ദുരിതത്തിരമാലക്ക് ശമനമില്ല: കണ്ണീർക്കടലിൽ തീരവാസികൾ

ആറാട്ടുപുഴ: കൂറ്റൻ കല്ലുകൾ തെറിപ്പിക്കുന്ന ഭീകര തിരമാലകൾക്ക് മുന്നിൽ നിസ്സഹായരായി നിൽക്കുകയാണ് തീരവാസികൾ. നാളിതുവരെയില്ലാത്ത കടലാക്രമണത്തി​ൻെറ ദുരിതം പേറുകയാണ് ആറാട്ടുപുഴ നിവാസികൾ. മണൽ ചാക്ക് അടുക്കിയും മണൽ കൂട്ടിവെച്ചും കിടപ്പാടം സംരക്ഷിക്കാൻ പാടുപെടുകയാണ് ഒട്ടേറെ കുടുംബങ്ങൾ. കടൽഭിത്തിയും കടന്നെത്തുന്ന തിരക്ക് ഈ പ്രതിരോധങ്ങൾ നിസ്സാരമാണെങ്കിലും ഉള്ളതെല്ലാം വിറ്റുപെറുക്കിയും കടം വാങ്ങിയും അവസാന ശ്രമം നടത്തുകയാണവർ. വീട്ടിലേക്ക് കടലിരച്ച് കയറുന്നത് കണ്ടുനിൽക്കാൻ കഴിയാത്തതിനാൽ പലരും വീടൊഴിഞ്ഞു. റോഡുകൾ തകർന്നതിനാൽ ഗതാഗതവും താറുമാറായി. വെള്ളം കെട്ടിനിൽക്കുന്നതുമൂലം ദുരിതം പേറുന്നവർ വേറെ. പട്ടിണിയും പരിവട്ടവുമായി കഴിയുന്ന തീരവാസികൾക്ക് താങ്ങാനാകാത്ത ദുഃഖമാണ് കടലാക്രമണം സമ്മാനിക്കുന്നത്. ഞായറാഴ്ച ആറാട്ടുപുഴയുടെ വടക്കൻ ഭാഗങ്ങളിൽ തിരയടിച്ച് കയറുന്നത് കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കുറവായിരുന്നെങ്കിലും ബസ്​ സ്​റ്റാൻഡ്​ മുതൽ തെക്കോട്ടുള്ള ഭാഗങ്ങളിൽ ഒരു ശമനവും ഉണ്ടായില്ല. റോഡിൽ വന്നുപതിക്കുന്ന കൂറ്റൻ തിരമാലകൾ കിഴക്കോട്ട് ഒഴുകി സമീപത്തെ വീട്ടുകാർക്ക് തീരാദുരിതം തീർത്തു. റോഡിൽ ചിതറി കിടക്കുന്ന കടൽഭിത്തിയുടെ കൂറ്റൻ കല്ലുകൾ ഇവിടെ ആഞ്ഞടിക്കുന്ന തിരമാലയുടെ ശക്തി ബോധ്യപ്പെടുത്തും. തൃക്കുന്നപ്പുഴ-വലിയഴീക്കൽ റോഡ് ബസ്​ സ്​റ്റാൻഡ്​ ഭാഗത്ത് നാശത്തി​ൻെറ വക്കിലാണ്. അരികുകൾ ഒലിച്ച് പോകുകയും റോഡ് പലയിടത്തും പൊട്ടിപ്പൊളിഞ്ഞ് വലിയ ഗർത്തങ്ങൾ രൂപപ്പെടുകയും ചെയ്തു. കൂടാതെ റോഡി​ൻെറ പലഭാഗത്തും മണ്ണ് ഒലിച്ചുപോയി അടിഭാഗം പൊള്ളയായിട്ടുണ്ട്. മുകളിലെ ടാർ ഭാഗം നോക്കി വാഹനങ്ങൾ കടന്നുപോകുമ്പോൾ വലിയ അപകടത്തിന് കാരണമാകും. ഇവിടെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റോഡിന് പടിഞ്ഞാറ് ഭാഗത്ത് കടൽവെള്ളം കെട്ടിനിന്നുള്ള ദുരിതം ഏറെയാണ്. അരക്കുമുകളിൽ വെള്ളമാണ് അധികസ്ഥലത്തുമുള്ളത്. റവന്യൂ അധികൃതർ മോട്ടോർ വാടകക്ക് എടുത്ത് നൽകി വെള്ളം കടലിലേക്ക് തന്നെ പമ്പ് ചെയ്ത് കളയാനുള്ള ശ്രമങ്ങൾ ചിലയിടത്ത് നടക്കുന്നുണ്ട്. മൂന്നാഴ്ചക്കുള്ളിൽ നിരവധി തവണയാണ് ആളുകൾ വീടും പരിസരവും വൃത്തിയാക്കിയത്. തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പതിയാങ്കര, പാനൂർ ഭാഗങ്ങളിലും കടൽക്ഷോഭം ദുരിതംതീർത്തു. ഇവിടെയുള്ള നിരവധി കുടുംബങ്ങളെ പതിയാങ്കര ഷംസുൽ ഉലമ കോളജിൽ ആരംഭിച്ച ക്യാമ്പിലേക്ക് മാറ്റി. ചിത്രം: APG51 Veedu -ദുർബലമാകുന്ന പ്രതിരോധം... കടലാക്രമണത്തെ ചെറുക്കാൻ വീടിന് ചുറ്റും തീർത്ത മണൽതിട്ട തിരയടിച്ച്​ ദുർബലമായപ്പോൾ ചിത്രം: APG52 Road -റോഡിനടിയിലെ മണ്ണ് ഒലിച്ചുപോയ ഭാഗത്ത് അപകട സൂചന നൽകാൻ താൽക്കാലിക സംവിധാനമൊരുക്കുന്ന നാട്ടുകാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.