കുളത്തൂപ്പുഴയിലെ പതിനാറേക്കറില്‍ പ്രവര്‍ത്തിക്കുന്ന നെയ്ത്തുശാലയിലെ പ്രവര്‍ത്തനസജ്ജമായ തറികള്‍

ദുരിതത്തി​െൻറ ഇഴയെണ്ണി ​നെയ്​ത്ത്​ തൊഴിലാളികൾ

കുളത്തൂപ്പുഴ: ജീവിതസ്വപ്നങ്ങള്‍ക്ക് നിറംപകരാനായി നൂലുകളില്‍ ചായംതേച്ച് ഇഴകൂട്ടി നെയ്തെടുത്ത് തുണിത്തരങ്ങളാക്കി പുറംലോകത്തെത്തിച്ച് കുടുംബത്തിന്​ താങ്ങുംതണലുമാകാമെന്ന പ്രതീക്ഷയില്‍ നെയ്ത്തുജോലികളിലേക്കെത്തിയവര്‍ ഇന്ന് ദൈനംദിന ചെലവുകള്‍ക്കുപോലും ആവശ്യമായ കൂലി ലഭിക്കാതെ തൊഴിലുപേക്ഷിക്കേണ്ട അവസ്ഥയില്‍. ദിനംപ്രതി നാശത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന കുളത്തൂപ്പുഴ പട്ടികവർഗ നെയ്​ത്ത്​​ സഹകരണ സംഘത്തിലെ തൊഴിലാളികളാണ് പരിദേവനങ്ങളുമായി വകുപ്പുകളുടെ കനിവിനായി കാത്തിരിക്കുന്നത്. ഓണക്കാലമെത്തിയിട്ടും ലഭിക്കേണ്ട വേതനത്തിെൻറ 33 ശതമാനം മാത്രമേ കിട്ടിയിട്ടുള്ളൂ. ബാക്കി എന്ന്​ കിട്ടുമെന്നോ, ഒരുവര്‍ഷത്തിലധികമായി ലഭിക്കേണ്ട പതിനായിരക്കണക്കിനുള്ള ഇന്‍സെൻറീവ് തുകയും എപ്പോള്‍ ലഭിക്കുമെന്നോ അറിയില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.

ആദിവാസി വിഭാഗത്തില്‍പെട്ട യുവജനങ്ങളുടെ ക്ഷേമത്തിനായി 1984ലാണ് വില്ലുമല ആദിവാസി കോളനി കേന്ദ്രീകരിച്ച് നെയ്ത്തുശാല പ്രവർത്തനം ആരംഭിച്ചത്. കൂടുതല്‍ സൗകര്യങ്ങളോടെ കുളത്തൂപ്പുഴയിൽ ആരംഭിച്ച പട്ടികവർഗ നെയ്ത്ത്​ സഹകരണ സംഘത്തിെൻറ തുടര്‍ വികസനത്തിന്​ ബന്ധപ്പെട്ട വകുപ്പുകള്‍ സമയബന്ധിതമായി സഹായമെത്തിക്കാത്തതാണ് നിലവിലെ സ്ഥിതിവിശേഷത്തിന്​ കാരണം.

ആദിവാസികളായ സ്ത്രീകൾക്ക് തുണി നെയ്യാൻ പരിശീലനം നൽകിയശേഷം ഇവിടെത്തന്നെ സ്ഥിരം തൊഴില്‍ ലഭ്യമാക്കി വരുമാനം ഉറപ്പുവരുത്തുന്നതിനാണ് പദ്ധതി ലക്ഷ്യമിട്ടിരുന്നത്. പരിശീലനകാലത്ത് 5000 രൂപ വരെ ഇവർക്ക് സ്​​െറ്റെപൻറായും നൽകിയിരുന്നു. പരിശീലനം പൂര്‍ത്തിയാക്കിയതിനുശേഷം നെയ്​ത്ത്​​ ജോലിയിലേര്‍പ്പെട്ടവര്‍ക്ക് ചെയ്യുന്ന ജോലിയുടെ അടിസ്ഥാനത്തില്‍ വേതനവും നല്‍കിയിരുന്നു. തുടക്കത്തില്‍ നല്ലരീതിയിൽ പ്രവർത്തിച്ചിരുന്ന സംഘത്തിന് 1989ൽ പട്ടികവർഗ വികസന വകുപ്പ് കുളത്തൂപ്പുഴ പതിനാറേക്കർ കേന്ദ്രമാക്കി സ്വന്തമായി സ്ഥലം വാങ്ങി കെട്ടിടവും നിർമിച്ചുനൽകി. ഇതോടെ നെയ്ത്തുശാല ഇവിടേക്ക് മാറ്റുകയും മുപ്പത്​ തറികളും അതിനാവശ്യമായ അനുബന്ധന സൗകര്യങ്ങളുമടക്കം പ്രവർത്തനം വിപുലമാക്കുകയായിരുന്നു. എന്നാൽ, മാറ്റത്തിനനുസരിച്ച് തുടര്‍ന്നു സര്‍ക്കാറില്‍നിന്നും ഒരു ധനസഹായമോ മേൽനോട്ടമോ ലഭിച്ചില്ല.

നെയ്തെടുക്കുന്ന തുണിത്തരങ്ങൾ വാങ്ങാൻ ആളില്ലാതെ വരികയും ജോലിയെടുത്തവര്‍ക്ക് വേതനംപോലും നല്‍കാനാവാത്ത അവസ്ഥയുമെത്തിയതോടെ നെയ്​ത്തുശാലയുടെ നാശത്തിന്​ തുടക്കമായി. പ്രദേശത്ത് പരിശീലനം സിദ്ധിച്ചവർ ഏറെ ഉണ്ടെങ്കിലും തുച്ഛ വേതനത്തിന് പണി എടുക്കാൻ ആളില്ലാതെ വന്നതും തുടര്‍ പ്രവർത്തനത്തെ ബാധിച്ചു.

നോക്കാനും കാണാനും മേൽനോട്ടത്തിനും ആളില്ലാതെ വന്നതോടെ സംഘം കെട്ടിടം കാടുകയറി പാമ്പുവളർത്തൽ കേന്ദ്രമായി. ചുറ്റുമതിൽ ഇല്ലാത്തതിനാൽ സാമൂഹികവിരുദ്ധരുടെ ആവാസകേന്ദ്രമായിമാറി. ഇതിനിടെ നൂലിന് നിറം പിടിപ്പിക്കുന്നതിനായി നെയ്തു കേന്ദ്രത്തിനുള്ളില്‍ സ്ഥാപിച്ചിരുന്ന വലുപ്പമേറിയ ചെമ്പു പാത്രവും അനുബന്ധ ഉപകരണങ്ങളും മോഷ്​ടാക്കൾ കടത്തി. മുപ്പത് തറിയന്ത്രങ്ങൾ ഉണ്ടായിരുന്ന ഇവിടെ ഏറെ നാളുകള്‍ക്ക് ശേഷം അറ്റകുറ്റപ്പണി നടത്തിയ പത്തെണ്ണം മാത്രമാണ് ഇപ്പോള്‍ ആകെ പ്രവർത്തനസജ്ജമായിട്ടുള്ളത്.

ഒട്ടേറെ തൊഴിലാളികൾ പണി എടുത്തിരുന്ന സംഘത്തിൽ നിലവില്‍ അഞ്ചുപേര്‍ മാത്രമാണ് നിലവില്‍ ജോലിക്കെത്തുന്നത്. സര്‍ക്കാര്‍ സ്കൂളുകളിലേ‍ക്കുള്ള യൂനിഫോമിനുള്ള തുണികളാണ് ഇപ്പോള്‍ ഇവിടെ നിര്‍മിക്കുന്നത്. ഒരു മീറ്റര്‍ തുണി നെയ്യുന്നതിന് 80 രൂപയാണ് കൂലിയെങ്കിലും മാസങ്ങള്‍ കഴിഞ്ഞാലും കൃത്യമായി വേതനം നൽകാനാവാതെ തട്ടിത്തട‌ഞ്ഞാണ് സംഘത്തിെൻറ പോക്ക്.

നാളുകള്‍ക്ക് മുമ്പ് കൈത്തറി സംഘങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിന്​ ആവശ്യമായ ഫണ്ട് വ്യവസായ വകുപ്പിൽനിന്ന്​ അനുവദിച്ച് നൽകുമെന്ന് വാഗ്ദാനം നൽകി പോയവർ പിന്നീട് ഈ വഴിക്ക് തിരിഞ്ഞ് നോക്കിയി​െല്ലന്ന്​ തൊഴിലാളികൾ ആരോപിക്കുന്നു.

കോവിഡ് കാലത്തെ വറുതിയില്‍ നട്ടംതിരിയുന്ന തൊഴിലാളികളുടെ പ്രതീക്ഷയായിരുന്ന ശമ്പളവും ഇന്‍സെൻറീവും ഉത്രാടമായിട്ടും ലഭിക്കാത്തത് ഇവരു​ടെ ഒാണം ദുരിതത്തിലാക്കിയിരിക്കുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.