103 വയസ്സുകാരന് കോവിഡ് മുക്തി; അഭിമാനത്തോടെ എറണാകുളം മെഡിക്കല്‍ കോളജ്

കൊച്ചി: കേരളത്തിലെ കോവിഡ് പ്രതിരോധത്തിന് നേട്ടമായി 103 വയസ്സുകാരന് കോവിഡ് മുക്തി. എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ആലുവ മാറമ്പള്ളി പുറക്കോട്ട് വീട്ടില്‍ പരീതാണ്​ കോവിഡ് മുക്തനായി ആശുപത്രി വിട്ടത്. ആശുപത്രി ജീവനക്കാര്‍ പൊന്നാടയണിയിച്ച് പൂക്കള്‍ നല്‍കി ആദരിച്ചാണ് അദ്ദേഹത്തെ യാത്രയയച്ചത്. പ്രായമായവരില്‍ ഗുരുതരമാവാന്‍ സാധ്യത കൂടുതലുള്ള കോവിഡില്‍നിന്നും പരീതിൻെറ രോഗ മുക്തി കളമശ്ശേരി മെഡിക്കല്‍ കോളജിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഇച്ഛാശക്തിയുടെയും ചികിത്സ മികവിൻെറയും അര്‍പ്പണ ബോധത്തി​ൻെറയും നേട്ടമാണെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ നിന്നും 105 വയസ്സുകാരിയായ അഞ്ചല്‍ സ്വദേശിനി അസ്മ ബീവി അടുത്തിടെ കോവിഡ് മുക്തി നേടിയിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ 93, 88 വയസ്സുള്ള വൃദ്ധ ദമ്പതികളെ നേരത്തേ ചികിത്സിച്ച് ഭേദമാക്കിയിരുന്നതായും മന്ത്രി വ്യക്തമാക്കി. രോഗം സ്ഥിരീകരിച്ച് 20 ദിവസത്തിനകമാണ്​ പരീത്​ രോഗമുക്തി നേടിയത്. ജൂലൈ 28ന് ശക്തമായ പനിയും ശരീര വേദനയും മൂലമാണ് അദ്ദേഹം കോവിഡ് പരിശോധനക്ക് വിധേയനായത്. കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചതോടെ അദ്ദേഹത്തെ കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഗുരുതര ലക്ഷണങ്ങള്‍ ഇല്ലെങ്കിലും ഉയര്‍ന്ന പ്രായം പരിഗണിച്ച് പ്രത്യേക മെഡിക്കല്‍ സംഘമാണ് പരീതിന് ചികിത്സ ഉറപ്പാക്കിയത്. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി. സതീഷ്, വൈസ് പ്രിന്‍സിപ്പലും കോവിഡ് നോഡല്‍ ഓഫിസറുമായ ഡോ. ഫത്തഹുദ്ദീന്‍, സൂപ്രണ്ട് ഡോ. പീറ്റര്‍ പി. വാഴയില്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഗീത നായര്‍, ആര്‍.എം.ഒ ഡോ. ഗണേഷ് മോഹന്‍, മെഡിസിന്‍ വിഭാഗം പ്രഫസര്‍മാരായ ഡോ. ജേക്കബ്, ഡോ. റെനി മോള്‍, ഡോ. ജോ ജോസഫ്, റേഡിയോളജി വിഭാഗം പ്രഫസര്‍ ഡോ. അഭിലാഷ്, മൈക്രോ ബയോളജി വിഭാഗം എച്ച്. ഒ. ഡി ഡോ. ലാന്‍സി കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. രാജു ജോര്‍ജ് എന്നിവരുടെ സംഘം ദിവസേന പരീതിൻെറ ആരോഗ്യ സ്ഥിതി വിലയിരുത്തിയിരുന്നു. നഴ്‌സിങ് സൂപ്രണ്ട് സാൻറി അഗസ്​റ്റിന്‍, കെ.ഡി. മേരി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരീതിന് പരിചരണം നല്‍കിയത്. ആയിരത്തില്‍ ഏറെ പേരെ കോവിഡ് മുക്തരാക്കുന്നതില്‍ വിജയം കണ്ട കളമശ്ശേരി മെഡിക്കല്‍ കോളജില്‍നിന്നും രോഗ മുക്തനായി ആശുപത്രി വിടുന്ന ഏറ്റവും പ്രായം കൂടിയ രോഗിയാണ് പരീത്​. അദ്ദേഹത്തി​ൻെറ മകനും രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.