ഇന്ന് ലോക ഫോക് ലോർ ദിനം; എവിടെ ഗ്രാമ്യരൂപമായ കോതാമൂരിയാട്ടം?

രാഘവൻ കടന്നപ്പള്ളി പയ്യന്നൂർ: ഒരു ലോക ഫോക് ലോർ ദിനംകൂടി കടന്നുവരുമ്പോൾ അപ്രത്യക്ഷമാവുന്ന നാടൻകലകളുടെ പട്ടിക വളരുന്നു. മൂർച്ചയുള്ള വാക്കുകൾകൊണ്ട് സമൂഹത്തിനുനേരെ ഒളിയമ്പ് തീർക്കുന്ന കോതാമൂരിയാട്ടം പട്ടികയിൽ ഇടംപിടിച്ചിട്ട് വർഷങ്ങളായി. കണ്ണൂർ, കാസർകോട് ജില്ലകളിൽനിന്ന് അരങ്ങൊഴിഞ്ഞ കോതാമൂരിയാട്ടം കലയുടെ തറവാട്ടുമുറ്റത്ത് ഇനി പുനർജനിക്കാനിടയില്ലാത്ത കലാരൂപമാണ്. മാസങ്ങൾക്കുമുമ്പ് വാരണക്കോട് കൃഷ്ണൻ നമ്പൂതിരിയുടെ രണ്ടാം ചരമവാർഷികാചരണത്തിൽ പനിയന്മാരും കോതാമൂരിയും അരങ്ങിലെത്തിയെങ്കിലും ഈ തുലാമാസത്തിലും വീടുകൾ കയറിയിറങ്ങാൻ ഈ കലയുണ്ടാവില്ല. പ്രശസ്ത തെയ്യം കലാകാരൻ ചെറുതാഴം രാമചന്ദ്രൻ പണിക്കരും സംഘവുമാണ് പുതിയ തലമുറക്ക് കാഴ്ചയുടെ പുതിയ ഉത്സവം നൽകി കോതാമൂരിയാട്ടം വാരണക്കോട്ട് അരങ്ങിലെത്തിച്ചത്. കണ്ണൂർ, കാസർകോട് ജില്ലകളിൽ കന്നിക്കൊയ്ത്ത് കഴിഞ്ഞയുടൻ തുലാം, വൃശ്ചികം മാസങ്ങളിലാണ് ഈ കലാരൂപങ്ങൾ വീടുകൾ കയറിയിറങ്ങിയിരുന്നത്. കൃഷിക്കും കന്നുകാലികൾക്കും ക്ഷേമം വരുത്തുന്നതിനായുള്ള ഉർവരാരാധനയുടെ ഭാഗമായാണ് ഈ അനുഷ്ഠാനം നടത്തിയിരുന്നത്. വർഷങ്ങളായി ഈ അനുഷ്ഠാനം വീടുകയറാറില്ല. കൃഷി കുറഞ്ഞതും കലാകാരന്മാർ മറ്റു തൊഴിൽ മേഖലകളിലെത്തിയും കോതാമൂരിയാട്ടത്തി​ന്റെ ക്ഷയത്തിന് കാരണമായി. എന്നാൽ, അനുഷ്ഠാനമായി ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രത്തിൽ വർഷത്തിലൊരു ദിവസം ഇന്നും കോതാമൂരിയാട്ടം നടക്കുന്നുണ്ട്. ഫോക് ലോർ അക്കാദമിയുടെ പഠനത്തിന്റെ ഭാഗമായുള്ള അവതരണങ്ങളും ഉണ്ടാകാറുണ്ട്. ഗ്രാമീണ ജനതയുടെ ജീവിതരീതി, കലാപൈതൃകം, ആചാരവിശ്വാസങ്ങൾ, വാങ്മയരൂപങ്ങൾ തുടങ്ങി നമ്മുടെ സാംസ്കാരിക സമ്പത്ത് മുഴുവൻ നാട്ടറിവിൽ പെടുന്നു. ഐതിഹ്യങ്ങളും നാട്ടുസംഗീതവും വാമൊഴിചരിത്രവും നാടോടിക്കഥകളും ഭക്ഷണരീതിയും നാട്ടുചികിത്സയും കൃഷിയറിവുകളുമെല്ലാം നാട്ടറിവാണ്. ഇവ സംരക്ഷിക്കാനാണ് ഫോക് ലോർ ദിനം ആചരിക്കുന്നത്. എന്നാൽ, കേരളത്തിൽ ഇതുകൊണ്ടും മൺമറഞ്ഞ കലാരൂപങ്ങൾ തിരിച്ചെത്തിയില്ലെന്നാണ് വിദഗ്ധ മതം. pyr kothamooriyattam (ഫയൽ ചിത്രം)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.