മന്ത്രിമാർക്കും ചീഫ് വിപ്പിനുംകൂടി 362 പേഴ്സനൽ സ്റ്റാഫ്; ശമ്പളത്തിന്​ വേണ്ടത് ചുരുങ്ങിയത് 1.42 കോടി

കൊച്ചി: കേരളത്തിൽ മുഖ്യമന്ത്രിയടക്കം 21 മന്ത്രിമാർക്കും ഒരു ചീഫ് വിപ്പിനുംകൂടി നിയമിതരായ പേഴ്സനൽ സ്റ്റാഫിന്‍റെ എണ്ണം 362. കഴിഞ്ഞ ഡിസംബർ വരെയുള്ള പൊതുഭരണ വകുപ്പിന്‍റെ രേഖകൾ പ്രകാരം മന്ത്രിമാരും ചീഫ് വിപ്പും നേരിട്ട് നിയമിച്ചവരുടെ കണക്കുകളാണിത്. ചില മന്ത്രിമാർക്കുള്ള അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിമാർ സർക്കാർതല ഡെപ്യൂട്ടേഷനിൽ വേറെയുമുണ്ട്. നേരിട്ട് നിയമനം നടത്തിയവരുടെ കുറഞ്ഞ ശമ്പളം 23,000-50,200 രൂപ എന്ന ഘടനയിലും കൂടിയ ശമ്പളം 1,07,800-1,60,000 എന്ന രൂപത്തിലുമാണെന്ന് കൊച്ചിയിലെ പ്രോപ്പർ ചാനൽ സംഘടന പ്രസിഡന്‍റ്​ എം.കെ. ഹരിദാസിന് ലഭിച്ച വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നു. 326 പേർക്ക് അടിസ്ഥാന ശമ്പളം നൽകാൻ പ്രതിമാസം 1.42 കോടി രൂപയാണ് ചെലവ്. കൂടാതെ ഏഴ് ശതമാനം ഡി.എ, 10 ശതമാനം എച്ച്.ആർ.എ എന്നിവയുമുണ്ടാകും. ശമ്പളത്തിന് പുറമെ മെഡിക്കൽ റീഇമ്പേഴ്​സ്​മെന്‍റ്​ ആനുകൂല്യവുമുണ്ട്. കുറഞ്ഞത് രണ്ട് വർഷം സേവനമുള്ളവർക്ക് പേഴ്സനൽ സ്റ്റാഫ് പെൻഷനും അർഹതയുണ്ട്. 70,000 രൂപ വരെ ശമ്പളമുള്ളവർക്ക് ഗ്രേഡ് അടിസ്ഥാനത്തിൽ ഫസ്റ്റ് ക്ലാസ് എ.സി, സെക്കൻഡ് ക്ലാസ് എ.സി ട്രെയിൻ ടിക്കറ്റ്​ നിരക്കും 77,000 രൂപക്ക് മുകളിൽ ശമ്പളമുള്ളവർക്ക് വിമാനയാത്ര നിരക്കും ലഭിക്കും. ഏറ്റവും ഉയർന്ന ശമ്പളം പ്രൈവറ്റ് സെക്രട്ടറിക്കും അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിക്കുമാണ് -1,07,800- 1,60,000. കുറഞ്ഞ ശമ്പളം പാചകക്കാരനാണ് -23,000-50,200. ഏറ്റവുമധികം പേഴ്സനൽ സ്റ്റാഫുള്ളത് മുഖ്യമന്ത്രിക്കാണ്, 26 പേർ. തൊട്ടുപിറകിൽ 19 വീതം പേഴ്സനൽ സ്റ്റാഫുള്ള പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ചീഫ് വിപ്പ് എൻ. ജയരാജ് എന്നിവരാണ്. ഗതാഗതമന്ത്രി ആന്‍റണി രാജു-18, സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ, റവന്യൂ മന്ത്രി കെ. രാജൻ, മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി, മ്യൂസിയം മന്ത്രി അഹമ്മദ് ദേവർകോവിൽ, പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു എന്നിവർക്ക് 17 വീതം പേഴ്സനൽ സ്റ്റാഫ് അംഗങ്ങളുണ്ട്. കായികമന്ത്രി വി. അബ്ദുറഹ്മാൻ, തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദൻ, ഫിഷറീസ് മന്ത്രി സജി ചെറിയാൻ, ആരോഗ്യമന്ത്രി വീണ ജോർജ്, പട്ടികജാതി പട്ടികവർഗ മന്ത്രി കെ. രാധാകൃഷ്ണൻ എന്നിവർക്ക് 16 വീതമാണ് പേഴ്സനൽ സ്റ്റാഫ്. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ, സഹകരണമന്ത്രി വി.എൻ. വാസവൻ, കൃഷിമന്ത്രി പി. പ്രസാദ് എന്നിവർക്ക് 15 വീതവും ധനമന്ത്രി കെ.എൻ. ബാലഗോപാൽ, വനം മന്ത്രി എ.കെ. ശശീന്ദ്രൻ എന്നിവർക്ക് 13 വീതവുമാണ് പേഴ്സനൽ സ്റ്റാഫ്. 12 പേഴ്സനൽ സ്റ്റാഫ് അംഗങ്ങളുള്ള വ്യവസായമന്ത്രി പി. രാജീവിനാണ് ഏറ്റവും കുറവ്. പ്രതിപക്ഷ നേതാവിന് 16 പേരാണ് പേഴ്സനൽ സ്റ്റാഫായിട്ടുള്ളത്. ഷംനാസ് കാലായിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.