ഓണ്‍ലൈന്‍ പഠനം

കണ്ണൂർ: ഓണ്‍ലൈന്‍ പഠനസൗകര്യവുമായി ബന്ധപ്പെട്ട് ജില്ലയിലെ കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കണ്ടെത്താനുള്ള നടപടികള്‍ തദ്ദേശ സ്ഥാപനതലത്തില്‍ ആരംഭിച്ചു. ഗ്രാമപഞ്ചായത്തുകളില്‍ ഓണ്‍ലൈന്‍ പഠനസൗകര്യം ഒരുക്കുന്നതിന്​ ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ പി.പി. ദിവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പഞ്ചായത്ത് പ്രസിഡൻറുമാരുടെ യോഗം ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്​തു. വിദ്യാഭ്യാസ വകുപ്പി​ൻെറ കണക്കുപ്രകാരം ജില്ലയില്‍ 3605 കുട്ടികളാണ് ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നേരിടുന്നത്. വൈദ്യുതി, നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങള്‍, ഓണ്‍ലൈന്‍ പഠനോപകരണങ്ങളുടെ അഭാവം തുടങ്ങിയ പ്രശ്‌നങ്ങളാണ് വിദ്യാര്‍ഥികള്‍ നേരിടുന്നത്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പരിശോധന നടത്തി അര്‍ഹരായ കുട്ടികളെ കണ്ടെത്തണമെന്ന് ദിവ്യ പറഞ്ഞു. സ്‌കൂളുകളില്‍ നിയമിതരായ നോഡല്‍ ഓഫിസര്‍മാര്‍, പഠന സഹായ സമിതി, വാര്‍ഡ് മെംബര്‍മാരുടെ മേല്‍നോട്ടത്തിലുള്ള വാര്‍ഡ് ജാഗ്രത സമിതികള്‍ എന്നിവ ചേര്‍ന്ന് പ്രശ്‌നങ്ങള്‍ കണ്ടെത്തി അവ പരിഹരിച്ച് കുട്ടികളുടെ സുഗമമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. അര്‍ഹതയുള്ള ഒരു കുട്ടിക്ക് പോലും സഹായം ലഭിക്കാത്ത അവസ്ഥ വരാതിരിക്കാന്‍ ജനപ്രതിനിധികള്‍ ശ്രദ്ധിക്കണം. ക്വാറികളില്‍ നിന്ന് ഈടാക്കുന്ന പിഴത്തുക ഉപയോഗിച്ച് പഠനസഹായം ഒരുക്കാന്‍ കലക്​ടര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും ഈ സാധ്യതകള്‍ പരിഗണിക്കുമെന്നും അവര്‍ പറഞ്ഞു. ജില്ലയിലെ കിടപ്പുരോഗികള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്നതിനുള്ള ജില്ല പഞ്ചായത്ത് പദ്ധതിയുടെ പുരോഗതിയും യോഗം വിലയിരുത്തി. മൊബൈല്‍ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തിക്കാന്‍ കഴിയാത്ത രോഗികള്‍ക്കു മാത്രമാണ് വാക്‌സിന്‍ വീടുകളില്‍ ലഭ്യമാക്കുക. തദ്ദേശ സ്ഥാപനതലത്തില്‍ ഇത്തരത്തിലുള്ള രോഗികളുടെ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനും ജൂണ്‍ 15ന് മുമ്പ് വ്യക്തമായ റൂട്ട് മാപ്പ് തയാറാക്കുന്നതിനും യോഗം നിര്‍ദേശം നല്‍കി. ................................................... വിദ്യാഭ്യാസ ആനുകൂല്യം; അപേക്ഷ ക്ഷണിച്ചു കണ്ണൂർ: 2021-22 അധ്യയന വര്‍ഷം ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാർഥികള്‍ക്ക് ലംപ്‌സം ഗ്രാൻറ്​, 2021 ജൂണ്‍ മുതല്‍ ഒക്‌ടോബര്‍ വരെയുള്ള പ്രതിമാസ സ്​റ്റൈപൻഡ്​ എന്നിവ വതരണം ചെയ്യുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഇതിനായി ഫോറം നമ്പര്‍ ഒന്നില്‍ വിദ്യാര്‍ഥികളുടെ പേര് വിവരങ്ങളും ബാങ്ക് അക്കൗണ്ട് പാസ് ബുക്കി​ൻെറ പകര്‍പ്പും സഹിതമുള്ള അപേക്ഷ ജൂണ്‍ 30 നകം ബന്ധപ്പെട്ട സ്‌കൂള്‍ ഹെഡ്​മാസ്​റ്റർമാര്‍ കണ്ണൂര്‍ ഐ.ടി.ഡി.പി ഓഫിസില്‍ എത്തിക്കണം. ഫോണ്‍: 0497 2700357.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.