മഹാത്മാ ഗാന്ധിയുടെ സ്ട്രിങ് ആർട്ട് ചിത്രത്തോടൊപ്പം ഫായിസ്

സ്ട്രിങ് ആർട്ട്: ഫായിസിന്റെ കരവിരുതിൽ വിരിഞ്ഞത് ഗാന്ധിജിയുടെ ചിത്രം

ഊർങ്ങാട്ടിരി: നൂലും മുള്ളാണിയും ഉപയോഗിച്ച് യുവാവ് തയാറാക്കിയത് മഹാത്മാ ഗാന്ധിയുടെ ചിത്രം. ഊർങ്ങാട്ടിരി കല്ലരട്ടിക്കൽ സ്വദേശി മുഹമ്മദലി-സുബൈദ ദമ്പതികളുടെ മകനായ പി.പി. ഫായിസ് മുഹമ്മദാണ് ഈ കലാകാരൻ. മുള്ളാണിയും കറുപ്പുനൂലും മാത്രം ഉപയോഗിച്ചാണ് ഫായിസ് ചിത്രം തയാറാക്കിയിരിക്കുന്നത്.

സ്ട്രിങ് ആർട്ട് എന്നറിയപ്പെടുന്ന ഈ കലാരീതി വിദേശ രാജ്യങ്ങളിലാണ് പ്രധാനമായും കണ്ടുവരുന്നത്. സ്ട്രിങ് ആർട്ടിൽ തയാറാക്കിയ ചിത്രം സമൂഹമാധ്യമത്തിലൂടെ ശ്രദ്ധയിൽപെട്ടതിനെത്തുടർന്നുള്ള പ്രചോദനമാണ് ഫായിസിനെ ഈ കരവിരുതിലേക്ക് നയിച്ചത്. തുടർന്ന് മഹാത്മാ ഗാന്ധിയുടെ ചിത്രംതന്നെ തെരഞ്ഞെടുത്ത് സ്ട്രിങ് ആർട്ട് ആരംഭിക്കുകയായിരുന്നു.

ഒരു മീറ്റർ നീളവും വീതിയുമുള്ള ബോർഡിൽ ഏകദേശം 300 മുള്ളാണികളും 2000 മീറ്റർ കറുപ്പുനൂലും ഉപയോഗിച്ചാണ് ചിത്രം പൂർത്തിയാക്കിയത്. ഈ നിർമാണരീതി പഠിക്കാൻ ആറു മാസത്തോളമെടുത്തു. തുടർന്ന് 30 മണിക്കൂർ ചെലവഴിച്ചാണ് ചിത്രം പൂർത്തിയാക്കിയതെന്ന് ഫായിസ് പറഞ്ഞു.

ബോർഡിൽ മുള്ളാണി തറച്ചശേഷം വ്യത്യസ്ത കോഡുകൾ ഉപയോഗിച്ച് നൂലുകൾ കോർത്തിണക്കിയാണ് സ്ട്രിങ് ആർട്ട് ചിത്രം തയാറാക്കുന്നത്. ഒരു മുള്ളാണിയിൽനിന്ന് മറ്റൊന്നിലേക്ക് നൂൽ കോർത്തിണക്കുമ്പോൾ കൃത്യമായി സമയമെടുത്ത് സൂക്ഷ്മതയോടെ ചെയ്താൽ മാത്രമേ ചിത്രത്തിലേക്ക് എത്താൻ സാധിക്കൂവെന്ന് ഫായിസ് പറയുന്നു. ആദ്യ പരീക്ഷണം വിജയിച്ച സാഹചര്യത്തിൽ കൂടുതൽ ചിത്രങ്ങൾ സമാനരീതിയിൽ തയാറാക്കാനുള്ള തീരുമാനത്തിലാണ് ഈ കലാകാരൻ. കോഴിക്കോട് ഫൈൻ ആർട്സ് കോളജിൽ പഠിച്ച ഫായിസ് പെൻസിൽ, ജലച്ചായം എന്നിവ ഉപയോഗിച്ച് നിരവധി പ്രമുഖരുടെ ചിത്രങ്ങൾ വരച്ചും ശ്രദ്ധ നേടിയിട്ടുണ്ട്.

Tags:    
News Summary - String Art: handcrafted painting of Gandhiji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.