തേഞ്ഞിപ്പലത്തെ കുഴൽപണ കവർച്ച: മൂന്ന് പേർ കൂടി പിടിയിൽ

തേഞ്ഞിപ്പലം: പൊലീസെന്ന വ്യാജേന ചേളാരിക്കടുത്ത പാണമ്പ്ര ദേശീയപാതയിൽ ബൈക്ക് യാത്രക്കാരനിൽനിന്ന് 11.40 ലക്ഷം രൂപ കവർന്ന കേസിൽ മൂന്ന് പേർ കൂടി പിടിയിലായി. തൃശൂർ സ്വദേശികളായ പഴുക്കര കോക്കാട്ടി ഹൗസിലെ കെ.ജെ. ജോബി (33), കൊരട്ടി കാവുങ്ങൽ പുത്തൻ പുരക്കൽ കെ.പി. അജിത് കുമാർ (26), ആലപ്പുഴ ചെന്നംകരി കളത്തിൽ കൈനേരി കെ.പി. കണ്ണൻ (24) എന്നിവരാണ് അറസ്റ്റിലായത്. ജോബിയെ ചാലക്കുടിയിൽ വെച്ചും അജിത് കുമാറിനെ അങ്കമാലിയിൽ നിന്നും കണ്ണനെ ട്രിച്ചിയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

കണ്ണൻ വേളാങ്കണ്ണിയിലേക്ക് പോകുംവഴിയാണ് പിടിയിലായത്. തേഞ്ഞിപ്പലം എസ്.ഐ സംഗീത് പുനത്തിൽ, എ.എസ്.ഐ രവീന്ദ്രൻ, സി.പി.ഒ രൂപേഷ്, പ്രത്യേക സംഘാംഗങ്ങളായ സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാടൻ, ഉണ്ണികൃഷ്ണൻ, രതീഷ് സഞ്ജീവ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. രണ്ടു ദിവസം മുമ്പ് അറസ്റ്റിലായ മിഥുൻ ഡിക്സൺന്റെ നേതൃത്വത്തിൽ കവർച്ച സംഘം അങ്കമാലിയിൽനിന്ന് ആദ്യം കോട്ടക്കലിൽ എത്തുകയും പിന്നീട് കാർ, ടെംപോ എന്നീ രണ്ട് വാഹനങ്ങളിലായി കൃത്യം നടന്ന സ്ഥലമായ തേഞ്ഞിപ്പലത്ത് എത്തുകയുമായിരുന്നു. സംഘത്തിലെ രണ്ടാമത്തെ പ്രധാനിയാണ് ജോബി. പൊലീസ് രണ്ട് സംഘങ്ങളായാണ് പ്രതികളെ വലയിലാക്കിയത്.ഇതോടെ ഈ കേസിൽ ഒരാൾ കൂടിയാണ് ഇനി അറസ്റ്റിലാവാനുള്ളത്. ഏഴംഗ സംഘത്തിലെ പ്രധാന സൂത്രധാരൻ രണ്ടു ദിവസം മുമ്പ് അറസ്റ്റിലായിരുന്നു. സംഭവം നടന്ന ഉടനെയും രണ്ട് പേർ അറസ്റ്റിലായിരുന്നു.

2021 നവംബർ 30നാണ് കേസിനാസ്പദമായ സംഭവം. ചേലേമ്പ്ര പൈങ്ങോട്ടൂർ സ്വദേശി കാളാത്ത് മുഹമ്മദ് കോയ (51) നല്‍കിയ പരാതിയെ തുടർന്നാണ് തേഞ്ഞിപ്പലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കാറിലെത്തിയ സംഘം ബൈക്ക് തടഞ്ഞ് നിര്‍ത്തി ചോദ്യം ചെയ്ത ശേഷം ബൈക്കില്‍നിന്ന് പിടിച്ചെടുത്ത പണത്തിന്റെ രേഖകള്‍ ആവശ്യപ്പെടുകയും രേഖകള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് പണവും ബൈക്കും കസ്റ്റഡിയില്‍ എടുക്കുകയാണെന്ന വ്യാജേന കാറില്‍ കയറാന്‍ ആവശ്യപ്പെടുകയുമായിരുന്നു. വിസമ്മതിച്ചതോടെ ബലപ്രയോഗത്തിലൂടെ സംഘം ബൈക്കും പണവും തട്ടിയെടുക്കുകയായിരുന്നു. ഒരു തെളിവും അവശേഷിപ്പിക്കാതെ നടത്തിയ കവർച്ചയിലെ പ്രതികളെ അഞ്ചു മാസം കൊണ്ട് അറസ്റ്റ് ചെയ്യാനായി. അമ്പതോളം സി.സി.ടി.വി കാമറകളിലെ ദൃശ്യങ്ങളും സമാന കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട നിരവധി കവർച്ച സംഘങ്ങളേയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ പിടികൂടാനായത്. കഞ്ചാവ് കടത്തിന് പിടിക്കപ്പെട്ട് ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷം വിവിധ കേസുകളിൽ ഉൾപ്പെട്ട ആളുകളെ സംഘടിപ്പിച്ചാണ് പ്രധാന പ്രതി ഡിക്സൺ കവർച്ച സംഘത്തിന് രൂപം കൊടുത്തത്.

Tags:    
News Summary - Three more arrested for money laundering in Thenjipalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.