മഹാമാരിയുടെ പിടിയിലാണെങ്കിലും ഉപരിപഠന ലക്ഷ്യത്തി​േലക്ക്​ അവർ പരീക്ഷ എഴുതി

അമ്പലപ്പുഴ/കായംകുളം: മഹാമാരിയുടെ പിടിയിലാണെങ്കിലും ഉന്നത പഠനമെന്ന ലക്ഷ്യം നേടാൻ അവർ പരീക്ഷ എഴുതി. നിരീക്ഷ​കന്​ ഉത്തരക്കടലാസുകൾ കൈമാറുമ്പോൾ അവരിൽ തിളങ്ങിയത് പ്രതീക്ഷയുടെ വെളിച്ചം. ആശങ്കകളില്ലാതെ കീം പ്രവേശന പരീക്ഷ എഴുതിയതി​ൻെറ സംതൃപ്തിയിലാണ്​ കായംകുളം സ്വദേശികളായ രണ്ട് ആൺകുട്ടികൾ. കറ്റാനത്തുകാരനായ 18കാരൻ പരീക്ഷ എഴുതാൻ കുവൈത്തിൽനിന്ന്​ ജൂൺ 24നാണ് നാട്ടിലെത്തിയത്. മാതാപിതാക്കൾക്ക് വരാൻ കഴിയാത്തതിനാൽ 14കാരിയായ സഹോദരിയാണ് കൂട്ടിനുണ്ടായിരുന്നത്. ക്വാറൻറീൻ കാലയളവിൽ തോന്നിയ അസ്വസ്ഥതകളെ തുടർന്ന് കഴിഞ്ഞ ആറിന് സ്രവപരിശോധനക്ക് വിധേയരായി. 12ന് ഇരുവർക്കും രോഗം സ്ഥിരീകരിച്ചു. യു. പ്രതിഭ എം.എൽ.എയും പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ നികേഷ് തമ്പിയും നടത്തിയ ഇടപെടലാണ് പരീക്ഷ എഴുതാൻ ​സഹായകമായത്. മെഡിസിൻ പഠനമോഹവുമായി എൻട്രൻസ് കോച്ചിങ് പൂർത്തിയാക്കിയെങ്കിലും കോവിഡ് മൂലം പരീക്ഷ എഴുതാനാകില്ലെന്ന ആശങ്കയിലായിരുന്നു ഇവർ. എന്നാൽ, പരീക്ഷ എഴുതാനുള്ള സൗകര്യം കൊറോണ വാർഡിൽതന്നെ ഒരുക്കാൻ സർക്കാർ നടപടിയായതോടെ ഉയരങ്ങൾ കീഴടക്കാനുള്ള ചവിട്ടുപടികൾ ഇവർക്ക് തുറന്നുകിട്ടി. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രത്യേകം സജ്ജീകരിച്ച മുറിയിലായിരുന്നു പ്രവേശന പരീക്ഷ. ഒരാൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ കുറച്ചുദിവസമായി കോവിഡ്​ പരിചരണത്തിലാണ്. എൽമെക്സ് ആശുപത്രിയിൽ കഴിയുകയായിരുന്ന മറ്റൊരാളെ പരീക്ഷ എഴുതിക്കാൻ വ്യാഴാഴ്ച രാവിലെയാണ് ഇവിടെ എത്തിച്ചത്. നഴ്സിങ് വിഭാഗം നോഡൽ ഓഫിസറും മെഡിക്കൽ കോളജ് നഴ്സിങ് സൂപ്രണ്ടുമായ രേവമ്മക്കായിരുന്നു പരീക്ഷ നിയന്ത്രണ ചുമതല. ഡെപ്യൂട്ടി സൂപ്രണ്ട്​ ഡോ. അബ്​ദുസ്സലാം പ്രവർത്തനങ്ങൾക്ക്​ നേതൃത്വം നൽകി. മൂന്നാം വാർഡിൽ തയാറാക്കിയ മുറിയിലായിരുന്നു പരീക്ഷ. ഭക്ഷണവും കുടിവെള്ളവും മുറിക്കുള്ളിൽ എത്തിച്ചുനൽകി. ഉത്തരക്കടലാസുകൾ അണുമുക്തമാക്കിയതിനുശേഷം പ്രത്യേക കവറുകളിലാക്കിയാണ് പുറത്തേക്ക് കൈമാറിയത്. പരീക്ഷക്ക് ശേഷം കായംകുളത്തുനിന്നു കൊണ്ടുവന്ന കുട്ടിയെ തിരികെ എൽമെക്സ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.