ചെറുവത്തൂർ: തെയ്യച്ചമയങ്ങളുടേയും കൊടിക്കൂറകളുടേയും നിർമ്മാണത്തിൽ അവസാന വാക്കായ ഭാസ്ക്കരൻ ടെയ്‌ലര്‍ ഇപ്പോൾ തിരക്കിലല്ല. നിന്നു തിരിയാൻ സമയമില്ലാത്ത വിധം രാപകൽ അധ്വാനിച്ച കെ.കെ. ഭാസ്ക്കരൻ്റെ തൊഴിലിനും തിരശീലയിട്ടത് കൊറോണ തന്നെ. എങ്കിലും ചെറുവത്തൂർ കൊവ്വലിലെ തൻ്റെ ഷോപ്പ് അടച്ചിടാൻ ഇയാൾ ഒരുക്കമല്ല. കാലം വെളുക്കുമെന്നും ആവശ്യക്കാർ എത്തുമെന്നുമുള്ള പ്രതീക്ഷയിൽ തൻ്റെ ടെയ്‌ലറിങ് യന്ത്രം ചലിപ്പിക്കുകയാണ് ഇദ്ദേഹം.
കോവിഡിനെ തുടർന്ന് കളിയാട്ടങ്ങളും പെരുങ്കളിയാട്ടങ്ങളും ഇല്ലാതായതാണ് ഭാസ്ക്കരൻ്റെയും അന്നംമുട്ടിച്ചത്. ക്ഷേത്രങ്ങൾക്ക് മുന്നിലെ തൂണിന് ഉയർത്തുന്ന കൊടിക്കൂറയുടെ നിർമ്മാണത്തിലാണ് ഈ 70കാരനിപ്പോൾ. ചിങ്ങമാസത്തിൻ്റെ അവസാനത്തിൽ ഇത്തരം കൊടിക്കൂറക്കായ് പലരും എത്താറുണ്ട്. വർഷങ്ങളായി ഈ രംഗത്ത് തൊഴിലെടുക്കുന്ന ഭാസ്ക്കരൻ മൈലാപ്പ്, തെയ്യച്ചമയങ്ങൾ എന്നിവയെല്ലാം നിർമ്മിക്കുന്നുണ്ട്.
കൃത്യമായ കണക്ക് കൂട്ടലും, ഏറെ വൈദഗ്ദ്യവും വേണ്ട ഈ തൊഴിലിൽ കൂടുതൽ പേർ എത്തുന്നുമില്ല. നെല്ലിക്കാതുരുത്തി കഴകം പെരുങ്കളിയാട്ട മഹോത്സവത്തിന് ഒരുക്കിയ തെയ്യച്ചമയങ്ങൾ കണ്ടാണ് കൂടുതൽ ആവശ്യക്കാർ ഭാസ്ക്കരനെ തേടി എത്തിയത്.
വയൽക്കര മയിച്ച ഭഗവതി ക്ഷേത്രം, ചെറുവത്തൂർ വീരഭദ്രാക്ഷേത്രം, ചാത്തമത്ത് ഭഗവതി ക്ഷേത്രം, ചിത്താരി ചാമുണ്ഡി ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള കൊടിക്കൂറയും, തെയ്യച്ചമയങ്ങളുമെല്ലാം വർഷങ്ങളായി നിർമ്മിച്ചു നൽകുന്നത് ഇദ്ദേഹമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.