ജീവനക്കാരില്‍ ആശങ്ക നിറച്ച് തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കം

കണ്ണൂര്‍: കോവിഡ് ഭീതിയെത്തുടര്‍ന്ന് നിര്‍ത്തിവെച്ച തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കം തെരഞ്ഞെടുപ്പ് കമീഷന്‍ പുനരാരംഭിച്ചു. മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്ക്​ പൊതുതെരഞ്ഞെടുപ്പ് നടത്തുന്നതി‍‍ൻെറ ഭാഗമായുള്ള വോട്ടര്‍ പട്ടിക പുതുക്കൽ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്. കരട് വോട്ടര്‍ പട്ടിക ആഗസ്​റ്റ് 12ന് പ്രസിദ്ധീകരിച്ചു. ഇതിന്മേല്‍ ലഭിക്കുന്ന അപേക്ഷകളിലും ആക്ഷേപങ്ങളിലും നടപടി സ്വീകരിച്ച് അന്തിമ വോട്ടര്‍ പട്ടിക അടുത്തമാസം 26ന് പ്രസിദ്ധീകരിക്കാനാണ് കമീഷന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. കോവിഡ് സമൂഹവ്യാപന ഭീതി നിലനിൽക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ തെരഞ്ഞെടുപ്പ് പ്രക്രിയ പുനരാരംഭിച്ചത് ജീവനക്കാരില്‍ ആശങ്ക സൃഷ്​ടിക്കുന്നുണ്ട്. വോട്ട് തള്ളാനുള്ള അപേക്ഷകളില്‍ ആക്ഷേപം നല്‍കിയ വ്യക്തിക്കും തള്ളേണ്ട വോട്ടര്‍ക്കും നോട്ടീസ് നൽകണം. നോട്ടീസ് ലഭിച്ചാല്‍ പഞ്ചായത്ത് ഓഫിസില്‍ ഇരുവരും നേരിട്ട് ഹാജരാകണം. നിലവില്‍ 65 വയസ്സ്​ കഴിഞ്ഞവര്‍ കോവിഡ് പ്രതിരോധ മാനദണ്ഡപ്രകാരം വീടിന് പുറത്തുപോകാന്‍ പാടില്ല. എന്നാല്‍, തള്ളിക്കുന്നതില്‍ ഇത്തരക്കാരുടെ വോട്ടും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പുതുതായി വോട്ട് ചേര്‍ക്കുന്നവരില്‍ നല്ലൊരു ശതമാനം പ്രവാസികള്‍ ഉണ്ടാകാനുള്ള സാധ്യതയും ജീവനക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. ഇവരില്‍ പലരും ക്വാറൻറീനില്‍ കഴിയുന്നവരാകുമെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. ഇവരടക്കം പഞ്ചായത്ത് ഓഫിസുകളില്‍ നൂറുകണക്കിന് ആളുകള്‍ കയറിയിറങ്ങേണ്ടിവരുമ്പോള്‍ കോവിഡ് വ്യാപനത്തിന് സാധ്യത ഏറെയാണെന്നും ജീവനക്കാര്‍ക്ക് അഭിപ്രായമുണ്ട്. സമൂഹവ്യാപനം തടയാന്‍ ലക്ഷ്യമിട്ട് യാത്ര ഉള്‍പ്പെടെ തടയുന്ന സാഹചര്യമാണുള്ളത്. ഇതിന് വിരുദ്ധമായ രീതിയിലാണ് തെരഞ്ഞെടുപ്പ് കമീഷന്‍ മുന്നോട്ടുപോകുന്നതെന്ന നിലപാടാണ് ജീവനക്കാര്‍ക്കുള്ളത്. ഈ സാഹചര്യത്തില്‍, ഓർഡിനന്‍സിലൂടെ പഞ്ചായത്ത് ഭരണസമിതികളുടെ കാലാവധി ആറു മാസത്തേക്കോ കോവിഡ് നിയന്ത്രണത്തില്‍ ആകുന്നതുവരെയോ നീട്ടിവെക്കണമെന്ന നിര്‍ദേശവും ജീവനക്കാര്‍ മുന്നോട്ടുവെക്കുന്നു. .................................... മട്ടന്നൂര്‍ സുരേന്ദ്രന്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.