ദുരന്തഭീതി നിലനിൽക്കുന്ന മമ്മട്ടിക്കാനം ചങ്ങാടക്കടവ് കുളങ്ങരയിൽ കുഞ്ഞിക്കുട്ടിയുടെ വീട് 

ദുരന്ത ഭീതിയോടെ ഉറക്കമില്ലാതെ ചങ്ങാടക്കടവ് നിവാസികൾ

രാജാക്കാട്: മഴ ശക്തമായതോടെ രാജാക്കാട് പഞ്ചായത്തിലെ മമ്മട്ടിക്കാനം ചങ്ങാടക്കടവ് നിവാസികള്‍ ഭീതിയിലാണ്. വൈകുന്നേരമായാല്‍ പലരും ബന്ധുവീടുകളിലാണ് അന്തിയുറങ്ങുന്നത്.

2018 ലെ പ്രളയകാലത്ത് എട്ട് ഉരുള്‍പൊട്ടലുകളും നിരവധി മണ്ണിടിച്ചിലുകളുമുണ്ടായ പ്രദേശമാണിവിടം. ആളപായം ഉണ്ടായില്ലെന്നത് ഭാഗ്യമാണെന്ന്​ ഇവർ പറയുന്നു. സുരക്ഷിത മേഖലയിൽ സര്‍ക്കാര്‍ പുനരധിവാസം സാധ്യമാക്കണമെന്ന ആവശ്യമാണ് ഇവര്‍ക്കുള്ളത്.

2018 ലെ പ്രളയത്തില്‍ പാടേ തകര്‍ത്തതാണ് ചങ്ങാടക്കടവിലെ ജനങ്ങളുടെ ജീവിതം. രാജാക്കാട് പഞ്ചായത്തിലെ എട്ട്, ഒമ്പത് വാർഡുകളിൽ ഉൾപ്പെട്ട ഇവിടത്തെ 26 കുടുംബങ്ങളിലെ അംഗങ്ങൾ പല രാത്രിയിലും അന്തിയുറങ്ങുന്നത് ബന്ധുവീടുകളിലാണ്. കോവിഡ് രോഗ ഭീതിയുടെ പശ്ചാത്തലത്തിൽ ഇത്​ ബുദ്ധിമുട്ടിനും ഇടയാകുന്നു.

വൃദ്ധജനങ്ങൾ വാഹനസൗകര്യങ്ങൾ കുറവായതിനാൽ പലപ്പോഴും ബന്ധുവീടുകളിൽ പോകാതെ കൂരയിൽ തന്നെ ഭയപ്പാടോടെയാണ് കഴിയുന്നത്.

നല്ല റോഡ്​ പോലും ഇവിടെയില്ല. പ്രളയത്തില്‍ വലിയ മണ്ണിടിച്ചിലും നാശനഷ്​ടങ്ങളുണ്ടായശേഷം ഇവിടം താമസയോഗ്യമല്ലെന്ന് വില്ലേജ് ഓഫിസര്‍ റിപ്പോര്‍ട്ട് നല്‍കിയതാണ്. മതിയായ നഷ്​ടപരിഹാരമോ, ഉറപ്പുള്ള സ്ഥലത്ത് താമസിക്കാനുള്ള സൗകര്യമോ സർക്കാർ ഒരുക്കി നൽകിയിട്ടില്ല.

മഴയെ തുടർന്ന് മലമുകളില്‍നിന്നും ഉറവച്ചാലുകളും രൂപപ്പെട്ടിട്ടുണ്ട്. വലിയ രീതിയില്‍ ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്ന ഇവിടെനിന്നും സര്‍ക്കാര്‍ ഇടപെട്ട് സുരക്ഷിതമായ മറ്റെവിടെയെങ്കിലും പുനരധിവസിപ്പിക്കണം എന്നതാണ് ഈ ഇരുപത്തിയാറ് കുടുംബക്കാരുടെയും ആവശ്യം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.