മിണ്ണംകോട് ജങ്ഷനില്‍ മാർഗതടസ്സം സൃഷ്ടിച്ച് പിടിച്ചിട്ടിരിക്കുന്ന ലോറി

മാര്‍ഗതടസ്സം സൃഷ്ടിച്ച് ലോറി; നടപടി തേടി നാട്ടുകാര്‍

നേമം: നിയന്ത്രണംതെറ്റി കടമുറികള്‍ ഇടിച്ചുതകര്‍ത്ത മിനിലോറി റോഡുവശത്ത് ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു. ഒക്ടോബര്‍ ഒന്നിന് പുലര്‍ച്ച 4.30നാണ് വിളപ്പില്‍ശാല സ്റ്റേഷന്‍ പരിധിയില്‍ മിണ്ണംകോട് ജങ്ഷനില്‍ ആഹാരാവശിഷ്ടങ്ങള്‍ കയറ്റി വരുകയായിരുന്ന ലോറി കടമുറികളിലേക്ക് ഇടിച്ചുകയറിയത്.

ഒരു ബാര്‍ബര്‍ ഷോപ്, ഫര്‍ണിചര്‍ കട, മുറുക്കാന്‍ കട, കോണ്‍ഗ്രസ് പാര്‍ട്ടി ഓഫിസ് എന്നിവയാണ് അപകടത്തില്‍ തകര്‍ന്നത്. സംഭവത്തില്‍ ലോറിഡ്രൈവര്‍ക്കും ക്ലീനര്‍ക്കും നിസ്സാര പരിക്കേറ്റിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലകീഴായി മറിഞ്ഞ ലോറി ക്രെയിന്‍ ഉപയോഗിച്ചാണ് ഉയര്‍ത്തിയത്. സംഭവം നടന്ന് ഒരുമാസമായിട്ടും ലോറി നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചിട്ടില്ല.

അപകടസാധ്യത കൂടിയ വളവിലാണ് ലോറി ഇപ്പോള്‍ നിര്‍ത്തിയിട്ടിരിക്കുന്നത്. പൊതുവെ അശാസ്ത്രീയമായാണ് റോഡ് ടാര്‍ ചെയ്തിരിക്കുന്നത് എന്ന ആക്ഷേപം അപകടം നടന്നസമയത്തുതന്നെ നാട്ടുകാര്‍ ഉന്നയിച്ചിരുന്നു.

ഗതാഗതത്തിരക്കു കൂടിയ മിണ്ണംകോട് ജങ്നില്‍നിന്നു മിനിലോറി എത്രയും വേഗം നീക്കണമെന്നും ലോറിയുടെ കിടപ്പുമൂലം ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ അപകടത്തില്‍പ്പെടാനുള്ള സാധ്യത കൂടുതലാണെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.

Tags:    
News Summary - A lorry causing a roadblock-Local residents seeking action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.