നഗ്​ന ശരീരത്തിൽ ചിത്രം വരച്ച്​ പ്രചരിപ്പിച്ച കേസ്​; രഹ്​ന ഫാത്തിമക്ക്​ ജാമ്യം

കൊച്ചി: നഗ്‌ന ശരീരത്തിൽ പ്രായപൂർത്തിയാകാത്ത മക്കളെ കൊണ്ട്​ ചിത്രം വരപ്പിച്ച്​ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച കേസില്‍ രഹ്​ന ഫാത്തിമക്ക്​ ഉപാധികളോടെ ജാമ്യം. രണ്ടാൾ ഉറപ്പിലും 25,000 രൂപയുടെ ബോണ്ടിലുമാണ്​ എറണാകുളം അഡീഷനൽ സെഷൻസ്​ (പോസ്‌കോ) കോടതി ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്​ചയും സൗത്ത്​ സ്​റ്റേഷനിൽ അന്വേഷണ ഉദ്യോഗസ്​ഥൻ മുമ്പാകെ ഹാജരാവണമെന്ന വ്യവസ്​ഥ നിഷ്​കർഷിച്ചിട്ടുണ്ട്​. സമാന കുറ്റകൃത്യങ്ങൾ ഇനി ആവർത്തിക്കരുതെന്നും നിർദേശമുണ്ട്​. കുട്ടികളെ കൊണ്ട്​ വരപ്പിച്ച ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച്​ വാണിജ്യവത്​കരിക്കുകയാണ്​ ചെയ്​തതെന്ന്​ ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ജാമ്യത്തെ എതിർത്തെങ്കിലും കോവിഡ്​ സാഹചര്യം കണക്കിലെടുത്ത്​ ജാമ്യം നൽകുകയായിരുന്നു. നേരത്തേ കേസുമായി ബന്ധപ്പെട്ട് രഹ്​ന സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹരജികൾ സുപ്രീം കോടതിയും ഹൈകോടതിയും തള്ളിയതിനെത്തുടർന്ന്​ ഇവർ എറണാകുളം സൗത്ത്​ സ്​റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. പൊലീസ്​ ഇവരുടെ പനമ്പിള്ളി നഗറിലെ വീട്ടിൽനിന്ന്​ മൊബൈലും ലാപ്​ടോപും കസ്​റ്റഡിയിലെടുത്തിരുന്നു. ജുഡീഷ്യൽ കസ്​റ്റഡിയിൽ റിമാൻഡ്​​ ചെയ്​ത്​ തൃശൂരിലെ ക്വാറ​​ൻറീൻ കേന്ദ്രത്തിലേക്ക്​ അയച്ചതിനെത്തുടർന്നാണ്​ ഇവർ ജാമ്യം തേടി കോടതിയെ സമീപിച്ചത്​. വിഡിയോ യൂട്യൂബിൽ പോസ്​റ്റ്​ ചെയ്​തതിന്​ പിന്നാലെ സംസ്​ഥാന സൈബർ ഡോം റിപ്പോർട്ട്​ ചെയ്​തതിനെത്തുടർന്നാണ്​ സൗത്ത്​ പൊലീസ്​ കേസെടുത്തത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.