രോഗികൾക്ക്​ സ്വാഗതം; കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ 20 പുതിയ ഡോക്ടർമാർ

പരാതിക്ക് പരിഹാരമാവുന്നു പയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിൽ ഡോക്ടർമാരുടെ അഭാവമാണെന്ന പരാതിക്ക് പരിഹാരമാവുന്നു. സർക്കാർ ഏറ്റെടുത്തശേഷം ഇതാദ്യമായി മെഡിക്കൽ കോളജിൽ 20 പുതിയ ഡോക്ടർമാർ ചുമതലയേറ്റെടുത്തു. പ്രിൻസിപ്പലിന് പുറമെയാണ് മറ്റ് മെഡിക്കൽ കോളജുകളിൽ നിന്ന്​ ട്രാൻസ്ഫറായും പി.എസ്.സി വഴി നിയമിതരായും വിവിധ വിഭാഗങ്ങളിൽ ഇത്രയധികം ഡോക്ടർമാർ ഒരുമിച്ച് പരിയാരത്തെത്തിയത്. ആരോഗ്യ മന്ത്രി മെഡിക്കൽ കോളജ് സന്ദർശിച്ച ശേഷമുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്, വിവിധ സർക്കാർ മെഡിക്കൽ കോളജുകളിൽ സേവനമനുഷ്‌ഠിച്ച വ്യത്യസ്ത വിഭാഗങ്ങളിലെ പ്രഗത്ഭരായ ഡോക്ടർമാരെ പരിയാരത്ത് ജോലി ചെയ്യാൻ ചുമതലപ്പെടുത്തിയത്. സർക്കാർ ഏറ്റെടുക്കുന്ന ഘട്ടത്തിൽ മെഡിക്കൽ കോളജിൽ ഉണ്ടായിരുന്ന ഡോക്ടർമാർക്ക് പുറമെയാണിത്. ഇതുപ്രകാരം, പ്രഫസർ തസ്തികയിൽ ഡോ. അലക്‌സ് ഉമ്മൻ (ജനറൽ സർജറി), ഡോ. അരവിന്ദ് എസ്. ആനന്ദ് (റേഡിയോതെറപ്പി), ഡോ. വി. ലത (പാത്തോളജി) എന്നിവരാണ് ചുമതലയേറ്റത്. ജനറൽ സർജറി വിഭാഗത്തിൽ ഡോ. ഇ.പി. ഉണ്ണികൃഷ്ണൻ, ഡോ. ഷാരുൺ അബി കുര്യൻ, ഡോ. എം.കെ. സുബൈർ, ഡോ. കെ. അതീഷ് എന്നിവർ അസി. പ്രഫസർ തസ്തികയിലും നിയമിതരായി. നിലവിൽ ഏറെ ശ്രദ്ധപിടിച്ചുപറ്റിയ ചികിത്സ വിഭാഗമായ കാർഡിയോളജിയിൽ ഡോ. കെ.എൻ. ഹരികൃഷ്ണൻ, ഡോ. ടി. സൈതലവി എന്നിവരും കാർഡിയോ വാസ്കുലാർ ആൻഡ് തൊറാസിക് സർജറി വിഭാഗത്തിൽ ഡോ. അഷ്‌റഫ്‌ ഉസ്മാനും മറ്റ് സർക്കാർ മെഡിക്കൽ കോളജിൽനിന്നും കണ്ണൂർ മെഡിക്കൽ കോളജിലെത്തിയവരാണ്​. മെഡിക്കൽ കോളജിൽ ആദ്യമായി പ്രത്യേകമായി രൂപവത്​കരിച്ച പീഡിയാട്രിക്‌സ് ന്യൂറോളജി വിഭാഗത്തിൽ ഡോ. ഹർഷ ടി. വാളൂരിന്റെ സേവനവും പരിയാരത്തുലഭിക്കും. പീഡിയാട്രിക്‌സ് സർജറി വിഭാഗത്തിൽ ഡോ. നിബി ഹസ്സൻ, ന്യൂറോസർജറി വിഭാഗത്തിൽ ഡോ. ഇ. പി. ഉണ്ണികൃഷ്ണൻ, ഡോ. മുരളീകൃഷ്ണൻ, ട്രാൻഫ്യൂഷൻ മെഡിസിൻ വിഭാഗത്തിൽ ഡോ. നിത്യ മോഹനൻ, ഡോ. എസ്. ശ്രീലക്ഷ്മി എന്നിവരും നെഫ്രോളജി വിഭാഗത്തിൽ ഡോ. പി. ധനിൻ, ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ വിഭാഗത്തിൽ ഡോ. ഹേമലത, റേഡിയോതെറപ്പി വിഭാഗത്തിൽ ഡോ. വി.ആർ. അഞ്ജലി തുടങ്ങിയവരുടെ സേവനം കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇനിയുണ്ടാവും. കഴിഞ്ഞദിവസം ചുമതലയേറ്റ ജനറൽ സർജറി വിഭാഗത്തിലെ ഡോ. എം.എ. അനൂപാണ് അവസാനം ചുമതലയേറ്റ ഡോക്ടർ. നെഫ്രോളജി സൂപ്പർ സ്‌പെഷാലിറ്റി ബിരുദം നേടിയ, നിലവിൽ ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോക്ടറായ ഡോ. കെ.വി. അനുപമയുടെ സേവനം നെഫ്രോളജി വിഭാഗത്തിൽ ലഭ്യമാണ്. വിവിധ വിഭാഗങ്ങളിൽ പ്രഫസർ തസ്തികകളിൽ ഉൾപ്പെടെ സർക്കാർ പുതിയ ഡോക്ടർമാരെ അനുവദിച്ചത് കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സ സംവിധാനം കൂടുതൽ വിപുലപ്പെടുത്തുന്നതിന് സഹായകരമാണെന്ന് പ്രിൻസിപ്പലും ആശുപത്രി സൂപ്രണ്ടും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.