ചെറുപുഴയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാട്ടിലാക്കാന്‍ കേരള കോണ്‍ഗ്രസ് നീക്കം തുടങ്ങി

ചെറുപുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനൊപ്പം ചേര്‍ന്നു ചെറുപുഴ പഞ്ചായത്തു ഭരണം പിടിച്ചതിനു പിന്നാലെ കോണ്‍ഗ്രസില്‍ ഇടഞ്ഞുനില്‍ക്കുന്നവരെ സ്വന്തം പാളയത്തിലെത്തിക്കാന്‍ കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം ശ്രമം തുടങ്ങി. തെരഞ്ഞെടുപ്പുസമയത്ത് കോണ്‍ഗ്രസിലുണ്ടായ വിമത ശല്യത്തിലും ഗ്രൂപ്പു വീതം വെപ്പിലും പ്രതിഷേധിച്ചു പാര്‍ട്ടിയോട് ഇടഞ്ഞുനില്‍ക്കുന്നവരെ ഒപ്പം നിര്‍ത്തി കരുത്തുകൂട്ടാനാണ് മാണി വിഭാഗത്തി​ൻെറ ശ്രമം. ഇതി​ൻെറ ഭാഗമായി കോണ്‍ഗ്രസ് വിട്ടെത്തിയവര്‍ക്ക് തിങ്കളാഴ്ച 1.30ന് ചെറുപുഴയില്‍ സ്വീകരണം നല്‍കും. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണിയെത്തന്നെ ചെറുപുഴയിലെത്തിച്ചാണ് കേരള കോണ്‍ഗ്രസി​ൻെറ പടനീക്കം. പരിപാടിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി.ടി. ജോസ്, ജോയിസ് പുത്തന്‍പുര, ജില്ല സെക്രട്ടറി ജോയി കൊന്നക്കല്‍ എന്നിവരും പങ്കെടുക്കും. കേരള കോണ്‍ഗ്രസ് മാണി വിഭാഗം എല്‍.ഡി.എഫിലെത്തിയതോടെ, യു.ഡി.എഫ് ശക്തികേന്ദ്രങ്ങളായ ചെറുപുഴയിലും ഉദയഗിരിയിലും ഭരണം പിടിക്കാന്‍ എല്‍.ഡി.എഫിന് കഴിഞ്ഞത് മാണി വിഭാഗത്തിന് വലിയ ആത്മവിശ്വാസമാണ് നല്‍കിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.