തോട്ടം മുറിച്ചുവിൽപന: നടപടിയെടുക്കാതെ റവന്യൂ വകുപ്പ്

പീരുമേട്: മേമലയിൽ തേയിലത്തോട്ടം മുറിച്ചുവിൽപന നടത്തിയ സംഭവത്തിൽ ഏലപ്പാറ വില്ലേജ് ഓഫിസർ പീരുമേട് തഹസിൽദാർക്ക് റിപ്പോർട്ട് നൽകി ഒരു മാസം പിന്നിടുമ്പോഴും നടപടിയെടുക്കാതെ റവന്യൂ വകുപ്പ്. തോട്ടം മുറിച്ചുവിൽപന നടത്തിയതായും 3.5 ഏക്കർ സ്ഥലത്തെ തേയിലച്ചെടികൾ പിഴുതുമാറ്റിയതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഭൂപതിവ് തഹസിൽദാർ പി.എസ്. സുനിൽകുമാറി‍െൻറ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധനയും നടത്തുകയും നിർമാണ പ്രവർത്തനങ്ങൾക്ക് സ്റ്റോപ് മെമ്മോ നൽകുകയും ചെയ്തിരുന്നു. ജൂൺ ആദ്യവാരം ഈ നടപടികൾ പൂർത്തീകരിച്ചെങ്കിലും തുടർനടപടി ഉണ്ടായില്ല.

തേയിലച്ചെടികൾ പിഴുതുമാറ്റരുതെന്ന് ഹൈകോടതി ഉത്തരവ് നിലനിൽക്കെയാണ് 3.5 ഏക്കർ സ്ഥലത്തെ തേയിലച്ചെടികൾ മണ്ണുമാന്തി ഉപയോഗിച്ച് മാറ്റിയത്. കോടതിയലക്ഷ്യത്തിന് കേസ് എടുക്കേണ്ട സംഭവത്തിൽ റവന്യൂ അധികൃതർ നിസ്സംഗത പുലർത്തുകയായിരുന്നു. തേയിലച്ചെടികൾ പിഴുതുമാറ്റിയ ശേഷമാണ് അന്വേഷണവുമായി എത്തിയത്. നിയമലംഘനത്തിന് പ്രാരംഭ നടപടികൾ സ്വീകരിക്കേണ്ട ഏലപ്പാറ വില്ലേജ് ഓഫിസർ നടപടികൾ സ്വീകരിച്ചില്ല.

കഴിഞ്ഞ മാർച്ചിലെ താലൂക്ക് വികസന സമിതിയിൽ അംഗങ്ങൾ സ്ഥലവിൽപന ചർച്ചാവിഷയമായെടുക്കുകയും തുടർനടപടികൾക്ക് നിർദേശം നൽകുകയും ചെയ്തെങ്കിലും നടപടി ഉണ്ടായില്ല. താലൂക്ക് വികസന സമിതിയിൽ തീരുമാനം ഉണ്ടായിട്ടും നടപടി എടുക്കാതിരുന്ന വില്ലേജ്, താലൂക്ക് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊതു പ്രവർത്തകർ വകുപ്പ് മന്ത്രിക്കും പരാതി നൽകി. സംഭവത്തെക്കുറിച്ച് വകുപ്പുതല അന്വേഷണവും ആവശ്യപ്പെട്ടിരുന്നു. ഇതിലും നടപടി ഉണ്ടായില്ല.

മുറിച്ചുവിറ്റ സ്ഥലങ്ങളിലെ തേയിലച്ചെടികൾ പിഴുത് മാറ്റരുതെന്ന ഹൈകോടതി ഉത്തരവ് ലംഘിച്ചിട്ടും നടപടി സ്വീകരിക്കാതിരുന്ന റവന്യൂ വകുപ്പും വെട്ടിലായിരുന്നു. ചില ഉദ്യോഗസ്ഥരുടെ അറിവോടെയാണ് യഥാസമയം നടപടി സ്വീകരിക്കാതിരുന്നതെന്നും പരാതി ഉയർന്നിരുന്നു.

Tags:    
News Summary - Plantation cut and sale: Revenue department without action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.