കടൽ വീണ്ടും പ്രക്ഷുബ്​ധം: ആറാട്ടുപുഴയിലും തൃക്കുന്നപ്പുഴയിലും കനത്ത നാശം

ആറാട്ടുപുഴ: രണ്ടാഴ്ചത്തെ ഇടവേളക്കുശേഷം കടൽ വീണ്ടും പ്രക്ഷുബ്​ധമായത് തീരവാസികളെ കടുത്ത ദുരിതത്തിലാക്കി. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചാത്തുകളുടെ തീരങ്ങളിൽ കടൽക്ഷോഭം വലിയ നാശം വിതച്ചു. ആറാട്ടുപുഴ പഞ്ചായത്തിലെ പെരുമ്പള്ളി, വട്ടച്ചാൽ, കള്ളിക്കാട്, ബസ്​ സ്​റ്റാൻഡ്​, എം.ഇ.എസ് ജങ്ഷൻ, കാർത്തിക ജങ്​ഷൻ, തൃക്കുന്നപ്പുഴ പഞ്ചായത്തിലെ മതുക്കൽ, പള്ളിപ്പാട്ട് മുറി മുതൽ പാനൂർ പള്ളിമുക്ക് വരെയും പല്ലന ഹൈസ്കൂൾ ജങ്​ഷന് പടിഞ്ഞാറ് ഭാഗത്തുമാണ് കടൽക്ഷോഭം വലിയ ദുരിതം വിതച്ചത്. തീരത്തേക്ക് ശക്തിയോടെ അടിച്ചുകയറിയ തിരമാല തീരദേശ റോഡ് കവിഞ്ഞ് കിഴക്കോട്ട് പ്രവഹിച്ചു. നിരവധി വീടുകളിൽ വെള്ളം കയറി. വളർത്തുമൃഗങ്ങളും കോഴികളും തിരയിൽപെട്ട് ഒഴുകി. കടലിൽനിന്ന് ഏറെ അകലെയുള്ള വീടുകളുടെ പരിസരം വെള്ളക്കെട്ടായി മാറി. വെള്ളം ഒഴുക്കിവിടാൻ മാർഗമില്ലാത്ത വീട്ടുകാർക്കിത് കടുത്ത ദുരിതമായി. ആറാട്ടുപുഴ ബസ്​ സ്​റ്റാൻഡ്​ മുതൽ കള്ളിക്കാട് എ.കെ.ജി നഗർ വരെയുള്ള ഭാഗത്ത് കാൽനടപോലും പറ്റാത്ത അവസ്ഥയായിരുന്നു. റോഡിലേക്ക് പതിക്കുന്ന തിരമാലകൾ റോഡിലൂടെ സഞ്ചരിച്ച നിരവധി ഇരുചക്രവാഹനങ്ങളിലെ യാത്രക്കാർ തിരയിൽപെട്ട് മറിഞ്ഞുവീണു. കടലിനോട് അടുത്ത് നിൽക്കുന്ന വീടുകളും കടകളും അപകട ഭീഷണിയിലാണ്. തിരമാല പതിച്ച് ഇവയുടെ ചുവരുകൾക്ക് വിള്ളൽ വീണു. അപകടാവസ്ഥ കൂടുതലുള്ള സ്ഥലങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ കടൽക്ഷോഭ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കുമെന്ന പ്രഖ്യാപനങ്ങൾ വെറുംവാക്കായി മാറി. നല്ലാണിക്കൽ ഭാഗത്ത് മണൽച്ചാക്ക്​ അടുക്കി തീരം സംരക്ഷിക്കുന്ന പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുന്നത് ഈ ഭാഗത്ത് ഗുരുതര നാശത്തിന് ഇടയാക്കുമെന്ന് നാട്ടുകാർ പറയുന്നു. ചിത്രം: APG50 Kadal Vellam -ആറാട്ടുപുഴ ബസ്​ സ്​റ്റാൻഡ്​ ഭാഗത്ത് കടൽവെള്ളം വീട്ടുവളവിലേക്ക് ഇരച്ചുകയറുന്നു ചിത്രം: APG51 Theeradesa Road -എം.ഇ.എസ് ജങ്​ഷൻ ഭാഗത്ത് തീരദേശ റോഡ് മണ്ണിനടിയിലായ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.