കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ തു​ഞ്ച​ന്‍ താ​ളി​യോ​ല ഗ്ര​ന്ഥ​പ്പു​ര

സർവകലാശാല താളിയോല ഗ്രന്ഥങ്ങളിലെ അറിവുകള്‍ ജനങ്ങളിലേക്ക്

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല തുഞ്ചന്‍ ഗ്രന്ഥപ്പുരയിലെ താളിയോല ഗ്രന്ഥങ്ങളിലെ അറിവുകള്‍ വിദ്യാർഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ലഭ്യമാക്കാന്‍ നടപടി തുടങ്ങി. ഗ്രന്ഥങ്ങളുടെ ഡിജിറ്റലൈസേഷനും പബ്ലിക്കേഷനും ലക്ഷ്യമിട്ടാണിത്. ഇതിനായി വിശദപദ്ധതി സമര്‍പ്പിക്കാന്‍ തയാറെടുപ്പുകള്‍ തുടങ്ങിയതായി തുഞ്ചന്‍ താളിയോല ഗ്രന്ഥപ്പുര ഡയറക്ടറും മലയാള-കേരള പഠനവിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസറുമായ ഡോ. എം.പി. മഞ്ജു പറഞ്ഞു. ആറുമാസത്തിനകം വൈസ് ചാന്‍സലര്‍ക്ക് സമര്‍പ്പിക്കാനാണ് ശ്രമം. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ വിവിധ പദ്ധതികൾ എന്നിവയിലേക്ക് നേരത്തേതന്നെ ഈ നിർദേശം നല്‍കിയതായി അവർ പറഞ്ഞു.

സര്‍വകലാശാല സന്ദര്‍ശിച്ച നാക് സംഘം താളിയോല ഗ്രന്ഥങ്ങള്‍ ഉടൻ ഡിജിറ്റലൈസ് ചെയ്യാനും മലയാളം, ഇംഗ്ലീഷ് ഭാഷകളിലേക്ക് തര്‍ജമ ചെയ്യാനും നിര്‍ദേശിച്ചിരുന്നു. ഇതിന്‍റെ കൂടി പശ്ചാത്തലത്തിലാണ് വിശദമായ പദ്ധതി സമര്‍പ്പിക്കുന്നത്. പൊതുജനങ്ങള്‍ക്കും വിദ്യാർഥികള്‍ക്കും താളിയോല ഗ്രന്ഥപ്പുരയെക്കുറിച്ച് വിശദമായി അറിയാന്‍ tmr.uoc.ac.in വെബ്‌സൈറ്റും സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള താളിയോല ഗ്രന്ഥങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാൻ താളിയോല സംരക്ഷണ ക്ലിനിക്കും ഇതിനകം സജ്ജീകരിച്ചിട്ടുണ്ട്. ലിഖിത പഠനവുമായി ബന്ധപ്പെട്ട് ഗ്രന്ഥപ്പുരയില്‍ ഡിപ്ലോമ കോഴ്‌സും തുടങ്ങുന്നുണ്ട്. സംസ്ഥാനത്തെ രണ്ടാമത്തെ ഏറ്റവും വലിയ താളിയോല ഗ്രന്ഥശേഖരമാണ് കാലിക്കറ്റിലുള്ളത്. 1971ല്‍ മലയാള പഠനവകുപ്പിന് കീഴില്‍ തുടങ്ങിയതാണ് പദ്ധതി. പനയോല, മുളക്കരണം, ചെപ്പേട്, കടലാസുകള്‍ തുടങ്ങിയവയിലായി എണ്ണായിരത്തഞ്ഞൂറോളം ഗ്രന്ഥങ്ങളുണ്ട്.

Tags:    
News Summary - The knowledge of university palm leaf books to the people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.