നഗരത്തിലെ തെരുവോര കച്ചവടം: മേഖലകൾ നിർണയിക്കും

തൊടുപുഴ: നഗരത്തിൽ തെരുവോര കച്ചവടം അനുവദിക്കാൻ കഴിയുന്ന മേഖലകൾ നിർണയിക്കാൻ നടപടി തുടങ്ങുന്നു. ടൗൺ വെൻഡിങ്​ കമ്മിറ്റി യോഗമാണ്​ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്​. തൊടുപുഴയിലെ തെരുവോര കച്ചവടം സുഗമമവും നിയന്ത്രണ വിധേയവുമാക്കുകയാണ്​ ലക്ഷ്യം. വ്യാപാരത്തിന്​ ​പ്രത്യേക മേഖലകൾ നിർണയിച്ച്​ നൽകുന്നത്​ തെരുവോര കച്ചവടക്കാർക്ക്​ സഹായകമാകും. അതേസമയം, പൊതുജനങ്ങൾക്കും ഗതാഗതത്തിനും തടസ്സം സൃഷ്ടിക്കുന്ന തെരുവോര കച്ചവടക്കാർക്കെതിരെ കർശന നടപടിയെടുക്കാനും യോഗം തീരുമാനിച്ചു. കച്ചവട മേഖലകൾ നിർണയിക്കാൻ കൗൺസിലർമാരുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ഉപസമിതി രൂപവത്​കരിക്കുക, മേഖലകൾ നിർണയിക്കുമ്പോൾ നഗരത്തിലെ തിരക്കും ബൈപാസുകളിലെ ഗതാഗതവും പരിഗണിക്കുക, നിശ്ചിത മേഖലക്ക്​ പുറത്ത്​ തെരുവ്​ കച്ചവടം അനുവദിക്കാതിരിക്കുക, ​പ്രൈവറ്റ്​ ബസ്​ സ്റ്റാൻഡ്​​ പരിസരം, മങ്ങാട്ടുകവല, മുല്ലക്കൽ ജങ്​ഷൻ, കാഞ്ഞിരമറ്റം-മങ്ങാട്ടുകവല ബൈപാസ്​, ഷാപ്പുംപടി -വെങ്ങല്ലൂർ റോഡ്​ എന്നിവിടങ്ങളിലെ അനധികൃത തെരുവുകച്ചവടക്കാരെ ഒഴിപ്പിക്കുക, സ്വകാര്യ വ്യക്തികളുടെ സ്ഥലം വാടകക്കെടുത്ത്​ തെരുവ്​ കച്ചവടം എന്ന രീതിയിൽ വ്യാപാരം നടത്തുന്നവരുടെ ലൈസൻസ്​ റദ്ദാക്കുക തുടങ്ങിയ നിർദേശങ്ങളും യോഗത്തിൽ ഉയർന്നുവന്നു. നിർദേശങ്ങൾ നഗരസഭ കൗൺസിൽ ചർച്ച ചെയ്ത്​ ഉചിത തീരുമാനമെടുക്കുമെന്ന്​ ചെയർമാൻ സനീഷ്​ ജോർജ്​ അറിയിച്ചു. ​വൈസ്​ ചെയർപേഴ്​സൻ ജെസി ജോണി, കൗൺസിൽ പ്രതിനിധികൾ, നഗരസഭ സെക്രട്ടറി, പൊലീസ്​ ഉദ്യോഗസ്ഥർ തുടങ്ങിയവർ പ​​ങ്കെടുത്തു. ഗെസ്റ്റ് ലെക്ചറർ ഒഴിവ് തൊടുപുഴ: ന്യൂമാൻ കോളജിൽ ഇക്കണോമിക്സ്​, മാത്തമാറ്റിക്സ്​, സൈക്കോളജി, സ്റ്റാറ്റിസ്റ്റിക്സ്​, പൊളിറ്റിക്കൽ സയൻസ്​, ഫിസിക്സ്​, കോമേഴ്സ്​, ഇംഗ്ലീഷ്, ഹിസ്റ്ററി, ഹിന്ദി, മലയാളം, ജേണലിസം, കെമിസ്​ട്രി, ബോട്ടണി, ബയോടെക്​നോളജി, സുവോളജി വിഭാഗങ്ങളിൽ ഗെസ്റ്റ് ലെക്ചറർ ഒഴിവുണ്ട്. ഉദ്യോഗാർഥികൾ ഏപ്രിൽ 27ന്​ മുമ്പ്​ ബയോഡേറ്റ സമർപ്പിക്കണം. എറണാകുളം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിരിക്കണം. വിശദവിവരങ്ങൾ കോളജ് വെബ്സൈറ്റിൽ. സ്ഥാപക ദിനാചരണം തൊടുപുഴ: ബാങ്ക് ജീവനക്കാർ ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ സ്ഥാപകദിനം ആചരിച്ചു. എ.ഐ.ബി.ഇ.എ ജില്ല സെക്രട്ടറി നഹാസ് പി. സലിം ഉദ്​ഘാടനം ചെയ്തു. ജില്ല ചെയർമാൻ എബിൻ ജോസ് അധ്യക്ഷത വഹിച്ചു. മുൻ ജില്ല സെക്രട്ടറിമാരായ സെൽവിൻ ജോൺ, പി.കെ. ജബ്ബാർ, പി.കെ. ജോൺ എന്നിവരെ ആദരിച്ചു. ഹരിദാസ്, കെ.ജെ. ഗ്രേസി, ജോജോ പോൾ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.