ജാഗ്രതക്കുറവ്: സർക്കാർ ഒാഫിസുകൾ കോവിഡ് സമ്പർക്ക ഭീതിയിൽ

തലശ്ശേരി: തെരഞ്ഞെടുപ്പ് തിരക്കിനിടയിലും സർക്കാർ ഉദ്യോഗസ്ഥർക്കിടയിൽ കോവിഡ് പടരുന്നത് ആശങ്ക വർധിപ്പിക്കുന്നു. സാമൂഹിക അകലം പാലിക്കുന്നതിലും വ്യക്തിശുചിത്വം പുലർത്തുന്നതിലും കണിശത കുറഞ്ഞതോടെയാണ് കോവിഡ് വീണ്ടും വ്യാപിക്കുന്ന സാഹചര്യമുണ്ടായത്്. തലശ്ശേരി ജില്ല കോടതിയിലെയും പാലിശ്ശേരി ട്രഷറിയിലെയും ജീവനക്കാർക്കാണ് ഒടുവിലായി കോവിഡ് സ്ഥിരീകരിച്ചത്. രോഗത്തിന് മുമ്പുളളതിനേക്കാൾ കാഠിന്യം കുറഞ്ഞിട്ടുണ്ടെങ്കിലും ജാഗ്രതക്കുറവ് പാടില്ലെന്ന് ആരോഗ്യവിഭാഗത്തി‍ൻെറ കർശന നിർദേശമുണ്ട്. തലശ്ശേരി ജില്ല കോടതിയിൽ ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചത് കോടതിയിലെ ദൈനംദിന പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ക്ലർക്കിന് കോവിഡ് പോസിറ്റിവായതിനാൽ കോടതിയിലെ ന്യായാധിപന്മാരും ഉദ്യോഗസ്ഥരുമടക്കമുള്ളവർ വ്യാഴാഴ്​ച പരിശോധനക്ക് വിധേയമായിരുന്നു. ആൻറിജൻ ടെസ്​റ്റ്​ നടത്തിയതിലൂടെയാണ് ഒരാൾക്കുകൂടി രോഗലക്ഷണങ്ങൾ കാണപ്പെട്ടത്. പാലിശ്ശേരി ട്രഷറിയിലും ഒരു ഉദ്യോഗസ്ഥൻ രോഗബാധിതനായി അവധിയിലാണുള്ളത്. ധർമടം മേലൂർ മൃഗാശുപത്രിക്ക് സമീപം പയാളത്തിൽ ഹൗസില്‍ മുളിയില്‍ സദാനന്ദന്‍ (70) കഴിഞ്ഞ ദിവസം മരിച്ചതും കോവിഡ് ചികിത്സയിലിരിക്കെയാണ്. ധർമടം പൊലീസ് സ്​റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്കും തലശ്ശേരി സ്പെഷൽ സബ് ജയിലിലുള്ളവർക്കും ആഴചകൾക്ക് മുമ്പ് കോവിഡ് കണ്ടെത്തിയിരുന്നു. തെരഞ്ഞെടുപ്പ് തിരക്കിലായതിനാൽ സർക്കാർ ഒാഫിസുകളിലടക്കം കോവിഡ് മാനദണ്ഡങ്ങളിൽ അയവുവരുത്തിയതാണ് രോഗം വീണ്ടും വ്യാപിക്കാനുളള സാഹചര്യമുണ്ടായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.