സംസ്ഥാന സർക്കാറിന്‍റെ കാർഷിക അവാർഡ്: പൊൻതിളക്കത്തിൽ പൊന്നാമല ഗ്രീന്‍വാലി

നെടുങ്കണ്ടം: പച്ചക്കറി കൃഷിയില്‍ സംസ്ഥാനത്തെ മികച്ച ക്ലസ്റ്ററായി പൊന്നാമല ഗ്രീന്‍വാലി വെജിറ്റബിള്‍ എ ഗ്രേഡിനെ തെരഞ്ഞെടുത്തു. വാണിജ്യാടിസ്ഥാനത്തില്‍ പച്ചക്കറി കൃഷി ചെയ്യുന്നതിനാണ് 50,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം. നെടുങ്കണ്ടം പഞ്ചായത്ത് ഒന്നാം വാര്‍ഡിലാണ് ഈ കര്‍ഷക കൂട്ടായ്മ. 2020ല്‍ ജില്ലതലത്തില്‍ രണ്ടാംസ്ഥാനം ലഭിച്ചിരുന്നു. പ്രതികൂല കാലാവസ്ഥയിലും കോവിഡ് പശ്ചാത്തലത്തിലും ഏറെ പ്രതിസന്ധി ഉണ്ടായിട്ടും കൃഷിയില്‍നിന്ന്​ പിന്നോട്ടുപോയില്ല. വിത്തുകള്‍ക്ക് കടുത്ത ക്ഷാമവും നേരിട്ടിരുന്നു. തുടര്‍ച്ചയായി 12 വര്‍ഷമായി പച്ചക്കറി കൃഷി നടത്തുന്ന ഇവര്‍ അഞ്ച്​ ഹെക്ടര്‍ സ്ഥലത്താണ് കൃഷി ഇറക്കുന്നത്. കൃഷി ചെയ്യുന്നവര്‍ക്ക് ആനുപാതികമായി കൃഷിവകുപ്പില്‍നിന്ന്​ സബ്‌സിഡി ലഭിക്കും. വര്‍ഷവും റിവോൾവിങ്​ ഫണ്ടും ലഭിക്കും. ഈ തുക വിളവെടുത്തശേഷം പലിശയില്ലാതെ തിരികെ നല്‍കിയാല്‍ മതിയാകും. പ്രൊട്ടക്​ഷന്‍ ക്ലസ്റ്ററായിട്ടായിരുന്നു തുടക്കം. പിന്നീട് എ ഗ്രേഡായി ഉയര്‍ത്തി. നിലവില്‍ സൂപ്പര്‍ ക്ലസ്റ്റര്‍ ആണ്. ഓരോ വര്‍ഷത്തെയും പ്രവര്‍ത്തന മികവ് കണക്കാക്കി ക്ലസ്റ്റര്‍ ഉയര്‍ത്തിനല്‍കും. എല്ലാ വര്‍ഷവും മേയ് മാസത്തില്‍ നിലം ഒരുക്കും. ജൂണ്‍മാസത്തില്‍ മഴ തുടങ്ങുന്നതോടെ കൃഷി ആരംഭിക്കും. വേനലില്‍ ജലക്ഷാമം രൂക്ഷമായതിനാല്‍ മഴക്കാല അധിഷ്ഠിത കൃഷികളാണ് വ്യാപിപ്പിക്കുന്നത്. 25 അംഗങ്ങളാണ് ക്ലസ്റ്ററിലുള്ളത്. 12 ടണ്‍ പച്ചക്കറിയാണ് ഉല്‍പാദിപ്പിച്ച് വിപണിയില്‍ എത്തിച്ചത്. ഇവര്‍ ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികളില്‍ വീട്ടാവശ്യത്തിനുശേഷം ബാക്കി നെടുങ്കണ്ടം ബ്ലോക്ക് ഫെഡറേറ്റഡ് മാര്‍ക്കറ്റില്‍ വിൽക്കും. ഇതിനായി പൊന്നാമലയില്‍ ശേഖരണ കേന്ദ്രവും സ്വന്തമായി വാഹനവുമുണ്ട്. വില്‍പന നടത്തുന്നവയുടെ പണം കൃത്യമായി കര്‍ഷകര്‍ക്ക് നല്‍കും. ജെസി കുര്യന്‍ (പ്രസി), പി.വി. അനീഷ് (സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിലാണ്​ പ്രവര്‍ത്തനം. ---- TDL Greenvalley പൊന്നാമല ഗ്രീന്‍വാലി കൃഷിത്തോട്ടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.