ബേഡ്‌മെട്ട് മാലിന്യപ്ലാന്റിൽ തീപിടിത്തം

നെടുങ്കണ്ടം: ബേഡ്‌മെട്ട് മാലിന്യ പ്ലാന്റിലും പാറപുറമ്പോക്കിലും തീപിടിച്ചു. നെടുങ്കണ്ടം പഞ്ചായത്ത് നാലാം വാര്‍ഡിലാണ് ബേഡ്‌മെട്ട് മാലിന്യ സംസ്‌കരണ പ്ലാന്റ്. പ്ലാസ്റ്റിക് അടങ്ങിയ മാലിന്യം കുമിഞ്ഞുകൂടിക്കിടക്കുന്നിടത്താണ് തീപിടിച്ചത്. മാലിന്യ പ്ലാന്റിന് താഴെ പാറയില്‍ ഉണക്കപ്പുല്ലിന് അജ്ഞാതർ തീയിട്ടത് തെറിച്ചുവീണാണ് പ്ലാന്റിന് തീപിടിച്ചതെന്നാണ്​ കരുതുന്നത്​. നെടുങ്കണ്ടത്തുനിന്ന്​ അഗ്നിരക്ഷാസേനയുടെ രണ്ട് വാഹനങ്ങളിലും പഞ്ചായത്ത് വാഹനത്തിലും വെള്ളമെത്തിച്ച് മണിക്കുറോളം ശ്രമിച്ച ശേഷമാണ് നിയന്ത്രണ വിധേയമായത്​. പത്തടിയോളം താഴ്ചയില്‍ കുമിഞ്ഞുകൂടിക്കിടക്കുന്ന മാലിന്യ കൂമ്പാരത്തിനാണ് തീപിടിച്ചത്. അടിച്ചോ വെള്ളമൊഴിച്ചോ കെടുത്താന്‍ പറ്റാത്ത രീതിയില്‍ തീയും പ്ലാസ്റ്റിക് കത്തിയ പുകയും സമീപവാസികള്‍ക്കും അഗ്നിരക്ഷാ സേനാംഗങ്ങള്‍ക്കും ഏറെ ബുദ്ധിമുട്ട്​ സൃഷ്ടിച്ചു. പ്ലാസ്റ്റിക് മണ്ണിട്ട്​ മൂടിയിരിക്കുന്നതിനാല്‍ തീ പൂർണമായും അണക്കാന്‍ കഴിഞ്ഞിട്ടില്ല. താഴെ സ്വകാര്യ എസ്‌റ്റേറ്റിനും തീപിടിച്ചു. എസ്‌റ്റേറ്റ് പുറമ്പോക്കില്‍ അജ്ഞാതർ തീയിട്ടതാണ് കാരണമായി പറയുന്നത്. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന്‍ ചന്ദ്രകാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അണക്കാന്‍ എത്തിയത്. നിലവില്‍ നാലാം തവണയാണ് ബേഡ്‌മെട്ടില്‍ തീപിടിക്കുന്നത്​. 17ാം വാര്‍ഡിലെ മൈനര്‍സിറ്റി കമ്യൂണിറ്റി ഹാളിന് സമീപത്തും വ്യാഴാഴ്ച തീപിടിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.