എയിംസിനുവേണ്ടി റവന്യൂ മന്ത്രിക്ക്​ നിവേദനം നൽകി

കാസർകോട്: കേരളത്തിന് എയിംസ് ലഭ്യമാക്കുന്നതിന് സർക്കാർ തലത്തിൽ ഇടപെടണമെന്നും കാസർകോട്ട്​ സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് എയിംസ് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ജില്ലയുടെ ചുമതലയുള്ള റവന്യൂ ഭവന നിര്‍മാണ മന്ത്രി ഇ. ചന്ദ്രശേഖരന് സങ്കട ഹരജി നൽകി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന ജില്ലക്ക്​ എയിംസിലൂടെ പരിഹാരം കാണണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടു. കേരളത്തിന് എയിംസ് ലഭ്യമാവുകയാണ് ആദ്യം വേണ്ടതെന്നും അതിനനുസരിച്ച് തുടർനടപടിയുണ്ടാകുമെന്നും മന്ത്രി ഇ. ചന്ദ്രശേഖരൻ ഉറപ്പുനൽകി. പി.എച്ച്‌.സി, സി.എച്ച്‌.സി, ജില്ല ആശുപത്രി, താലൂക്ക് ആശുപത്രി, ജനറല്‍ ആശുപത്രി, മെഡിക്കല്‍ കോളജ് എന്നിവയുടെ കാര്യത്തിലും എണ്ണത്തിലും ഏറ്റവും പിറകിലാണ്​ ജില്ല. രോഗി, ഡോക്ടര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ അനുപാതം എന്നിവയിലും ജില്ല-സംസ്ഥാന ശരാശരിയില്‍ എത്രയോ താഴെയാണ്. സ്‌പെഷലൈസ്ഡ് ഡോക്ടര്‍മാര്‍ ഇല്ല. കര്‍ണാടക അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് ഡസനിലധികം പേര്‍ ചികിത്സ ലഭിക്കാതെ മരിച്ചു. മംഗളുരുവില്‍ നിന്ന്​ എത്താറുള്ള കാര്‍ഡിയോളജി, നെഫ്രോളജി, ന്യൂറോളജി വിഭാഗത്തിലുൾപ്പെടെയുള്ള 250 ഓളം ഡോക്ടര്‍മാര്‍ സന്ദര്‍ശനം നിര്‍ത്തിയതുകാരണം നിരവധി രോഗികള്‍ ചികിത്സ പ്രശ്‌നം നേരിടുന്നു. സ്വകാര്യ മെഡിക്കല്‍ കോളജുകൾ ഒന്നുപോലുമില്ലാത്ത ജില്ലയില്‍ അനുവദിച്ച ഗവ. മെഡിക്കല്‍ കോളജ് ഇപ്പോള്‍ കോവിഡ് ആശുപത്രിയായി പ്രവര്‍ത്തിക്കുകയാണ്. ഈ മെഡിക്കല്‍ കോളജിനൊപ്പം അനുവദിച്ച മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന്​ ഡോക്ടര്‍മാര്‍ പുറത്തിറങ്ങിത്തുടങ്ങി. ഇവയെല്ലാം സംസ്ഥാനത്തി​ൻെറ വിഭവ വിതരണത്തിലെ അസന്തുലിതാവസ്ഥയുടെ സംസാരിക്കുന്ന രേഖകളായി സംസ്ഥാന സര്‍ക്കാറി​ൻെറ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടുകളിലുണ്ട്. മറ്റൊരു മഹാമാരിക്കു കാത്തിരിക്കാതെ ജില്ലക്ക് ഉന്നതമായ ചികിത്സ സൗകര്യം ഒരുക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെട്ടു. ജനകീയ കൂട്ടായ്മ ജനറൽ കൺവീനർ രാജേന്ദ്രൻ കോളിക്കര, വൈസ് ചെയർമാൻ ഡോ. എ. അശോകൻ, രവീന്ദ്രൻ രാവണേശ്വരം എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.