കോഴഞ്ചേരി ഈസ്റ്റ് -സ്തുതികാട്ടിൽ പടി -തണുങ്ങാട്ടിൽ റോഡും ‘നാലുമണിക്കാറ്റും’
കോഴഞ്ചേരി: കോഴഞ്ചേരി ഗ്രാമവാസികൾക്ക് വിശ്രമിക്കാനും ഉല്ലസിക്കാനുമായി ആവിഷ്കരിച്ച പദ്ധതികൾ അധികൃതരുടെ അനാസ്ഥ മൂലം അവതാളത്തിലായി.
കോഴഞ്ചേരി ഈസ്റ് -സ്തുതികാട്ടിൽ പടി -തണുങ്ങാട്ടിൽ റോഡും പാടശേഖരഭാഗത്തു് വിശ്രമത്തിനും ഉല്ലാസത്തിനുമായി ‘നാലുമണിക്കാറ്റ്’ എന്ന പേരിൽ കോൺക്രീറ്റ് ചെയ്ത് ആരംഭിച്ച പദ്ധതിയുമാണ് എങ്ങുമെത്താതെ കിടക്കുന്നത്.
അനാസ്ഥ മൂലം പദ്ധതികൾ തുരുമ്പെടുത്ത ഇരുമ്പ് ബഞ്ചിലേക്ക് എത്തിപ്പെട്ടിരിക്കുന്നു. മാത്രമല്ല, ലഹരി,സാമൂഹിക വിരുദ്ധ മാഫിയകളുടെ താവളവുമായി ഇവ മാറി. ഇതോടെ വിശ്രമിക്കാനും സംസാരിച്ചിരിക്കാനും ആരും ‘നാലുമണിക്കാറ്റ്’ താഗത്തേക്ക് എത്താതെയുമായി. ക്ഷേത്ര ദർശനത്തിനായി എത്തുന്നവരും ജാഗ്രത പുലർത്തേണ്ട സ്ഥിതിയിലാണിപ്പോൾ. കോഴഞ്ചേരി ഈസ്റ് -സ്തുതികാട്ടിൽ പടി -തണുങ്ങാട്ടിൽ റോഡിനായി കെ.കെ റോയിസൺ
ജില്ല പഞ്ചായത്ത് അംഗമായിരിക്കെ മൂന്നു ഘട്ടമായി 80 ലക്ഷം രൂപ വകയിരുത്തുകയും പാലം ഉൾപ്പടെ പണി നടത്തുകയും ചെയ്തു. എന്നാൽ പ്രദേശിക എതിർപ്പ് കാരണം റോഡ് പൂർത്തീകരിക്കാൻ കഴിഞ്ഞില്ല.
ജോർജ് മാമൻ കൊണ്ടുർ കോഴഞ്ചേരിയുടെ പ്രതിനിധി ആയപ്പോഴാണ് പാടശേഖരഭാഗത്ത് വിശ്രമത്തിനും ഉല്ലാസത്തിനുമായി നാലുമണിക്കാറ്റ് നടപ്പാക്കിയത്. എന്നാൽ അധികം താമസിയാതെ ഇവിടെ വെളിച്ച സംവിധാനങ്ങൾ തകരാറിലായി.
ലക്ഷങ്ങൾ ചെലവഴിച്ച് നടപ്പാക്കിയ പദ്ധതി കാട് കയറുകയും ചെയ്തു. ജില്ല പഞ്ചായത്ത് പദ്ധതിയിൽ 48 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. പ്രവൃത്തികളെല്ലാം പൂർത്തിയാക്കി 2020 ആഗസ്റ്റ് 31ന് പദ്ധതിയുടെ ഉദ്ഘാടനവും നടത്തിയിരുന്നു.
വശങ്ങളിൽ സംരക്ഷണവേലിയും നിർമിച്ചു. 20 ലക്ഷം രൂപയാണ് പ്രവൃത്തികൾക്കായി ചെലവഴിച്ചത്. റോഡിൽ വൈദ്യുതിലൈൻ സ്ഥാപിക്കുന്നതിനും ഇരിപ്പിടങ്ങൾ നിർമിക്കുന്നതിനുമായി 13 ലക്ഷവും ചെലവായി. എന്നാൽ,പിന്നീട് പ്രവൃത്തികളൊന്നും നടന്നില്ല . സംരക്ഷണവേലി കാണാൻ കഴിയാത്തവിധം വള്ളിപ്പടർപ്പുകൾ നിറഞ്ഞു.
കോൺക്രീറ്റ് പാതയും കാട് കയറി. ഇഴജന്തുക്കളെ ഭയന്നുവേണം പ്രഭാത-സായാഹ്ന സവാരി നടത്തേണ്ടതെന്ന സ്ഥിതിയായി. ഇതോടെ പ്രഭാത സായാഹ്ന സവാരിക്കാരും വഴി മാറി.
തിരുവല്ല-കുമ്പഴ സംസ്ഥാനപാതയെയും കോഴഞ്ചേരി-മണ്ണാറക്കുളഞ്ഞി റോഡിനെയും ബന്ധിപ്പിക്കുന്ന ഈ വഴി ഇലന്തൂർ, ആറന്മുള ഭാഗത്തുനിന്ന് വരുന്നവർക്കു വൺവേയിൽ കയറാതെ റാന്നി റോഡിലേക്ക് എത്തി ചെറുകോൽ, നാരങ്ങാനം, അയിരൂർ പ്രദേശങ്ങളിലേക്കു പോകുന്നതിനുള്ള എളുപ്പമാർഗം കൂടിയാണ്.നിലവിൽ മൂന്നു പേർക്ക് ഇരിക്കാവുന്ന ഇരുമ്പിൽ നിർമിച്ച ഒരു ഇരിപ്പിടം മാത്രമാണുള്ളത്. ഇത് തുരുമ്പെടുക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.