പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിന് ശിക്ഷ

തലശ്ശേരി: നഗരത്തിൽ അലക്ഷ്യമായി മാലിന്യം തള്ളിയ സംഭവത്തിൽ നഗരസഭ ആരോഗ്യവിഭാഗം നടപടിയെടുത്തു. തള്ളിയവരെക്കൊണ്ട് മാലിന്യം തിരിച്ചെടുപ്പിച്ചതിനുപുറമെ പിഴയും ചുമത്തിയാണ് നഗരസഭ ശിക്ഷ നടപ്പാക്കിയത്. തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിൽ കണ്ണൂർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് പിന്നിലാണ് കഴിഞ്ഞ പണിമുടക്ക് ദിവസം ഒരുലോഡ് മാലിന്യം തള്ളിയത്. മഴയത്ത് ഇവ ചീഞ്ഞളിഞ്ഞ് പരിസരമാകെ വൃത്തിഹീനമായി. ബസ് കാത്തിരിപ്പ് കേന്ദ്രത്തിനും വ്യാപാര സ്ഥാപനങ്ങൾക്കും നടുവിൽ മാലിന്യം തള്ളിയതുസംബന്ധിച്ച് 'ഇതെന്താ കുപ്പത്തൊട്ടിയോ' എന്ന ശീർഷകത്തിൽ ഏപ്രിൽ എട്ടിന് 'മാധ്യമം' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് മാലിന്യം തള്ളിയവരെ കണ്ടെത്തിയത്. കട നവീകരിച്ചതിന്റെ ഭാഗമായുള്ള മാലിന്യമാണ് പണിമുടക്കിന്റെ മറവിൽ ആരോരുമറിയാതെ പൊതുസ്ഥലത്ത് തള്ളിയത്. പൊതുജനങ്ങൾക്കും യാത്രക്കാർക്കും ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കി. മാലിന്യം നിക്ഷേപിച്ച കടക്കാരെ കണ്ടെത്തി ഇവ അവരുടെ ചെലവിൽ തിരികെയെടുപ്പിച്ചു. ഇതിനുപുറമെ പിഴയും ചുമത്തി. ഇത്തരം നടപടി ആവർത്തിച്ചാൽ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭ ഹെൽത്ത് സൂപ്പർവൈസർ കെ. പ്രമോദ് അറിയിച്ചു. പടം...... തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് മാലിന്യം തള്ളിയതുസംബന്ധിച്ച് 'മാധ്യമം' നൽകിയ വാർത്ത

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.