ചെല്ലാനത്ത് കടൽഭിത്തി നിർമാണം ആരംഭിച്ചു

പള്ളുരുത്തി: ചെല്ലാനം തീരമേഖലയിലെ കടൽകയറ്റത്തിന് പരിഹാരമായി കടൽഭിത്തി നിർമാണം ആരംഭിച്ചു. കെ.ജെ. മാക്സി എം.എൽ.എയുടെ സാന്നിധ്യത്തിൽ ടെട്രപോഡുകൾ നിരത്തുന്ന ജോലി ആരംഭിച്ചു. തീരവാസികളും കടൽഭിത്തി നിർമാണം തുടങ്ങിയതോടെ ആശ്വാസത്തിലായി. രണ്ടുടൺ ഭാരമുള്ള ആയിരക്കണക്കിന് ടെട്രപോഡുകളാണ് തീരത്ത് സ്ഥാപിക്കാൻ തയാറാക്കി വെച്ചിരിക്കുന്നത്. സംസ്ഥാന ജലവിഭവ വകുപ്പിന്‍റെ നേതൃത്വത്തിലുള്ള നിർമാണജോലിയുടെ കരാറുകാർ ഊരാളുങ്കൽ ലേബർ കോൺട്രാക്ട്​ സഹകരണ സംഘമാണ്. ചെല്ലാനം ഹാർബർ പരിസരത്താണ് ടെട്രപോഡുകൾ നിരത്തി തുടങ്ങിയത്. രണ്ടര മീറ്ററോളം ഉയരത്തിൽ കരിങ്കല്ല് പാകിയതിന് മുകളിലായാണ് രണ്ട് ടണ്ണിന്‍റെ ടെട്രപോഡുകൾ നിരത്തിത്തുടങ്ങിയത്. അതിനുമുകളിലായി കൂടുതൽ ദൃഢതക്ക് വേണ്ടി തിരിച്ചും ടെട്രപോഡുകൾ നിരത്തും. നിലവിൽ രണ്ടു ടണ്ണിന്‍റെ 3400 ടെട്രപോഡും മൂന്നര ടണ്ണിന്‍റെ 800 ടെട്രപോഡും 14,000 ടൺ കരിങ്കല്ലും തയാറായിക്കഴിഞ്ഞു. കടൽഭിത്തി നിർമാണം ദ്രുതഗതിയിലാണെന്നും ഊരാളുങ്കലിന്‍റെ നേതൃത്വത്തിൽ പൂർണമായും മികവുറ്റ രീതിയിലാണെന്നും കെ.ജെ. മാക്സി എം.എൽ.എ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രത്യേക താൽപര്യം ചെല്ലാനം പദ്ധതിക്കുണ്ട്. ഈ മാസംതന്നെ ഔദ്യോഗിക നിർമാണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കുമെന്നും എം.എൽ.എ വ്യക്തമാക്കി. ചിത്രം: ചെല്ലാനം തീരത്ത് ടെട്രപോഡുകൾ സ്ഥാപിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.