അർബുദ രോഗികൾക്കും രോഗവിമുക്​തർക്കും ടെലി മെഡിസിൻ പരിപാടി

കണ്ണൂർ: തിരുവനന്തപുരം ആർ.സി.സിയിൽ തുടർപരിശോധന നിർദേശിച്ച കാൻസർ രോഗികൾ, രോഗവിമുക്​തർ, പെൻഷൻ പുതുക്കേണ്ടവർ തുടങ്ങിയവർക്കായി കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റിയിൽ തിരുവനന്തപുരം ആർ.സി.സിയിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ടെലി മെഡിസിൻ സംവിധാനം ഒരുക്കുന്നു. ൈത്രമാസ ഫോളോഅപ് ക്ലിനിക്കിനു പകരമായിട്ടാണ് ടെലി മെഡിസിൻ പദ്ധതി. ആർ.സി.സിയിലെ പ്രഫ. ഡോ. രാംദാസ്​, അഡീഷനൽ പ്രഫ. ഡോ. അരുൺ ശങ്കർ എന്നിവർ പദ്ധതിക്ക് നേതൃത്വം നൽകും. ഇത് കോഴിക്കോട്, കണ്ണൂർ, കാസർകോട്​, വയനാട് ജില്ലകളിൽ നിന്നുള്ളവർക്ക് വലിയ ആശ്വാസമാകും. ഓങ്കോനെറ്റ് ഇന്ത്യ പദ്ധതിയുടെ ഭാഗമായി കണ്ണൂർ എം.സി.സി.എസിൽ ടെലി-മെഡിസിൻ സംവിധാനവും സഞ്ജീവനി മൊബൈൽ ടെലി - ഓങ്കോനെറ്റ് യൂനിറ്റും വിപുലീകരിച്ചിരിക്കുന്നു. കേന്ദ്ര ആരോഗ്യ വകുപ്പ്, ഐ.ടി വകുപ്പ്, സി-ഡാക്ക് തിരുവനന്തപുരം, ആർ.സി.സി തിരുവനന്തപുരം, മലബാർ കാൻസർ കെയർ സൊസൈറ്റി എന്നിവയുടെ സംയുക്​ത സംരംഭമാണ് ഓങ്കോനെറ്റ് ഇന്ത്യ പദ്ധതി. ആർ.സി.സിയിലെ ഡോക്ടർമാരുടെ കൺസൽട്ടേഷനു പുറമെ പെൻഷൻ പുതുക്കൽ, സ്​കാൻ, മാമോഗ്രാം, പാത്തോളജി റിപ്പോർട്ടുകൾ പരിശോധിച്ചുള്ള വിദഗ്ധാഭിപ്രായവും ലഭ്യമാക്കാനാവും. മേൽ ജില്ലകളിൽ നിന്നുള്ളവർക്ക് ഈ മാസം ഏഴിന്​ തുടങ്ങും. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ 15 പേർ വീതം ഉച്ചക്ക്​ 2.30 മുതൽ 4.30 വരെയാണ് കൺസൽട്ടേഷൻ. പ്രസ്​തുത ജില്ലകളിൽ നിന്നുള്ളവർക്ക് ടെലി-കൺസൽട്ടേഷൻ സേവനം ഉപയോഗപ്പെടുത്തി അന്നുതന്നെ വീടികളിലേക്ക് മടങ്ങാം. പരിശോധന നടത്താനായി എം.സി.സി.എസ്​ മെഡിക്കൽ ഡയറക്ടർ ഡോ. വി.സി. രവീന്ദ്ര​ൻെറ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കും. ആർ.സി.സിയിലെ വിദഗ്ധ ഡോക്ടർമാരുടെ പരിശോധന ആവശ്യമുള്ളവർ ഡിസംബർ അഞ്ചിന്​ നാലിന്​ മുമ്പ് കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റി, സൗത്ത് ബസാർ, കണ്ണൂർ -രണ്ട്​ എന്ന വിലാസത്തിലോ 9446525309, 04972 705309, 703309 എന്ന നമ്പറിലോ പേര്​ രജിസ്​റ്റർ ചെയ്യണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.