നെടുമ്പാശ്ശേരിയിൽ 20 കോടിയുടെ ഹെറോയിനുമായി വിദേശി പിടിയിൽ

നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. കേപ്ടൗണിൽനിന്ന്​ ദുബൈ വഴിയെത്തിയ ടാൻസാനിയൻ സ്വദേശി മുഹമ്മദ് ആലിയിൽനിന്ന്​ 3.4 കിലോഗ്രാം ഹെറോയിനാണ് പിടികൂടിയത്. ഇ-വിസയിലാണ് ഇയാൾ എത്തിയത്. എന്നാൽ, യാത്രാരേഖകൾ ശരിയായിരുന്നില്ല. എന്തിനു വേണ്ടിയാണ് കേരളത്തിലെത്തിയതെന്നതുൾപ്പെടെ എമിഗ്രഷൻ അധികൃതരുടെ ചോദ്യത്തിന് പരസ്പരവിരുദ്ധ മറുപടികളാണ് നൽകിയത്. തുടർന്ന് ബാഗേജ് പരിശോധിക്കാൻ കസ്റ്റംസിനെ ഏൽപിച്ചു. സംശയാസ്പദമായി ഒന്നുമില്ലെന്നായിരുന്നു കസ്റ്റംസിന്റെ മറുപടി. തുടർന്ന് ഡി.ആർ.ഐ അധികൃതരെ വിളിച്ചുവരുത്തി. അവർ ബാഗേജ് വിശദമായി പരിശോധിച്ചപ്പോഴാണ് പ്രത്യേക അറയുണ്ടാക്കി ഹെറോയിൻ ഒളിപ്പിച്ചത് കണ്ടെത്തിയത്. പെട്ടെന്ന് തിരിച്ചറിയാതിരിക്കാൻ അറകൾ തുന്നിവെക്കുകയും ചെയ്തിരുന്നു. ഇത് കൊച്ചിയിൽ ആർക്കോ കൈമാറാനാണ് ലക്ഷ്യമിട്ടിരുന്നത്​. ഇയാളുമായി ബന്ധമുള്ള മറ്റുള്ളവരെ കണ്ടെത്താൻ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. കൊച്ചിയിലേക്ക് വൻതോതിൽ വിമാനമാർഗം മയക്കുമരുന്നെത്തിച്ച് ഇവിടെനിന്നും ഗോവ, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകുന്നതായി ഡി.ആർ.ഐക്ക് വിവരം ലഭിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.