമിയിലടക്കമാണ് വിത്തെറിഞ്ഞതെന്ന് ഭരണപക്ഷം അവകാശപ്പെട്ടു. അതേസമയം, ആറന്മുളക്ക് പകരം ചെറുവള്ളി എസ്റ്റേറ്റില്‍ വിമാനത്താവളം ഒരുക്കാന്‍ 2,500 കോടി  മുടക്കാമെന്ന് വിദേശികള്‍ സമ്മതിച്ചിട്ടുണ്ടെന്ന് പി.സി. ജോര്‍ജ് അറിയിച്ചു. പുതിയ ഭേദഗതിക്ക് ശേഷവും നികത്തപ്പെട്ട നെല്‍വയല്‍ ക്രമവത്കരിക്കാനുള്ള അധികാരം നിലനില്‍ക്കുമെന്നും  വെളിവായി. കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയില്‍ പണം അടച്ചാല്‍ ക്രമവത്കരിക്കപ്പെടുമെന്ന വ്യവസ്ഥയാണുണ്ടായിരുന്നത്. അത്  ഒഴിവാക്കുമ്പോള്‍ അതിനുള്ള അധികാരം ഉദ്യോഗസ്ഥരില്‍ നിഷിപ്തമാവും.

എന്‍ജിനീയറിങ് കോളജിന് വേണ്ടി ഏറ്റെടുത്ത സ്ഥലത്താണ് ആറന്മുളയില്‍ കൃഷിയിറക്കിയതെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. സഭയെ തെറ്റിദ്ധരിപ്പിക്കലാണിതെന്ന് വീണാ ജോര്‍ജ് അറിയിച്ചു. മുഖ്യമന്ത്രി വിത്തെറിഞ്ഞത് സ്വകാര്യ കര്‍ഷകന്‍െറ സ്ഥലത്താണ്.  അവിടെ 70 ഏക്കര്‍ പദ്ധതി പ്രദേശം ഉള്‍പ്പെടെ 240 ഏക്കറില്‍  കൃഷിയിറക്കും. തോട് നികത്തിയതിനാലാണ് കൃഷിയിറക്കാന്‍ കഴിയാതിരുന്നത്. നികത്തല്‍ ക്രമവത്കരിക്കുന്ന വകുപ്പ് ഒഴിവാക്കുമ്പോഴും നിയമത്തിലെ 10ാം വകുപ്പ് പ്രകാരം അത് സാധ്യമാവുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

തണ്ണീര്‍ത്തടം നിലനിര്‍ത്താന്‍ ചളിയും എക്കലും എടുക്കാമെന്ന് പറഞ്ഞത് ഒല്ലൂരിലെ ഓട് കമ്പനിക്ക് വേണ്ടിയാണെന്നും അദ്ദേഹം ആക്ഷേപിച്ചു.
സെലക്ട് കമ്മിറ്റിയില്‍ ഈ അഭിപ്രായം പറയാമായിരുന്നില്ളേയെന്ന് മുല്ലക്കര രത്നാകരന്‍ ചോദിച്ചു. ആറന്മുളയില്‍ 2500 ഏക്കര്‍ വ്യവസയിക പ്രദേശമായി വിജ്ഞാപനം പുറപ്പെടുവിച്ചത് എല്‍.ഡി.എഫാണെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. തൃശൂരില്‍ ഷോപിങ് കോംപ്ളക്സ് ഉദ്ഘാടനം  ചെയ്ത് ചേറില്‍നിന്ന് ചെന്താമര ഉയരുമെന്ന്  വി.എസ് പറഞ്ഞതായി പി.ടി. തോമസ് ശ്രദ്ധയില്‍പെടുത്തി.

 എറണാകുളത്തും തൃശൂരും സന്തോഷ് മാധവന് അടക്കം ഭൂമി നികത്താന്‍ അനുമതി നല്‍കിയത് യു.ഡി.എഫാണെന്നായിരുന്നു മുരളി പെരുനെല്ലിയുടെ ആക്ഷേപം. തന്‍െറ മണ്ഡലത്തിലെ കോട്ടൂളി തണ്ണീര്‍ത്തടം മണ്ണിട്ട് നികത്തിയതില്‍ കോഴിക്കോട് കലക്ടര്‍ക്ക് പരാതി നല്‍കിയിട്ട് കഴിഞ്ഞ സര്‍ക്കാറോ ഈ സര്‍ക്കാറോ നടപടിയെടുത്തില്ളെന്ന് എ. പ്രദീപ്കുമാര്‍ പറഞ്ഞു.  ബൈപാസ് പാടശേഖരത്തിലൂടെ കടന്നുപോകുന്നെങ്കില്‍ അതു നികത്താന്‍ നടപടിവേണ്ടേയെന്നായി മോന്‍സ് ജോസഫ്. ബ്യൂറോക്രസിയില്‍ പൊളിച്ചെഴുത്ത് വേണമെന്ന്  മന്ത്രി ജി. സുധാകരന്‍  ആവശ്യപ്പെട്ടു. കേന്ദ്ര  സഹായത്തോടെ കര്‍ണാടക ഭൂമിയുടെ തരംതിരിക്കല്‍ നടത്തിയത് മാതൃകയാക്കാമെന്ന് കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു.

തോമസ് ഐസക് കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞ വയല്‍ ക്രമപ്പെടുത്താനുള്ള നിര്‍ദേശം കെ.എം. മാണി നടപ്പാക്കിയെന്നായിരുന്നു കെ. സുരേഷ് കുറുപ്പിന്‍െറ അഭിപ്രായം.  വര്‍ഷങ്ങളായി തരിശായി കിടക്കുകയും രേഖയില്‍ വയല്‍ എന്ന് രേഖപ്പെടുത്തിയ ഭൂമിയിലെ വീട് പുനര്‍നിര്‍മിക്കാന്‍ കഴിയാത്തതിന്‍െറ പ്രശ്നമാണ് ടി.വി. രാജേഷും എന്‍. ഷംസുദ്ദീനും പറഞ്ഞത്. ആറന്മുളയില്‍ ഇനി വിമാനത്താവളം വരില്ളെന്ന് പി.സി. ജോര്‍ജ് പറഞ്ഞു. ചെറുവള്ളി എസ്റ്റേറ്റില്‍ വിദേശികള്‍ മുതല്‍മുടക്കാമെന്ന് പറഞ്ഞ വിമാനത്താവളത്തിനായി സര്‍ക്കാര്‍ ഒരു പൈസപോലും മുടക്കേണ്ടതില്ളെന്നും അദ്ദേഹം വിശദീകരിച്ചു.

2016 ലെ നെല്‍വയല്‍ ദേദഗതി നിയമം സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു
തിരുവനന്തപുരം: 2016ലെ കേരള നെല്‍വയല്‍ - തണ്ണീര്‍ത്തട സംരക്ഷണ (ഭേദഗതി) നിയമം നിയമസഭ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടു. നികത്തിയ നെല്‍വയല്‍  അതിന്‍െറയോ സമാന സ്വഭാവമുള്ള ഭൂമിയുടെയോ ന്യായവിലയുടെ 25 ശതമാനത്തിന് തുല്യമായ ഫീസായി ഈടാക്കി ക്രമവത്കരിക്കാമെന്ന മൂന്ന് (എ) വകുപ്പ് നീക്കം ചെയ്താണ്  ഭേദഗതി കൊണ്ടുവന്നത്. നിയമ ഭേദഗതിയോടെ നെല്‍വയലുകള്‍ വാണിജ്യവത്കരിക്കപ്പെടുന്നത് അവസാനിക്കുകയും പ്രാദേശിക നഞ്ച കമ്മിറ്റികള്‍ പുന$സ്ഥാപിക്കുകയും ചെയ്യുമെന്ന് ചര്‍ച്ചക്ക് മറുപടി പറഞ്ഞ  മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു.

ഗ്രാമപ്രദേശങ്ങളില്‍ 10 സെന്‍റില്‍ താഴെയുള്ള ഭൂമിയിലും നഗരപ്രദേശങ്ങളില്‍ അഞ്ച് സെന്‍റില്‍ താഴെയുള്ള നികത്തിയ കരഭൂമിയിലും  വീട് വെക്കാന്‍ അനുമതി നല്‍കാനുള്ള അധികാരം കലക്ടര്‍ക്കാവും. നിലവില്‍ നഞ്ച കമ്മിറ്റിയെ പിരിച്ചുവിട്ടിട്ടില്ളെങ്കിലും യു.ഡി.എഫ് കൊണ്ടുവന്ന ഭേദഗതിയോടെ അവ മാറി നില്‍ക്കുകയായിരുന്നു. അവസാന ഡാറ്റ ബാങ്ക് നിലവില്‍ വന്നശേഷമേ  ക്രമവത്കരണം നടക്കാവൂയെന്നാണ് ഹൈകോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഇപ്പോള്‍ തയാറാക്കിയ ഡാറ്റ ബാങ്ക് അബദ്ധ പഞ്ചാംഗമാണ്.

സ്ഥല പരിശോധന പോലും നടന്നില്ല.  ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 1054.77 ഹെക്ടര്‍ ഭൂമിയില്‍ നെല്‍കൃഷി ആരംഭിച്ചു. 1321.17 ഹെക്ടര്‍ തരിശ്ഭൂമി നെല്‍കൃഷി യോഗ്യമാക്കും. 2016-17 ല്‍ 2375.94 ഹെക്ടറില്‍  നെല്‍കൃഷിയിറാക്കാനാണ് പദ്ധതി. വര്‍ഷങ്ങള്‍ക്ക് മുമ്പ് നികത്തിയ കൃഷിഭൂമിയിലെ വീടുകള്‍ അടിസ്ഥാന നികുതി രജിസ്റ്ററില്‍ (ബി.ടി.ആര്‍) വയല്‍ എന്ന് രേഖപ്പെടുത്തിയത് മൂലം പുതിയ വീട് വെക്കാന്‍ കഴിയാത്തതിന് ഭേദഗതിയുമായി ബന്ധമില്ല. ഇതടക്കമുള്ള പ്രശ്നങ്ങളില്‍  സബ്ജക്ട് കമ്മിറ്റിക്ക്  തീരുമാനം എടുക്കാമെന്നും മന്ത്രി പറഞ്ഞു.

 

Tags:    
News Summary - paddy secure law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.