64 ദിവസത്തെ കാത്തിരിപ്പ്; നിയന്ത്രണങ്ങളോടെ ബോട്ടുകൾ കടലിലേക്ക്​

വൈപ്പിന്‍: കാലാവസ്ഥയും സര്‍ക്കാറും അനുകൂലമായതോടെ കോവിഡ് നിയന്ത്രണ ചട്ടങ്ങള്‍ പാലിച്ച് ട്രോളിങ്​ ബോട്ടുകള്‍ കടലില്‍ പോയിത്തുടങ്ങി. 64 ദിവസത്തെ കാത്തിരിപ്പിന്​ ശേഷമാണ് ബോട്ടുകള്‍ തീരം വിടുന്നത്. ഒറ്റ, ഇരട്ട നമ്പറുകള്‍ അനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍ പോകാനാണ് ആദ്യഘട്ട അനുമതി. ഫിഷറീസ് വകുപ്പി​ൻെറ അംഗീകൃത പാസുകള്‍ ബുധനാഴ്ച വിതരണം ചെയ്തു. ഒറ്റ അക്ക നമ്പറിലുള്ള ബോട്ടുകളാണ് വ്യാഴാഴ്ച മത്സ്യബന്ധനത്തിനായി തീരം വിടുക. വെള്ളിയാഴ്ച ഇരട്ട അക്ക നമ്പര്‍ ബോട്ടുകളും. അനുവദിക്കപ്പെട്ട ദിവസങ്ങളില്‍ തന്നെ ഹാര്‍ബറില്‍ തിരിച്ചെത്തണമെന്ന നിബന്ധനയുണ്ട്. മുന്‍കരുതല്‍ നടപടികള്‍ വിലയിരുത്താന്‍ ആലുവ റൂറല്‍ എസ്​.പി കെ. കാര്‍ത്തിക് മുനമ്പം മുരുക്കുംപാടം മേഖലയിലെ ഹാര്‍ബറുകള്‍ സന്ദര്‍ശിച്ചു. മുനമ്പം മാതൃക ഫിഷിങ്​ ഹാര്‍ബറില്‍ ഒരു ദിവസം പരമാവധി 50 ബോട്ടുകള്‍ക്ക് മത്സ്യവില്‍പന നടത്താം. ഒരേസമയം ഏഴുബോട്ടുകള്‍ മാത്രമെ ബര്‍ത്തില്‍ പാടുള്ളു. ഇവ മത്സ്യം ഇറക്കി വില്‍പന നടത്തിയതിനു ശേഷമേ അടുത്ത ഏഴു ബോട്ടുകള്‍ക്ക് അടുക്കാന്‍ അനുവാദമുള്ളൂ. മിനി ഹാര്‍ബറില്‍ ഒരേ സമയം മൂന്ന് ബോട്ടുകള്‍ക്ക് അടുക്കാം. ലേലം പാടില്ല. വില നിശ്ചയിച്ച് അളവോ തൂക്കമോ കണക്കാക്കി വില്‍പന നടത്താം. മാസ്‌ക് ധാരണം, അകലം പാലിക്കല്‍ എന്നിവ കര്‍ശനമായി പിന്തുടരണം. കൈകഴുകാന്‍ കവാടത്തിലും ഹാര്‍ബറിലും ലേലഹാളിലും ഹാൻഡ്​ വാഷും വെള്ളവും കരുതണം. മത്സ്യം കയറ്റാന്‍ എത്തുന്ന വാഹനങ്ങള്‍ സാനിറ്റൈസ് ചെയ്യണം. ഇരു ചക്രവാഹനങ്ങള്‍, ഗുഡ്​സ്​ ഓട്ടോകള്‍ എന്നിവയുമായെത്തുന്ന ചെറുകിട മത്സ്യവ്യാപാരികള്‍ക്ക് പ്രവേശനമില്ല. ലോഡ് കയറ്റിപ്പോകുന്ന വാഹനങ്ങള്‍ക്ക് ഡ്രൈവറുടെയും മറ്റും പേരുവിവരങ്ങള്‍ രേഖപ്പെടുത്തിയ പാസ് നൽകിയതിന് ശേഷമേ ഹാര്‍ബര്‍ വിടാന്‍ അനുവദിക്കൂ. നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ബോട്ടുടമ സംഘം നേതാക്കളെയും തൊഴിലാളികളെയും മത്സ്യക്കച്ചവടക്കാരുടെ പ്രതിനിധികളെയും എസ്.പി. നേരിൽകണ്ട് കാര്യങ്ങള്‍ സംസാരിച്ചു. ഡി.വൈ.എസ്.പി ജി.വേണു, സ്പഷല്‍ ബ്രാഞ്ച് ഡിവൈ.എസ.്പി വേണുഗോപാല്‍, മുനമ്പം പ്രിന്‍സിപ്പൽ എസ്.ഐ. എ.കെ. സുധീര്‍, എസ്​.‌ഐ മാരായ വി.ബി. റഷീദ്, എ.എസ.്‌ഐ സിജു, നന്ദനന്‍, ലീനാ തോമസ് തുടങ്ങിയവരും സംഘത്തില്‍ ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.