രാജാക്കാടിനെ വീണ്ടും വലിയകണ്ടമാക്കാൻ കര്‍ഷക കൂട്ടായ്മ

നെടുങ്കണ്ടം: തരിശുപാടങ്ങള്‍ വിളനിലമാക്കി രാജാക്കാടിനെ വീണ്ടും വലിയകണ്ടമാക്കാന്‍ നെല്‍മണി കര്‍ഷക കൂട്ടായ്മ. നെല്‍പാടങ്ങള്‍ പടിയിറങ്ങിയ രാജാക്കാട്ട്​ നെല്‍കൃഷി തിരിച്ചെത്തിക്കുന്നതിനുള്ള ശ്രമത്തിലാണ്​. പാട്ടത്തിനെടുത്ത പാടത്ത് നടത്തിയ കൃഷിയില്‍ ഇത്തവണയും നൂറുമേനി വിളവാണ് ലഭിച്ചത്. ഹൈറേഞ്ചിലെ കുടിയേറ്റ ഗ്രാമങ്ങളിലൊന്നായ രാജാക്കാടിനെ വലിയകണ്ടമെന്നാണ് പഴമക്കാര്‍ വിശേഷിപ്പിച്ചിരുന്നത്. ഒരു കാലത്ത്് ഇവിടെ എല്ലാ മേഖലയിലും നെല്‍പാടങ്ങളാല്‍ സമ്പന്നമായിരുന്നതിനാലാണ് ഈ പേര് ലഭിച്ചത്. എന്നാല്‍, പിന്നീട് ഇവിടെ നിന്ന്​ നെല്‍കൃഷി കൂട്ടത്തോടെ പടിയിറങ്ങി ചെറിയകണ്ടമെന്ന് പോലും വിശേഷിപ്പിക്കാന്‍ കഴിയാതെ നെല്‍കൃഷി നാമമാത്രമായി. 110 ഹെക്ടര്‍ ഉണ്ടായിരുന്ന പാടശേഖരം പത്ത് ഹെക്ടറില്‍ താഴെയായി ചുരുങ്ങിയ സാഹചര്യത്തിലാണ് നെല്‍കൃഷിയുടെ പ്രാധാന്യവും നെല്‍വയലുകള്‍ സംരക്ഷിക്കപ്പെടേണ്ട ആവശ്യകതയും പുതിയ തലമുറക്ക് പകര്‍ന്നു നല്‍കി നെല്‍മണി കൂട്ടായ്മ രംഗത്തെത്തിയത്. വ്യാപാരികള്‍, ഓട്ടോ തൊഴിലാളികള്‍ അടക്കം വിവിധ മേഖലകളിലെ പതിനഞ്ചോളം പുരുഷന്മാരാണ്​ സംഘത്തില്‍ ഉള്ളത്. ഇത്തവണ രണ്ടേക്കര്‍ പാടത്ത് നടത്തിയ കൃഷിയില്‍ മികച്ച് വിളവാണ് ലഭിച്ചത്. നെല്‍കൃഷി പുനരാരംഭിക്കുന്ന ഘട്ടത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വേണ്ട സഹായം ചെയ്യാമെന്ന് പറഞ്ഞ പഞ്ചായത്ത് അധികൃതര്‍ പിന്നീട്​ തിരിഞ്ഞുനോക്കിയില്ല. വരും വര്‍ഷങ്ങളിലും കൂടുതല്‍ പാടങ്ങളില്‍ കൃഷിയിറക്കാനുള്ള തയാറെടുപ്പിലാണ് കൂട്ടായ്മ. നെല്‍കര്‍ഷകര്‍ക്ക് വേണ്ട രീതിയിലുള്ള സര്‍ക്കാര്‍ സഹായം ലഭ്യമാക്കി പ്രോത്സാഹനം നല്‍കിയാല്‍ കൂടുതല്‍ കര്‍ഷകരെ നെല്‍കൃഷിയിലേക്ക് തിരികെ എത്തിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് രാജാക്കാട്ടുകാര്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.