ഷൈനി
ചെറുവത്തൂർ: മലയാള സിനിമയിൽ വീണ്ടും കാസർകോടിന്റെ കൈയൊപ്പ്. ചെറുവത്തൂർ മട്ടലായി സ്വദേശിയായ ഷൈനിയാണ് നിരവധി സിനിമകളിൽ വേഷമവതരിപ്പിച്ച് ശ്രദ്ധേയയാകുന്നത്. ആദ്യമായി അഭിനയിച്ച സിനിമ പ്രശസ്ത സംവിധായകനായ ഷാജി എൻ. കരുണിന്റെ ‘ഓള്’ എന്ന ചിത്രമാണ്. തുടർന്ന് ലാൽജോസ്, സലീം അഹമ്മദ് തുടങ്ങിയ സംവിധായകരുടെ സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ അവതരിപ്പിച്ചു.
ദീപൻ ശിവരാമന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന പ്രസിദ്ധമായ നാടകത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചതാണ് വഴിത്തിരിവായത്. ഇതേ നാടകത്തിനുവേണ്ടി പല സിനിമകളിലും ലഭിച്ച അവസരങ്ങൾ വേണ്ടെന്നുവെച്ചിരുന്നു. എന്നാൽ, ഈ നാടകം കണ്ട രതീഷ് ബാലകൃഷ്ണ പൊതുവാൾ ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ സിനിമയിൽ അവസരം നൽകി. അതിൽ അമ്പിളി എന്ന വളരെ ശ്രദ്ധേയ കഥാപാത്രം ചെയ്യാൻ അവസരം ലഭിച്ചു.
അമ്പിളിയെ കണ്ടിട്ടാണ് ജഗദീഷിന്റെ ഭാര്യ ഗീത എന്ന കഥാപാത്രം ലഭിച്ചത്. ഷാഹി കബീറിന്റെ ‘റോന്ത്’ സിനിമയാണ് റിലീസായ അവസാനത്തെ ചലച്ചിത്രം. റോഷൻ മാത്യുവിന്റെ അമ്മയായി റോന്തിൽ അഭിനയിച്ച വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കോട്ടയത്ത് വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന മധുവിധു എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഷൈനിയിപ്പോൾ. വ്യത്യസ്തമായ മികച്ച കഥാപാത്രങ്ങൾ ഷൈനിയെ തേടിയെത്തുന്നുണ്ട്.
കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറി, കയ്യൂർ ഗവ. ഹയർ സെക്കൻഡറി എന്നിവിടങ്ങളിലെ പഠനശേഷം പുണെയിൽനിന്ന് ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സ് പൂർത്തിയാക്കി ആരോഗ്യവകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായി ജോലി ചെയ്യവെയാണ് ചലച്ചിത്രലോകത്തേക്ക് കടന്നത്. ചലച്ചിത്രതാരം ഉണ്ണിരാജിന്റെ പ്രോത്സാഹനവും സിനിമയിൽ കൂടുതൽ അവസരം ലഭിക്കാനിടയായി. പയ്യന്നൂർ കവ്വായി ഗവ. യു.പി സ്കൂൾ പ്രധാനാധ്യാപകൻ വിജയനാണ് ഭർത്താവ്. ഏക മകൾ ഐശ്വര്യ പ്ലസ് ടു പഠനം പൂർത്തിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.