ഇടപ്പള്ളി-മൂത്തകുന്നം ദേശീയപാത ; വിതരണം ചെയ്തത് 344.39 കോടി

കൊച്ചി: ദേശീയപാത 66 ആറുവരിപ്പാതയായി വികസിപ്പിക്കുന്ന പദ്ധതിയില്‍ ജില്ലയുടെ പരിധിയിലെ ഇടപ്പള്ളി - മൂത്തകുന്നം റീച്ചിൽ സ്ഥലമെടുപ്പ് മുന്നേറുന്നു. 24 കിലോമീറ്റർ റോഡ് ആറുവരിയാക്കുന്നതിനായി ഏറ്റെടുക്കുന്ന 30.47 ഹെക്ടർ ഭൂമിയിൽ 5.31 ഹെക്ടർ ഭൂമിക്കുള്ള നഷ്ടപരിഹാരമായി ഇതിനകം 344.39 കോടി രൂപ കൈമാറിയതായി അധികൃതർ അറിയിച്ചു. 1139.93 കോടി രൂപയാണ് സ്ഥലമെടുപ്പിനായി ദേശീയപാത അതോറിറ്റി അനുവദിച്ചിരിക്കുന്നത്. ഭൂരേഖാപരമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന മുറയ്ക്കാണ് സ്ഥലം ഏറ്റെടുക്കുന്നത്. സ്ഥലമെടുപ്പ് നടപടികള്‍ വേഗത്തിലാക്കുന്നതിന് റോഡ് കടന്നുപോകുന്ന വില്ലേജുകളിൽ സ്ഥലമുടമകള്‍ക്ക് രേഖകള്‍ ഹാജരാക്കുന്നതിനും രേഖാപരമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും പ്രത്യേക അദാലത്തുകള്‍ സംഘടിപ്പിച്ചിരുന്നു. ഇടപ്പള്ളി നോ‍ർത്ത് വില്ലേജിൽ കാറ്റഗറി എയില്‍ വരുന്ന ഭൂമിക്കാണ് ഏറ്റവും കൂടിയ തുക നഷ്ടപരിഹാരമായി ലഭിച്ചത്. ദേശീയപാത 66 വികസനത്തിന് ഏറ്റവുമധികം ഭൂമി ഏറ്റെടുത്തത് ചേരാനല്ലൂര്‍ വില്ലേജ് പരിധിയിലാണ്. ഈ ഭാഗത്തുനിന്നും 1.42 ഹെക്ടര്‍ ഭൂമിയാണ് ഇതുവരെ ഏറ്റെടുത്തത്. ഇടപ്പള്ളി വില്ലേജ് പരിധിയില്‍നിന്നും1.39 ഹെക്ടര്‍ ഭൂമിയും ഏറ്റെടുത്തു. റോഡ് വികസനത്തിന് ആദ്യം തുടക്കം കുറിക്കുന്നതും ഈ ഭാഗത്താണ്. ഇടപ്പള്ളി നോർത്ത്, ചേരാനല്ലൂർ, വരാപ്പുഴ, ആലങ്ങാട്, കോട്ടുവള്ളി, പറവൂര്‍, വടക്കേക്കര, മൂത്തകുന്നം വില്ലേജുകളിലൂടെ കടന്നുപോകുന്ന ദേശീയപാത 66 പ്രദേശത്തി‍ൻെറ സുസ്ഥിര വികസനത്തിലും ഗതാഗത സംവിധാനത്തിലും കാതലായ മാറ്റങ്ങൾ കൊണ്ട് വരുമെന്നാണ് പ്രതീക്ഷ. നിലവിൽ 10 മീറ്റർ ആണ് ദേശീയ പാതയുടെ വീതി. വർഷങ്ങൾക്ക് മുമ്പ് 30 മീറ്റർ വീതിയിൽ ഏറ്റെടുത്ത സ്ഥലത്തോട് ചേർന്ന് സ്ഥലം ഏറ്റെടുത്ത് 45 മീറ്റർ വീതിയിലേക്ക്​ വർധിപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.