നാഗർകോവിൽ: ആനപ്പുറത്ത് വരികയായിരുന്ന പാപ്പാൻ മദ്യലഹരിയിൽ ആനപ്പുറത്ത് കിടന്ന് ഉറങ്ങിപ്പോയി. ഇതു മനസിലാക്കിയ ആന റോഡരികിൽ ഒതുങ്ങി നിന്നു. പാപ്പാന്റെ കൈയ്യിൽ നിന്ന് തോട്ടി താഴെ വീണു. ഇത് ശ്രദ്ധിച്ച ആന തുമ്പികൈകൊണ്ട് തോട്ടിയെടുത്ത് പാപ്പാന് കൊടുത്തെങ്കിലും വാങ്ങാത്തതിനെ തുടർന്ന് തോട്ടിയും കടിച്ചുപിടിച്ച് നടത്തം നിറുത്തി റോഡരികിൽ ഒതുങ്ങി നിൽക്കുകയായിരുന്നു പിടിയാന.
തൃപ്പരപ്പ് സ്വദേശിയായ അഭിഭാഷകന്റെ മേൽനോട്ടത്തിലുള്ള ആന അനുപമയാണ് കഥാപാത്രം. തൃപ്പരപ്പിൽ നിന്നു രാവിലെ പാപ്പാൻ ആനയുമായി അഭിഭാഷകന്റെ മകൾ താമസിക്കുന്ന അരുമനക്ക് സമീപം അണ്ടുകോട് എന്ന സ്ഥലത്ത് തീറ്റ നൽകാനായി കൊണ്ടു വന്നു. വൈകീട് തീറ്റയെല്ലാം കഴിച്ച് തിരികെ തൃപ്പരപ്പിലേക്ക് കൊണ്ട് പോകുന്നതിനിടെയാണ് പാപ്പാൻ ഉറങ്ങിപ്പോയത്. ഇയാൾ മദ്യപിച്ചിരിക്കാം എന്നാണ് കണ്ടുനിന്നവരുടെ അഭിപ്രായം.
അണ്ടുകോടിൽ ആന റോഡിൽ നിൽക്കുന്നതുകണ്ട് പരിഭ്രാന്തരായ നാട്ടുകാർ വിവരം അരുമന പൊലീസിനെയും കളിയൽ ഫോറസ്റ്റ് റേഞ്ച് ഓഫിസറെയും അറിയിച്ചു. ഒപ്പം ആനയുടെ മേൽനോട്ടക്കാരനും സ്ഥലത്തെത്തി ആനയെ ലോറിയിൽ കയറ്റാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പാപ്പാൻ പറഞ്ഞാലേ ആന അനുസരിക്കൂ. ഒടുവിൽ പ്രായസപ്പെട്ട് പാപ്പാനെ വിളിച്ചുണർത്തി താഴെയിറക്കി നടത്തിച്ചപ്പോൾ ആനയും പതുക്കെ നടന്നുനീങ്ങി. ഈ രീതിയിൽ ആനയെ തൃപ്പരപ്പ് വരെ നടത്തിച്ച് അഭിഭാഷകന്റെ വീട്ടിലെത്തിച്ചു. സംഭവത്തെക്കുറിച്ച് പൊലീസും വനംവകുപ്പും കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.