മംഗൽപാടി പഞ്ചായത്ത്: പച്ചക്കോട്ടയിൽ ലീഗ് ഭൂരിപക്ഷം കൂടുമോ?

മഞ്ചേശ്വരം: മംഗൽപാടി പഞ്ചായത്ത് എന്നും മുസ്​ലിം ലീഗി​ൻെറ ഉറച്ച കോട്ടയാണ്. ഈ കോട്ടകൊത്തളം തകർക്കാൻ ഇടതു മുന്നണിയും ബി.ജെ.പിയും പതിനെട്ടടവും പയറ്റിയിട്ടും കോട്ട തകർക്കാൻ പോയിട്ട് ഭരണത്തിന് നേരിയ ഭീഷണി പോലും ഉയർത്താൻ സാധിച്ചിട്ടില്ല. ഇത്തവണയും ലീഗ് മത്സരിക്കുന്നത് ഭരണം നിലനിർത്താൻ മാത്രമല്ല, ഭൂരിപക്ഷം ഉയർത്താൻ വേണ്ടി എന്നുവേണം പറയാൻ. ബി.ജെ.പിയാണ് ഇവിടെ പ്രധാന എതിരാളികൾ. ഇടതുപക്ഷം എന്നത് സംഘടന സംവിധാനം പോലും ഇല്ലാത്ത ആൾക്കൂട്ടമാണെന്ന് പാർട്ടി തന്നെ സമ്മതിക്കേണ്ടിവരുന്ന പ്രദേശം. പഞ്ചായത്ത് രൂപവത്​കരണ കാലം തൊട്ട് ലീഗിന് പരാജയം എന്തെന്ന് അറിയാത്ത അഞ്ചു വാർഡുകളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നഷ്​ടപ്പെട്ടത്. മൂസോടി (ഒന്ന്), ഉപ്പള ടൗൺ (നാല്), കുബണൂർ (ഒമ്പത്), മുട്ടം (13), അടുക്ക (17) എന്നിവയാണ് ലീഗിനെ കൈവിട്ടത്. ചരിത്രത്തിൽ ആദ്യമായി ലീഗിന് കേവലഭൂരിപക്ഷം നഷ്​ടപ്പെട്ടപ്പോൾ കന്നിവിജയം നേടിയ കോൺഗ്രസ് പിന്തുണയോടെയാണ് ലീഗ് ഭൂരിപക്ഷം തികച്ചത്. ഉറച്ച അഞ്ചു സീറ്റുകളിൽ സ്വതന്ത്രരാണ് ജയിച്ചുവന്നത്. ഒരുമുന്നണിയുടെയും ഭാഗമാവാത്ത ഇവർ (അടുക്കയിൽ ബി.ജെ.പി ഒഴികെ) ഭരണത്തിന് ഒരു ഭീഷണിയും സൃഷ്​ടിച്ചിട്ടുമില്ല. ഇത്തവണ നഷ്​ടപ്പെട്ടുപോയ അഞ്ചിൽ നാല് സീറ്റും തിരിച്ചുപിടിക്കുമെന്ന് നേതൃത്വം ഉറപ്പിച്ചുപറയുന്നു. കഴിഞ്ഞ തവണത്തെപ്പോലെ റെബൽ ശല്യം ഇത്തവണയും ഉയർന്നതിനാൽ അടുക്ക വാർഡിൽ ബി.ജെ.പി ജയിച്ചുകയറാനുള്ള സാഹചര്യം ലീഗ് നേതാക്കൾ തള്ളിക്കളയുന്നില്ല. പ്രധാന പ്രതിപക്ഷമായ ബി.ജെ.പിക്ക് നിലവിൽ ആറ്​ സീറ്റുകളുണ്ട്. അത് ഇത്തവണ മൂന്നിലേക്ക് താഴാനാണ് സാധ്യത. ചിലപ്പോൾ അത് നാലു സീറ്റിലേക്ക് എത്താനും മതി. വ്യക്​തമായ തന്ത്രങ്ങളില്ലാതെ തെരഞ്ഞെടുപ്പിലേക്കിറങ്ങിയ നേതാക്കൾക്കെതിരെ അണികൾ തന്നെ അപസ്വരം ഉയർത്തിയിട്ടുണ്ട്. സീറ്റ് കുറഞ്ഞാൽ പഞ്ചായത്ത് ചുമതലയുള്ളവർ നേതൃത്വത്തിന് മറുപടി കൊടുക്കേണ്ടിയും വരും. ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം പാരമ്പര്യമായി നിലനിർത്തിപ്പോരുന്ന ബേക്കൂർ (എട്ട്) വാർഡ് നിലനിർത്താൻ തന്നെ പ്രയാസപ്പെടുന്ന അവസ്​ഥയിലാണ്. ലീഗ് വിരുദ്ധ വോട്ടുകൾ സമാഹരിക്കാൻ കഴിഞ്ഞാൽ ചിലപ്പോൾ മുട്ടം (13) വാർഡ് ലഭിക്കാനാണ് സാധ്യത. നിലവിൽ 11 സീറ്റുള്ള ലീഗ് 15 സീറ്റ് ഉറപ്പിച്ച നിലയിലാണ്. ചിലപ്പോൾ 17 വരെ സീറ്റുകൾ ലഭിക്കാനും സാധ്യത ഉണ്ടെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. 1, 2, 3, 4, 9, 10, 14, 15, 16, 20,21, 22, 23 എന്നീ വാർഡുകളിൽ മേൽക്കൈ നേടിയിട്ടുണ്ട്. 5, 6, 11,12, 13, 17,20 എന്നീ വാർഡുകളിലാണ് എതിരാളികൾ ലീഗിനെ സംബന്ധിച്ചിടത്തോളം മത്സരം കടുപ്പിക്കുന്നത്. 7, 18,19 എന്നീ മൂന്ന് വാർഡുകൾ ബി.ജെ.പിയുടെ കുത്തകയാണ്. 5, 11,12, 17 എന്നീ നാലു സീറ്റുകളിൽ അവർ പ്രതീക്ഷ പുലർത്തുന്നുണ്ട്. പ്രസിഡൻറ്​ സ്ത്രീ സംവരണമായ ഇവിടെ ആ സ്ഥാനത്തേക്ക് കരുതപ്പെടുന്ന രണ്ടാം വാർഡായ ഉപ്പള ഗേറ്റിൽ ഇടതു മുന്നണിക്ക് സ്​ഥാനാർഥിയെപോലും നിർത്താൻ സാധിച്ചിട്ടില്ല. മരുമകൾ പ്രസിഡൻറ്​ സ്ഥാനത്തേക്ക് എത്തുമെന്ന് കരുതി ഐ.എൻ.എൽ നേതാവ് സീറ്റ് വാങ്ങിയശേഷം സ്​ഥാനാർഥിയെ നിർത്താതെ പോയതാണ് കാരണമെന്ന് സി.പി.എം യുവനേതാവ് പറഞ്ഞു. എന്നാൽ, സീറ്റ് സി.പി.എം തന്നെ മുന്നണി യോഗത്തിൽ ചോദിച്ചുവാങ്ങിയതാണെന്നും സ്ഥാനാർഥി ഇല്ലാത്തതിന് അവർ തന്നെ മറുപടി പറഞ്ഞാൽ മതിയെന്നും ഐ.എൻ.എൽ നേതാക്കളും പറയുന്നു. ഈ സീറ്റിൽ റെക്കോഡ് ഭൂരിപക്ഷം ലീഗ് ഉറപ്പിച്ചുകഴിഞ്ഞിട്ടുമുണ്ട്. വിസ്തീർണം: 36.3 ചതുരശ്ര കി.മീ. ജനസംഖ്യ: 48,468 (2011 സെൻസസ്) സീറ്റ് നില (2015) ആകെ സീറ്റ്: 23 മുസ്​ലിം ലീഗ്: 11 ലീഗ് സ്വതന്ത്ര: 1 കോൺഗ്രസ്: 1 ബി.ജെ.പി: ഒരു സ്വതന്ത്രൻ ഉൾപ്പെടെ 6 സ്വതന്ത്രർ: 4 ആകെ വോട്ടർമാർ: 39,553 പുരുഷൻ: 19,491 സ്​ത്രീ: 20,062

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.