ചെറിയാക്കര ഗവ. എല്‍.പിക്ക്​ മികച്ച പി.ടി.എ പുരസ്‌കാരം

ചെറുവത്തൂർ: ചെറിയാക്കര ഗവ. എല്‍.പി സ്‌കൂളിന് സംസ്ഥാന തലത്തില്‍ ബെസ്​റ്റ്​ പി.ടി.എ പുരസ്‌കാരം. മൂന്നാം സമ്മാനമായ മൂന്നു ലക്ഷം രൂപയാണ് വിദ്യാലയത്തെ തേടിയെത്തിയത്. വിദ്യാലയം സമൂഹത്തിലേക്കും സമൂഹം വിദ്യാലയത്തിലേക്കുമെത്തിയ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് ചെറിയാക്കരയെ അംഗീകാരത്തിന് അര്‍ഹമാക്കിയത്. കഴിഞ്ഞ രണ്ടു വർഷത്തിനകം 14.5 ലക്ഷത്തിലധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടപ്പാക്കിയത്. കുട്ടികള്‍ക്ക് പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം വിഭവസമൃദ്ധമാക്കല്‍, നീന്തല്‍ പരിശീലനം, മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവയെല്ലാം മാതൃകയായി. പരിസ്ഥിതി സംരക്ഷണം വിഷയമാക്കിയ ഏറ്, ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുമായി ബന്ധപ്പെട്ട ഇഷാന്‍ എന്നീ ഹ്രസ്വചിത്രങ്ങള്‍ ഉൾപ്പെടെ ആറോളം ഹ്രസ്വചിത്രങ്ങൾ പി.ടി.എ നേതൃത്വത്തില്‍ ഒരുക്കി. ഹൗസ്‌ബോട്ടുകളില്‍ ഉൾപ്പെടെ നടത്തിയ ക്ലാസ് പി.ടി.എ യോഗങ്ങളും ശ്രദ്ധനേടി. കുട്ടികള്‍ക്ക് കൃഷി അറിവുകള്‍ പകരുന്നതിനായി വാഴക്കൃഷിയും നെല്‍കൃഷിയും നടത്തി മികച്ച വിളവ് കൊയ്തു. ഉച്ചഭക്ഷണത്തോടൊപ്പം കുട്ടികൾക്ക് പ്രഭാതഭക്ഷണവും ചെറിയാക്കരയിലുണ്ട്. ക്യു.ആര്‍ കോഡ് പതിച്ച നോട്ടുപുസ്തകങ്ങളും ദർപ്പണ്‍ എന്ന പേരില്‍ മൊബൈല്‍ ആപ്ലിക്കേഷനും തയാറാക്കി. കോവിഡ് കാലത്ത് മൂന്ന് പ്രാദേശിക പഠന കേന്ദ്രങ്ങളിലേക്ക് ടെലിവിഷന്‍, വീടുകളിലേക്ക് മാസ്‌ക്, ഭക്ഷ്യകിറ്റ് എന്നിവ എത്തിച്ചുനല്‍കി പി.ടി.എ കമ്മിറ്റി സാമൂഹിക പ്രതിബദ്ധത അടയാളപ്പെടുത്തി. നാലാംതരം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് വിമാനത്തിലാണ് പഠനയാത്ര ഒരുക്കിയത്. സര്‍ക്കാര്‍ അനുവദിച്ച 1.2 കോടിയുടെ കെട്ടിടവും എം.എല്‍.എ എം. രാജഗോപാലന്‍ അനുവദിച്ച സ്​കൂള്‍ ബസും എത്തുന്നുവെന്ന സന്തോഷവാര്‍ത്തക്കിടയിലാണ് ഇരട്ടിമധുരമായി പി.ടി.എ അവാര്‍ഡും ലഭിച്ചത്. 15ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് ഏറ്റുവാങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT