വ്യാജ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ക്ക് പിടിവീഴും

തൊടുപുഴ: വ്യാജ ഓണ്‍ലൈന്‍ കേന്ദ്രങ്ങളില്‍ നല്‍കുന്ന വ്യക്തിഗത വിവരങ്ങളും രേഖകളും ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന്​ പൊലീസ്​ രഹസ്യാന്വഷണ വിഭാഗത്തി‍ൻെറ കണ്ടെത്തൽ. ജില്ലയിലെ അക്ഷയകേന്ദ്രങ്ങള്‍ക്ക് സമാനമായ പേരുകളും കളര്‍ കോഡും ലോഗോയും ഉപയോഗിച്ച, ജില്ലയിലുടനിളം ഇത്തരത്തിലുള്ള കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായാണ്​ വിവരം. ഈ സാഹചര്യത്തിൽ വ്യാജ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കലക്ടര്‍ ഷീബ ജോര്‍ജ് പറഞ്ഞു. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയകേന്ദ്രങ്ങളില്‍ പൊതുജനങ്ങള്‍ സമര്‍പ്പിക്കുന്ന രേഖകള്‍ സുരക്ഷിതമാണ്. എന്നാല്‍, വ്യാജ ഓണ്‍ലൈന്‍ കേന്ദ്രങ്ങളില്‍ നല്‍കുന്ന വ്യക്തിഗത വിവരങ്ങളും രേഖകളും ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്​. ഇവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള നിര്‍ദേശം ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകള്‍ക്കും കലക്ടർ നൽകിയിട്ടുണ്ട്​. പൊതുജനങ്ങള്‍ വ്യക്തിഗത വിവരങ്ങളുമായി അപേക്ഷിക്കാന്‍ പോകുന്ന കേന്ദ്രങ്ങള്‍ യഥാർഥ അക്ഷയ കേന്ദ്രങ്ങളാണോ എന്ന് ഉറപ്പുവരുത്തണം. സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കാന്‍ അംഗീകാരം ഉണ്ടെന്ന വ്യാജേന പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ കേന്ദ്രങ്ങളില്‍ ഇ-ഡിസ്ട്രിക്ട് ഉള്‍പ്പെടെ സേവനങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ ചെയ്യുന്നില്ലെന്ന് താലൂക്ക് തഹസില്‍ദാര്‍മാര്‍ ഉറപ്പുവരുത്തി നടപടിയെടുക്കാനും കലക്ടര്‍ നിര്‍ദേശം നല്‍കി. പുതിയ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ക്ക് അനുമതി നല്‍കുമ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കിയ ലൈസന്‍സില്‍ പരാമര്‍ശിച്ച സേവനങ്ങള്‍ മാത്രമാണോ നല്‍കുന്നത് എന്നും പരിശോധിക്കണം. ലൈസന്‍സ് നല്‍കുമ്പോള്‍ അക്ഷയക്ക്​ സമാനമായ പേര്, കളര്‍കോഡ് എന്നിവ ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പുവരുത്തണം. മിക്ക ഓണ്‍ലൈന്‍ കേന്ദ്രങ്ങളും ഡി.ടി.പി ജോലി, ഫോട്ടോസ്റ്റാറ്റ് എന്നീ സേവനങ്ങള്‍ നൽകാൻ ലൈസന്‍സ് വാങ്ങിയതിനുശേഷം വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ സ്വകാര്യ ഐ.ഡി ഉപയോഗിച്ച് പൊതുജനങ്ങള്‍ക്ക് വാണിജ്യാടിസ്ഥാനത്തില്‍ നല്‍കുന്നതായി സംരംഭകര്‍ പരാതിപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രവണതകള്‍ തടഞ്ഞ് നടപടിയെടുക്കാനാണ്​ തദ്ദേശ സെക്രട്ടറിമാര്‍ക്ക് കലക്ടർ നിര്‍ദേശം നല്‍കിയിരിക്കുന്നത്​. വിവിധ സര്‍ക്കാര്‍- സര്‍ക്കാറിതര ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കാന്‍ പഞ്ചായത്തിലെ നിലവിലെ കേന്ദ്രങ്ങള്‍ അപര്യപ്തമാണെങ്കില്‍ പുതിയ അക്ഷയ കേന്ദ്രങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് ജില്ല ഇ-ഗവേണന്‍സ് സൊസൈറ്റിയിലേക്ക് കത്ത് നല്‍കിയാല്‍ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി പുതിയ അക്ഷയ കേന്ദ്രങ്ങള്‍ അനുവദിക്കുമെന്നും കലക്ടർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.