ആലപ്പുഴ: നഗ്ന വിഡിയോ വിവാദത്തിൽ സി.പി.എം കൂടുതൽ നടപടിയിലേക്ക് കടക്കുന്നു. ഫോണിൽ അശ്ലീല ദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ച ഏരിയ കമ്മിറ്റി അംഗം എ.പി. സോണയെ പുറത്താക്കിയതിന് പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട കുടുതൽപേർക്കെതിരെ നടപടിയെടുക്കാൻ സി.പി.എം തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം എ.ഡി. ജയനെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകാൻ ജില്ല സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച് സൗത്ത് ഏരിയ കമ്മിറ്റിക്ക് നിർദേശം നൽകി.
പാർട്ടി പുറത്താക്കിയ എ.പി. സോണക്കെതിരെ പരാതി നൽകിയവരെയും അവരുടെ കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തിയെന്നാണ് പ്രധാന ആരോപണം. വിശദീകരണം തൃപ്തികരമല്ലെങ്കിൽ ജയനെതിരെ നടപടിയുണ്ടാകും. ഇതിനൊപ്പം സോണയെ പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതും വിവാദമായി.
‘ആരൊക്കെ കല്ലെറിഞ്ഞാലും ഞാനുണ്ടെടാ...കൂടെ തോൽക്കാനായാലും ജയിക്കാനായാലും’ എന്നതായിരുന്നു പോസ്റ്റ്. പാർട്ടി പുറത്താക്കിയ ആളെ പിന്തുണക്കുന്ന ജയന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ആലപ്പുഴയിലെ വിഭാഗീയതയുടെ ഭാഗമാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്. കഴിഞ്ഞതവണ എൽ.സിയിൽനിന്ന് ഒഴിവാക്കപ്പെട്ട ഡി.വൈ.എഫ്.ഐ നേതാവുകൂടിയായിരുന്ന ജയൻ ഏരിയ കമ്മിറ്റിയിലേക്ക് മത്സരിച്ചാണ് ജയിച്ചത്.
രണ്ടുമാസം മുമ്പ് എ.പി. സോണക്കെതിരെ ലഭിച്ച പരാതിയിൽ നടപടിയെടുക്കാതിരുന്നതാണ് ജില്ല നേതൃത്വത്തിന് വിനയായത്. പാർട്ടി പ്രവർത്തകരുടേതടക്കം നിരവധി സ്ത്രീകളുടെ നഗ്നദൃശ്യം പകർത്തിയ സംഭവം നിസ്സാരമല്ലെന്നുകണ്ട് സംസ്ഥാനനേതൃത്വം ഇടപെട്ടതോടെയാണ് പുറത്താക്കാനുള്ള നടപടി വേഗത്തിലായത്. പാർട്ടിയുടെ അന്തസ്സിന് നിരക്കാത്ത സംഭവത്തിൽ നടപടിവേണമെന്ന് ചൂണ്ടിക്കാട്ടി എ. മഹേന്ദ്രൻ, ജി. രാജമ്മ എന്നിവർ അംഗങ്ങളായ അന്വേഷണ കമീഷൻ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
30ലധികം സ്ത്രീകളെ നേരിട്ട് കണ്ടും ഡിജിറ്റൽ തെളിവുകൾ ഹാജരാക്കിയും സമർപ്പിച്ച റിപ്പോർട്ട് ജില്ല സെക്രട്ടേറിയറ്റ് യോഗത്തിൽ ചർച്ച നടത്തിയാണ് തീരുമാനമെടുത്തത്. ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവ് പരിശോധിച്ചാണ് എ.പി. സോണയെ പുറത്താക്കിയത്. രണ്ടുമാസംമുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. അതേസമയം, ആലപ്പുഴയിലെ സി.പി.എമ്മിനെതിരായ മാധ്യമ വാർത്തകൾ അടിസ്ഥാനരഹിതവും വസ്തുതകൾക്ക് നിരക്കാത്തതുമാണെന്ന് സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ പറഞ്ഞു.
സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ല കമ്മിറ്റി പുറത്തിറക്കിയ വാർത്തക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.ആയിരക്കണക്കിന് അംഗങ്ങളും ലക്ഷക്കണക്കിന് അനുഭാവികളുമായുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചില തര്‍ക്കങ്ങളും പ്രശ്‌നങ്ങളും ഉയര്‍ന്നുവരിക സ്വാഭാവികമാണെന്നും ജില്ല സെക്രട്ടറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.