വെടിയുതിർന്ന്​ പരിക്കേറ്റ സംഭവം; പ്രതികൾ റിമാൻഡിൽ

തൊടുപുഴ: നാടൻ തോക്കുമായി വനത്തിൽ പോയ സംഘത്തിലെ രണ്ടുപേർക്ക്​ വെടിയുതിർന്ന്​ പരിക്കേറ്റ സംഭവത്തിൽ പ്രതികളെ റിമാൻഡ്​ ചെയ്​തു. വെണ്ണിയാനി സ്വദേശികളായ കൈപ്ലാംതോട്ടത്തില്‍ അനി (30), കുരുവിപ്ലാക്കല്‍ മധു (40), വാദ്യംകാവില്‍ രതീഷ് (30) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ ഇവരെ കസ്​റ്റഡിയിൽ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്ന് കരിമണ്ണൂര്‍ സി.ഐ കെ.ഷിജി പറഞ്ഞു. വ്യാഴാഴ്​ച രാവിലെ മലയിഞ്ചിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയതിന്​ ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. പരിക്കേറ്റ് കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ഉടുമ്പന്നൂര്‍ തടിവെണ്ണിയാനിയില്‍ മനോജ് (30), പാച്ചുപതിയ്ക്കല്‍ മുകേഷ് (32) എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സുഹൃത്തുക്കളും ബന്ധുക്കളുമടങ്ങുന്ന അഞ്ചംഗ സംഘമാണ് ബുധനാഴ്ച പുലര്‍ച്ച നായാട്ടിനായി പോയത്. നടന്നു പോകുന്നതിനിടെ കാല്‍വഴുതി വീണപ്പോള്‍ അബദ്ധത്തില്‍ വെടി പൊട്ടിയെന്നാണ് അറസ്​റ്റിലായവർ നല്‍കിയ മൊഴി. പ്രതികള്‍ ഒളിപ്പിച്ചിരുന്ന രണ്ട് നാടന്‍ തോക്കുകളും ​െപാലീസ് കണ്ടെടുത്തിരുന്നു. പ്രതികള്‍ക്കെതിരെ വധശ്രമത്തിനും ലൈസന്‍സ് ഇല്ലാതെ തോക്ക് കൈവശം ​െവച്ചതിനുമാണ് കേസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.