കോളനിവാസികള്‍ക്കിടയില്‍ വിളര്‍ച്ചരോഗം വ്യാപകം; ആശങ്കപ്പെടേണ്ടതില്ലെന്ന്​ അധികൃതർ

കുളത്തൂപ്പുഴ: ആരോഗ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ആദിവാസി കോളനിയില്‍ നടത്തിയ പരിശോധനയില്‍ 14 പേര്‍ക്ക് വിളര്‍ച്ചരോഗ ലക്ഷണങ്ങള്‍ സ്ഥിരീകരിച്ചു.

കഴിഞ്ഞദിവസം കുളത്തൂപ്പുഴ പഞ്ചായത്തിലെ ചെറുകര, ഇടത്തറ ആദിവാസി കോളനിയിലാണ് ആരോഗ്യവകുപ്പ് ഇടപെട്ട് രോഗപരിശോധന നടത്തിയത്. രണ്ടുദിവസം മുമ്പ് ആരോഗ്യമന്ത്രി വീണ ജോര്‍ജി‍െൻറ തല്‍സമയം പരിപാടിയില്‍ ഊരുനിവാസികള്‍ കൈമാറിയ വിഡിയോ സന്ദേശം ശ്രദ്ധയിൽപെട്ടാണ് അടിയന്തരമായി ഇടപെട്ട് വൈദ്യപരിശോധന നടത്താന്‍ ആരോഗ്യവകുപ്പിന്​ നിര്‍ദേശം നല്‍കിയത്. കോളനിവാസികളില്‍ 137 പേരെ മാത്രം പരിശോധന നടത്തിയപ്പോഴാണ് വിളര്‍ച്ച ബാധിച്ചവരുടെ കണക്ക് പുറത്തുവന്നത്.

ഇരട്ടിയിലധികം പേര്‍ ഇനിയും പരിശോധനക്ക് വിധേയരാകാനുണ്ട്. ഇതുകൂടി പൂര്‍ത്തിയാകുമ്പോള്‍ രോഗബാധിതരുടെ എണ്ണം വർധിക്കാനിടയുണ്ട്. സ്ത്രീകളും കുട്ടികളുമാണ് ഇതിലേറെയും.

കോവിഡ് ബാധിതരുടെ എണ്ണം കൂടിയതോടെ പ്രദേശത്ത് ക​ണ്ടെയ്​ൻമെൻറ്​ സോണുകൾ നിലനില്‍ക്കുന്നതിനാല്‍ പലരും പരിശോധനക്കായി കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ക്യാമ്പില്‍ എത്തിയതുമില്ല.

ഊരുനിവാസികളായ സഞ്ജയും അഖിലയുമാണ് നാട്ടുകാരുടെ ആരോഗ്യ പ്രശ്നം ഉന്നയിച്ച് മന്ത്രിക്ക് സന്ദേശം അയച്ചത്.

ആദിവാസികളുടെ ഉന്നമനത്തിനും ആരോഗ്യ സുരക്ഷക്കുമായി പട്ടികവര്‍ഗ വികസനവകുപ്പ് നേതൃത്വത്തില്‍ ഒട്ടേറെ പദ്ധതികള്‍ ആവിഷ്കരിക്കുകയും കാലാകാലങ്ങളില്‍ മെഡിക്കല്‍ ക്യാമ്പും പിരിശോധനയും നടത്തുന്ന പ്രദേശത്താണ് ഗുരുതരമായ വിളര്‍ച്ച രോഗം കുട്ടികളിലടക്കം സ്ഥിരീകരിച്ചിരിക്കുന്നത്. എന്നിട്ടും രോഗം പടരുന്നത് നാട്ടുകാര്‍ക്കിടയില്‍ ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്.

എന്നാല്‍, ആശങ്കപ്പെടേണ്ട തരത്തില്‍ ഗുരുതരമായ രോഗ ലക്ഷണങ്ങളൊന്നും തന്നെ പരിശോധനയില്‍ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സാധാരണ ഗതിയില്‍ സ്ത്രീകളില്‍ കണ്ടുവരുന്ന ആരോഗ്യ പ്രശ്​നങ്ങളുടെ ലക്ഷണങ്ങളാണ് ഇപ്പോഴുള്ളതെന്നും പോഷകാഹാരങ്ങള്‍ ക്രമീകരിച്ചാല്‍ ഇത് സാധാരണ നിലയിലേക്ക് മാറുമെന്നും കുളത്തൂപ്പുഴ ആരോഗ്യകേന്ദ്രം അധികൃതര്‍ അറിയിച്ചു.

Tags:    
News Summary - Anemia prevalent among the colonists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.