ശുദ്ധജല വിതരണ പൈപ്പുകള്‍ താഴ്ന്നു

ശുദ്ധജല വിതരണ പൈപ്പുകള്‍ താഴ്ന്നു ജില്ലയില്‍ കുടിവെള്ളവിതരണം മുടങ്ങി ഏഴുദിവസം കൂടി കുടിവെള്ളവിതരണം തടസ്സപ്പെട്ടേക്കും മട്ടന്നൂര്‍: വെളിയമ്പ്രയില്‍ മണ്ണിടിഞ്ഞ് ശുദ്ധജലവിതരണ പദ്ധതിയുടെ പൈപ്പുകള്‍ താഴ്ന്നതോടെ ജില്ലയിലെ വിവിധഭാഗങ്ങളില്‍ കുടിവെള്ള വിതരണം മുടങ്ങി. ഏഴുദിവസം കൊണ്ടുമാത്രമേ പകരം പൈപ്പ് എത്തിച്ച് സുഗമമായ രീതിയില്‍ വെള്ളം എത്തിക്കാന്‍ സാധിക്കുകയുള്ളൂ. കണ്ണൂര്‍ വിമാനത്താവളത്തിലും മുഴപ്പിലങ്ങാട്, പിണറായി, കടമ്പൂര്‍ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലും വ്യാഴാഴ്​ചതന്നെ വെള്ളമെത്തിക്കാനുള്ള ശ്രമം നടക്കുന്നതായി അസി. എക്‌സിക്യൂട്ടിവ് എൻജിനീയര്‍ പറഞ്ഞു. തിങ്കളാഴ്​ച രാവിലെയായിരുന്നു പൈപ്പുകള്‍ താഴ്ന്നുപോയത്. വെളിയമ്പ്ര ഡാം പരിസരത്തുള്ള പമ്പ് ഹൗസില്‍നിന്ന്​ ചാവശ്ശേരിപ്പറമ്പിലെ ശുചീകരണ പ്ലാൻറിലേക്ക് വെള്ളമെത്തിക്കുന്ന 90 എം.എം വ്യാസമുള്ള ഡി.ഐ പൈപ്പ് ലൈനാണ് മണ്ണിടിച്ചിലിനെ തുടര്‍ന്ന് 70 മീറ്ററോളം നീളത്തില്‍ താഴ്ന്നത്. ഇതേത്തുടര്‍ന്ന് അഞ്ചരക്കണ്ടി, പെരളശ്ശേരി പദ്ധതികളില്‍നിന്നുള്ള കുടിവെള്ളവിതരണം മുടങ്ങി. പൈപ്പ് ലൈന്‍ റോഡിനോട് ചേര്‍ന്നുള്ള മണ്ണാണ് രണ്ടു മീറ്ററോളം ഇടിഞ്ഞുതാഴ്ന്നത്. മണ്ണിടിഞ്ഞതിനെ തുടര്‍ന്ന്​ പൈപ്പുകള്‍ വേര്‍പെടുകയും വെള്ളവും മണ്ണും പുഴയിലേക്ക് കുത്തിയൊഴുകുകയും ചെയ്​തു. പൈപ്പുകള്‍ താഴ്ന്നതിനാല്‍ 80 മീറ്ററോളം നീളത്തില്‍ പൈപ്പ് മാറ്റിസ്ഥാപിക്കേണ്ടി വന്നിരിക്കുകയാണ്. നിലവില്‍ പൈപ്പ് കടന്നുപോയ സ്ഥലം ഇടിഞ്ഞുതാഴ്ന്നതിനാല്‍ സമീപസ്ഥലത്ത് കൂടിയാണ് ലൈന്‍ വലിക്കുക. പൈപ്പ് ലൈന്‍ മാറ്റിസ്ഥാപിക്കുന്നതിനുള്ള നടപടി തുടങ്ങി. 80 മീറ്ററോളം നീളത്തില്‍ പൈപ്പ് മാറ്റേണ്ടതിനാല്‍ പുതിയ ഡി.ഐ പൈപ്പുകള്‍ കോഴിക്കോടുനിന്ന് എത്തിച്ചാണ് പ്രവൃത്തി നടത്തേണ്ടത്. ലൈന്‍ മാറ്റിസ്ഥാപിക്കുന്നതുവരെ അഞ്ചരക്കണ്ടി–പെരളശ്ശേരി കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള പിണറായി, വേങ്ങാട്, ചെമ്പിലോട്, അഞ്ചരക്കണ്ടി, പെരളശ്ശേരി, മുഴപ്പിലങ്ങാട്, എരഞ്ഞോളി, കതിരൂര്‍, കടമ്പൂര്‍ പഞ്ചായത്തുകളിലും കണ്ണൂര്‍ കോര്‍പറേഷനില്‍പെട്ട ചേലോറ പ്രദേശത്തും ഏഴുദിവസം കൂടി കുടിവെള്ളവിതരണം തടസ്സപ്പെട്ടേക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.